തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ജേണലിസ്റ്റായ ഹെയ്ദി സാദിയയെ അഭിനന്ദിച്ച് കെകെ ശൈലജ ടീച്ചര്‍. കൈരളി ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തകയായി ഹെയ്ദി ചുവടുവെച്ചിരിക്കുന്നത്. ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തം റിപ്പോര്‍ട്ട് ചെയ്താണ് ഹെയ്ദിയയുടെ അരങ്ങേറ്റം. അതേസമയം, ഹെയ്ദിയെ അഭിനന്ദിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ രംഗത്തെത്തി. ഇത് മറ്റുള്ള ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് പ്രചോദനമാണ്. ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിനായി വലിയ പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്നും ടീച്ചര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
Read also: കുട്ടിയുടെ മരണം: മോഹനന്‍ വൈദ്യര്‍ കുടുങ്ങുമോ? മന്ത്രി ശൈലജ ടീച്ചര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഓരോ ഭാരതീയനും അഭിമാനം നല്‍കുന്ന നിമിഷങ്ങളാണിന്ന്. ചാന്ദ്രയാന്‍-2 ന്റെ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ വേര്‍പിരിഞ്ഞ മുഹൂര്‍ത്തത്തില്‍ മറ്റൊരു വിജയക്കുതിപ്പ് നടത്തിയിരിക്കുകയാണ് തൃശൂര്‍ ചാവക്കാട് സ്വദേശി ഹെയ്ദി സാദിയ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും കേരളത്തിലെ ആദ്യ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ഒരു ടെലിവിഷനിലൂടെ വാര്‍ത്ത വായിക്കുകയായിരുന്നു ഹെയ്ദി സാദിയ. കൈരളി ന്യൂസിലാണ് ചാന്ദ്രയാന്‍ ദൗത്യ വിജയം പ്രേക്ഷകര്‍ക്ക് മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇംഗ്ലീഷ് ബിരുദത്തിന് ശേഷം തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നാണ് ഇലക്‌ട്രോണിക്‌സ് ജേണലിസത്തില്‍ ഫസ്റ്റ് ക്ലാസോടെ ഹെയ്ദി സാദിയ പി.ജി. ഡിപ്ലോമ കരസ്ഥമാക്കിയത്. പഠനകാലത്ത് സാമൂഹ്യ സുരക്ഷാ മിഷന്റെ മഴവില്ല് പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു. ആഗസ്റ്റ് 31നാണ് കൈരളി ന്യൂസില്‍ ജോലിയില്‍ പ്രവേശിച്ചത്.
ചാന്ദ്രയാന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു, ഒപ്പം നമ്മുടെ ഹെയ്ദി സാദിയയേയും. ഇത് മറ്റുള്ള ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് പ്രചോദനമാണ്. ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിനായി വലിയ പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ സമഗ്ര വികസനത്തിനും അവരെ മുഖ്യധാരയില്‍ കൊണ്ടു വരാനുമായി മഴവില്ല് എന്ന ബൃഹദ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
Post Your Comments