അഞ്ജു പാര്‍വതി പ്രഭീഷ്
മലയാള സാഹിത്യതറവാടിന്റെ മുറ്റത്ത് പടര്‍ന്നു പന്തലിച്ചു തണല്‍ വിരിച്ചു നിന്നിരുന്ന പല വടവൃക്ഷങ്ങളും കാലപ്രവാഹത്തില്‍ നിലംപതിച്ചുവെങ്കിലും ആ മഹാവൃഷങ്ങള്‍ നമുക്കായി വച്ചുനീട്ടിയ ഫലങ്ങള്‍ അഥവാ അവരുടെ രചനകള്‍ ഇന്നും കാലാനുവര്‍ത്തിയായി നിലക്കൊള്ളുന്നതുക്കൊണ്ടു മാത്രമാണ് സാഹിത്യമെന്ന ശാഖയ്ക്ക് ഇന്നും പ്രസക്തമായ മാനം കേരളീയസമൂഹം നല്കുന്നത്.മാത്രവുമല്ല അവയുടെ തണലില്‍ വളര്‍ന്നുവന്ന ചില ചെറുമരങ്ങളെങ്കിലും പൂര്‍വികരുടെ പൈതൃകത്തെ എഴുത്തിലൂടെ നിലനിറുത്തി പോരുന്നതിനാൽ തന്നെ ചില എഴുത്തുകാർക്കെങ്കിലും നമ്മൾ മാന്യമായ,അവരർഹിക്കുന്ന രീതിയിലുള്ള ബഹുമാനം നല്കാനും മടിക്കാറില്ല.
എന്നിരുന്നാലും ഇത്തിള്‍ക്കണ്ണികള്‍ എന്ന സംജ്ഞ നിലനിറുത്തി പോരാന്‍ ഉതകുന്ന സാഹിത്യകാരന്മാരും സാഹിത്യകാരികളുമാണ് ഈ തറവാട്ടുമുറ്റത്ത് ഇന്ന് ഏറിയപങ്കും .നവമാധ്യമങ്ങളില്‍ പോസ്റ്റ് രൂപേണ ഇവരില്‍ ചിലര്‍ നാട്ടുന്ന വാചകങ്ങള്‍ കാണുമ്പോള്‍ സാഹിത്യമെന്ന വാക്കിനു ഇത്രയേറെ അപചയമോയെന്നു സാധാരണ ജനങ്ങള്‍ ധരിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല .ഇത്രയും പറഞ്ഞുവന്നത് നവമാധ്യമങ്ങളില്‍ വൈറല്‍ ആയ ,എഴുത്തുകാരിയെന്നു സ്വയം അവകാശപ്പെടുന്ന ഒരു സ്ത്രീയുടെ വർഗ്ഗീയ-വംശീയ വിദ്വേഷം വമിക്കുന്ന പോസ്റ്റുകളും അതിനെതിരെയുള്ള ജനരോഷത്തെയും കുറിച്ചാണ് .
ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ സ്വയം ബുദ്ധിജീവി ചമയുന്ന ഒരു വിഭാഗം നമുക്കിടയില്‍ തന്നെയുണ്ട് .ആരും ശ്രദ്ധിക്കാത്ത ഇക്കൂട്ടര്‍ മുഖപുസ്തകത്തില്‍ വിവാദമുണ്ടാക്കുന്ന തരത്തില്‍ ഏതെങ്കിലും പോസ്റ്റ് ഇട്ടുകൊണ്ട് ജനശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കും. കുപ്രസിദ്ധിയിലൂടെയെങ്കിലും വാര്‍ത്തകളില്‍ ഇടം പിടിക്കുകയെന്നതാണ് ഇപ്പോഴത്തെ ട്രെന്‍റ്. അത്തരത്തിലൊന്ന് ശ്രമിച്ചതാണ് നമ്മുടെ ഈ സാഹിത്യകാരിയും.സ്‌ത്രൈണകാമശാസ്ത്രമെന്ന ഇക്കിളി പുസ്തകമെഴുതി സ്ത്രീസമത്വം ആവിഷ്കരിക്കാൻ നോക്കിയെങ്കിലും വേണ്ടത്ര ജനശ്രദ്ധ കിട്ടിയില്ല. സ്ത്രൈണ കാമാശാസ്ത്രമെന്ന പുസ്തകത്തിലൂടെ സ്ത്രീയുടെ രതികാമനകളെ പുറത്തേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിച്ച കഥാകാരിക്ക് തന്റെ ഉള്ളിലുള്ള വൃത്തികെട്ട വംശീയ-വർഗ്ഗീയ വിദ്വേഷത്തെ അടക്കി വയ്ക്കുവാൻ കഴിഞ്ഞില്ല. താത്തമാരുടെ പേറിനെ കുറിച്ചുള്ള ആകുലതയ്ക്കിടയിൽ ലൈംഗികതയിൽ തിരുകിവച്ച സ്ത്രീവാദവും സ്ത്രീസമത്വവും അറിയാതെ ഒഴുകിപ്പോയി! വാത്സ്യായനന്റെ കാമസൂത്രത്തിനു ബദലായി രചിച്ച “സ്ത്രൈണ കാമശാസ്ത്രത്തിനു യാതൊരു ശ്രദ്ധയും സാഹിത്യലോകം കൊടുക്കാതെ വന്നതിലുള്ള കടുത്ത അപകര്‍ഷതാബോധത്തിനൊപ്പം സ്വന്തം മനസ്സിലെ വൈകൃതങ്ങളും കൂടി കൂട്ടുച്ചേർന്നപ്പോൾ എഴുത്തുകാരിയിൽ നിന്നും മലിനചിന്തകൾ പോസ്റ്റുകളായി വമിക്കാൻ തുടങ്ങി.”താത്തമാർ പന്നിപെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭ നിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപെടാൻ.” ആകാശവാണിയിലെ പ്രോഗ്രാം ഡയറക്ടറായ,എഴുത്തുകാരിയായ ഒരദ്ധ്യാപികയുടെ വാക്കുകൾ ഇത്രമേൽ അധമവും സംസ്കാരശൂന്യവുമാവുമ്പോൾ തലകുമ്പിടണം സാംസ്കാരികകേരളം.
ആകാശവാണിയുടെ എ സി മുറികളിലും ചില്ലുമേടകളിലും ഇരുന്നു ശീലിച്ച ഒരുവൾക്ക് മണ്ണിന്റെ മണമുള്ള മനുഷ്യരുടെ മനോവിചാര വികാരങ്ങള്‍ മനസ്സിലാവാത്തതുക്കൊണ്ടാണ് വിനായകനു ലഭിച്ച അവാർഡും കമ്മട്ടിപ്പാടത്തിലെ ഗംഗയെന്ന കഥാപാത്രവും അസ്വസ്ഥമാക്കിയത്.ജന്മിത്വം സിരകളില്‍ ആവേശമായി പടര്‍ന്ന ജനതയുടെ പ്രതിനിധികള്‍ക്ക് ഈ സിനിമ നല്കുന്നത് ചവര്‍പ്പുള്ള ഒരനുഭവമായിരിക്കും ..അവര്‍ക്ക് ഗംഗയെയും വിനായകനെയും അംഗീകരിക്കാനാവില്ല .സിരകളില്‍ ഓടുന്ന രക്തത്തില്‍ പോലും ആര്യ ദ്രാവിഡ വൈരുധ്യം കാണുന്നവര്‍ക്ക് കമ്മട്ടിപാടവും ഗംഗയും വിനായകനും തീണ്ടാപാടകലെയായിരിക്കുമെന്ന് മുമ്പൊരിക്കൽ ഇന്ദിരയുടെ എഴുത്തിലൂടെ ബോധ്യമായതാണ്.തൃശൂര്‍ ആകാശവാണിയിലെ ഒരുദ്യോഗസ്ഥയെ ജാതിപ്പേരു വിളിച്ചു ആക്ഷേപിച്ചുവെന്നൊരു കേസ് ഈ കഥാകാരിയുടെ പേരില്‍ മുമ്പ് ഉണ്ടായിട്ടുണ്ട് .ഉള്ളില്‍ അടക്കി വച്ച ജാതിചിന്തകളുമായി അക്ഷരങ്ങളെ വ്യഭിചരിക്കാന്‍ ഇറങ്ങിയ ഇവർക്ക് ഒരിക്കലും ചേരില്ല എഴുത്തുകാരിയെന്ന പേര്.സമൂഹത്തിനു നേര്‍വഴി കാട്ടേണ്ടവരാണ് എഴുത്തുകാര്‍ .അല്ലാതെ കലയെ പോലും അവര്‍ണ്ണ സവര്‍ണ്ണ തുലാസ്സുകൊണ്ട് അളക്കുന്ന ഇന്ദിരയെന്ന ഒരുവളെപ്പോലെ വൃത്തികെട്ട മനസ്ഥിതിയുള്ളവരല്ല.വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതയെ എതിര്‍ത്ത് ലൈംഗീക സമത്വം ഉദ്ദേശിച്ചായിരുന്നു സ്ത്രൈണ കാമസൂത്രമെന്ന കൃതിയെന്നു പറഞ്ഞ് രതിയെ മാർക്കറ്റ് ചെയ്യാൻ ഇറങ്ങിയവൾക്ക് ഉള്ളിന്റെയുള്ളിൽ അടക്കിവച്ച ഇസ്ലാംവിരുദ്ധതയെ മറയ്ക്കാൻ കഴിഞ്ഞില്ല.അതുക്കൊണ്ടാണല്ലോ സ്ത്രീയുടെ ഗർഭപാത്രത്തിന്റെ പവിത്രത കാണാതെ പ്രസവമെന്നതിൽ പോലും മതം മാത്രം കാണാൻ കഴിഞ്ഞത്.സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും പ്രസവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെ വികലമായ ചിന്താഗതി വച്ചുപുലർത്തുന്ന ഇവരാണോ ഫെമിനിസ്റ്റ്?
ഇന്ദിരമാർ ഒന്നോര്‍ക്കണം –വിഷമുള്ള വര്‍ണ്ണ വ്യവസ്ഥിതിയുള്ള മനസ്സില്‍ നിന്നും വമിക്കുന്ന ചിന്തകളെ എന്നും ഒരു തീണ്ടാപാടകലെ നിറുത്തുന്നവരാണ് ബുദ്ധിയും ബോധവുമുള്ള മലയാളികള്‍ .അത്തരക്കാരുടെ മനസ്സില്‍ നിങ്ങളെ പോലെയുള്ളവരുടെ സ്ഥാനം പടിക്ക് പുറത്താണ് .ആ ചിന്തകളെ പേപിടിച്ച നായയെ പോലെ ആട്ടിയോടിക്കും ഇനിയും പ്രതികരണ ശേഷി അടിയറവു വയ്ക്കാത്ത ഒരുവിഭാഗം ജനങ്ങള്‍.മുസ്ലിം – ദളിത് വിരുദ്ധതയും, മതരാഷ്ട്ര വാദവും മാത്രം കൈമുതലായുള്ള ചിന്തകളിലെ നെറികേടിനു കാലം തന്നെ നിനക്കൊക്കെ മറുപടി നല്കും.
Post Your Comments