Latest NewsIndia

നെഞ്ചുവേദന, ഡി കെ ശിവകുമാറിനെ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രിയിലെ നഴ്‌സിംഗ് ഹോമിന് സമീപത്തെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്.

ബംഗലുരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയില്‍ അറസ്റ്റ് ചെയ്ത ശിവകുമാറിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആര്‍എംഎല്‍ ആശുപത്രിയില്‍ പ്ര​ത്യേക മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശിവകുമാറിനെ ഡോക്ടര്‍മാര്‍ രാവിലെ പരിശോധിച്ച ശേഷമാകും കോടതിയില്‍ ഹാജരാക്കുക. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രിയിലെ നഴ്‌സിംഗ് ഹോമിന് സമീപത്തെ പ്രത്യേക മുറിയിലേക്ക് മാറ്റിയത്.

ഇന്നലെ വൈകിട്ട് നെഞ്ചു വേദന അനുഭവപ്പെടുകയും ഇ സിജി വേരിയേഷനും രക്തസമ്മര്‍ദ്ദവും കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നിരീക്ഷണത്തിന് വെച്ചിരുന്നു. ഇന്ന് രാവിലെയും വൈദ്യ പരിശോധന നടത്തിയ ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. ശിവകുമാറിനെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന കോണ്‍​‍ഗ്രസ് കര്‍ണാടകയില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്താനൊരുങ്ങുകയാണ്. ഇന്ന് കര്‍ണാടകയില്‍ സംസ്ഥാന വ്യാപകമായി വലിയ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

നേതാക്കള്‍ അടക്കമുള്ളവരുടെ ധര്‍ണ്ണകളും സമരങ്ങളും നടക്കും. രാത്രിയില്‍ ശിവകുമാറിന്റെ സ്വാധീന മേഖലകളില്‍ ബസിന് നേരെ കല്ലേറും പോലീസിന്റെ ലാത്തിച്ചാര്‍ജ്ജും നടന്നിരുന്നു. പ്രധാന പാതകള്‍ ഉപരോധിക്കുകയും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തിരുന്നു. പോലീസുകാരെത്തി പ്രതിഷേധക്കാരെ ലാത്തിച്ചാര്‍ജ്ജ് നടത്തി ഓടിച്ചിരുന്നു.അനധികൃതസ്വത്ത് ആരോപണത്തേത്തുടര്‍ന്ന് 2017-ല്‍ ആദായനികുതി വകുപ്പ് ശിവകുമാറിന്റെ ഡല്‍ഹിയിലും ബംഗളുരുവിലുമുള്ള വസതികളിലടക്കം റെയ്ഡ് നടത്തിയിരുന്നു.

എട്ടരക്കോടിയോളം രൂപയും വന്‍പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും കണ്ടെടുത്തു. ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. ഇ.ഡിയുടെ സമന്‍സ് റദ്ദാക്കണമെന്ന ശിവകുമാറിന്റെ ഹര്‍ജി കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടക െഹെക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണു ചോദ്യംചെയ്യലിനായി അദ്ദേഹത്തെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തിയത്.

കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കോടികളുടെ ഹവാലപ്പണം കടത്തിയെന്നാണു ശിവകുമാറിനെതിരായ ആരോപണം. ശര്‍മ ട്രാവല്‍സിന്റെ വാഹനങ്ങളിലായിരുന്നു പണം കടത്തല്‍. ശര്‍മ ട്രാവല്‍സ് ഉടമ സുനില്‍കുമാര്‍ ശര്‍മ, ഡല്‍ഹി കര്‍ണാടകഭവനിലെ ലയ്‌സണ്‍ ഓഫീസര്‍ ആഞ്ജനേയ ഹനുമന്തയ്യ, ശര്‍മ ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ എന്‍. രാജേന്ദ്ര, ബിസിനസ് പങ്കാളി സച്ചിന്‍ നാരായണ എന്നിവര്‍ പണം കടത്തലിനു ശിവകുമാറിനെ സഹായിച്ചെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി.

അടുത്തിടെ ജീവനൊടുക്കിയ കഫേ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുമായി ശിവകുമാറിന്റെ മകള്‍ ഐശ്വര്യ കോടികളുടെ ഇടപാടു നടത്തിയതിന്റെ രേഖകള്‍ ശിവകുമാറിന്റെ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് എന്‍. ചന്ദ്രശേഖറിന്റെ വസതിയില്‍നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. സിംഗപ്പുര്‍ പൗരനായ രജനീഷ് ഗോപിനാഥുമായുള്ള ഇടപാടുകളും അന്വേഷിച്ചുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button