തിരുവനന്തപുരം: ഓണ വരവറിയിച്ച് കാനന വിഭവങ്ങളുമായി കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കാര്‍ എത്തി. കൊട്ടാരത്തില്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഒരു ആചാരമാണിത്. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ഈ ചടങ്ങ് ഒഴിവാക്കിയിരുന്നു. 90വയസ് കഴിഞ്ഞ പോത്തോട് മല്ലന്‍ കാണിയും ഭാര്യ നീലമ്മ കാണിക്കാരിയുടെയും നേതൃത്വത്തിലാണ് അഗസ്ത്യാര്‍ കൂടത്തില്‍ നിന്നും കാണിക്കയുമായി സംഘം എത്തിയത്.അഗസ്ത്യാര്‍ വനമേഖലയില്‍ നിന്ന് എത്തിയവരെ പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായ്, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്, അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അതിഥികള്‍ക്ക് ഓണ സമ്മാനവും നല്‍കിയാണ് രാജകുടുംബം ഇവരെ തിരികെ അയച്ചത്.എട്ടുവീട്ടില്‍ പിള്ളമാരുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന് വനത്തില്‍ അഭയം നല്‍കിയവരാണ് തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വനമേഖലയിലെ കാണിക്കാര്‍. അന്ന് മുതല്‍ തിരുവിതാംകൂര്‍ രാജകുടുംബവുമായുള്ള ബന്ധം കാണിക്കാര്‍ തുടര്‍ന്നു പോകുന്നു. ഓണനാളുകളില്‍ വനവിഭവങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി രാജകുടുംബത്തെ സന്ദര്‍ശിക്കുന്ന കാണിക്കാര്‍ ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല.
രാജഭക്തി ഇന്നും ഈ മനസ്സുകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. അതിനാല്‍ തന്നെ തങ്ങളുടെ തമ്പുരാട്ടിമാര്‍ക്ക് മുന്നില്‍ അവര്‍ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ ഓരോന്നായി ഇറക്കി വെച്ചു. ഒടുവില്‍ സങ്കടങ്ങള്‍ എല്ലാം മറന്ന് ഓണത്തിന്റെ സന്തോഷ നാളുകളെ വരവേല്‍ക്കാന്‍ അവര്‍ ആടി പാടി ആഘോഷിച്ചു.എല്ലാം കഴിഞ്ഞ് മനം നിറയെ സമ്മാനങ്ങളും, ഒപ്പം അനുഗ്രഹങ്ങളും വാരിച്ചൊരിഞ്ഞ് രാജകുടുംബാംഗങ്ങള്‍ അവരെ യാത്ര അയച്ചു.കരകൗശലവസ്തുക്കള്‍, കാട്ടുതേന്‍, കാട്ടുമഞ്ഞള്‍, കാട്ടുകുന്തിരിക്കം, കാട്ടുവള്ളി ഊഞ്ഞാല്‍, തുടങ്ങിയവയാണ് രാജകൊട്ടാരത്തിലേക്കുള്ള ഇവരുടെ കാണിക്ക. തമ്പുരാട്ടിയോട് കാട്ടിലെ സങ്കടങ്ങള്‍ പറഞ്ഞാണ് മൂപ്പനും സംഘവും മടങ്ങിയത്.
Post Your Comments