കോഴിക്കോട്; ബസ് യാത്രയ്ക്കിടെ വീട്ടമ്മ 12 പവന്‍ സ്വര്‍ണം പുറത്തേയ്ക്കെറിഞ്ഞു . പുലിവാല്‍ പിടിച്ച് പൊലീസ്. ബസ് യാത്രയ്ക്കിടെ പാതി കഴിച്ച വടയാണെന്നുകരുതിയാണ് വീട്ടമ്മ 12 പവന്‍ സ്വര്‍ണം പുറത്തേക്കെറിഞ്ഞത്. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടില്‍ കൗലത്തിനാണ് അബന്ധം പിണഞ്ഞത്. വീട്ടുജോലിയെടുത്തു ജീവിക്കുന്ന കൗലത്ത് ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണം തിരിച്ചെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാമനാട്ടുകര വെച്ചാണ് പകുതി തിന്നുതീര്‍ത്ത വടയ്ക്ക് പകരം സ്വര്‍ണം പുറത്തേക്ക് എറിഞ്ഞത്. ഒരു മണിക്കൂറോളം നീണ്ട ആശങ്കയ്ക്കൊടുവില്‍ ഓട്ടോഡ്രൈവറാണ് സ്വര്‍ണം കണ്ടെത്തിയത്.
സ്വര്‍ണവുമായി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് കൗലത്ത് കോട്ടയത്തു നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കവറില്‍കെട്ടി കടലാസുകൊണ്ട് പൊതിഞ്ഞാണ് പിടിച്ചിരുന്നത്. രാത്രി ഒമ്പതോടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്കടുത്തെത്തിയപ്പോഴാണ് വട പുറത്തേക്ക് എറിയുന്നത്. ബസ് അല്‍പ്പം മുന്നോട്ട് എടുത്തപ്പോഴാണ് വടയ്ക്ക് പകരം സ്വര്‍ണാഭരണമാണ് പുറത്തേക്ക് വലിച്ചെറിഞ്ഞതെന്ന് കൗലത്തിന് മനസിലായത്.
ഉച്ചത്തില്‍ നിലവിളിക്കുന്നത് കണ്ട് യാത്രക്കാര്‍ ചോദിച്ചപ്പോഴാണ് അമളി പറ്റിയ കാര്യം പറയുന്നത്. ഉടന്‍ ബസ് നിര്‍ത്തി കൗലത്തും ചെറുവണ്ണൂര്‍ ഇറങ്ങേണ്ട ഒരു യാത്രക്കാരനും ഇറങ്ങി തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കാര്യം അറിഞ്ഞ് പ്രദേശത്തെ ഓട്ടോഡ്രൈവര്‍മാരും തിരച്ചിലിന് ഇറങ്ങി. സ്വര്‍ണം ലഭിക്കാതിരുന്നതോടെ തൊട്ടടുത്തുള്ള ഫറോക്ക് പൊലീസ് സ്റ്റേഷനില്‍ എത്തി കാര്യം പറഞ്ഞു. തുടര്‍ന്ന് പൊലീസുകാരും തിരച്ചിലിന് ഇറങ്ങി. 45 മിനിറ്റോളം നീണ്ട തിരച്ചിലിന് ഒടുവില്‍ പൂവന്നൂര്‍ പള്ളിക്കടുത്ത് ഡിവൈഡറിന് സമീപത്തുവെച്ച് ഓട്ടോഡ്രൈവര്‍ കള്ളിത്തൊടി കണ്ണംപറമ്പത്ത ജാസിറിന് സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ക്ക് ശേഷം സ്വര്‍ണ കൗലത്തിന് കൈമാറി.
Post Your Comments