തിരുവനന്തപുരം: പിഎസ്‌സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ക്രമക്കേട് കേസില്‍ സമഗ്ര അന്വേഷണത്തിനൊരുങ്ങി ക്രൈം ബ്രാഞ്ച്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്‌സി സെക്രട്ടറിക്ക് കത്തയക്കും. സംശയിക്കുന്നവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കാനാണ് തീരുമാനം.
പിഎസ്സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. സംശയമുള്ള നാല്‍പ്പത്തിയഞ്ച് പേരുടെ പട്ടിക ക്രൈംബ്രാഞ്ച് നേരത്തെ തയ്യാറാക്കിയിട്ടുണ്ട്.അതേസമയം, കേസിലെ അഞ്ചാം പ്രതിയും എസ്‌എപി ക്യാംപിലെ പോലീസുകാരനുമായ ഗോകുല്‍ കോടതിയില്‍ കീഴടങ്ങി. ഗോകുലിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ഒളിവിലായിരുന്ന ഗോകുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും, 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കീഴടങ്ങല്‍. മുഖ്യപ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവര്‍ക്ക് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ഉത്തരം എസ്‌എംഎസായി അയച്ചു നല്‍കിയത് ഗോകുലും സുഹൃത്ത് സഫീറും ചേര്‍ന്നാണെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Post Your Comments