കൊച്ചി: മട്ടാഞ്ചേരിയിലെ ജൂത മുത്തശ്ശി സാറാ ജേക്കബ് കോഹന്‍ അന്തരിച്ചു. കേരളത്തില്‍ അവശേഷിക്കുന്ന ജൂതവംശജരില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് സാറാ കോഹന്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവര്‍ ആശുപത്രിവിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് മരണം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മട്ടാഞ്ചേരി ജൂത ടൗണില്‍ നടക്കും.
ബാഗ്ദാദില്‍നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ പരദേശി ജൂത കുടുംബത്തിന്റെ പിന്മുറക്കാരിയായ സാറ, കൊച്ചിയിലാണ് ജനിച്ചത്. കോഹന്‍ ജൂത തലമുറയിലെ അവസാനത്തെ കണ്ണിയായ ഇവര്‍ മട്ടാഞ്ചേരിയില്‍ ശേഷിക്കുന്ന നാല് കുടുംബങ്ങളിലായുള്ള അഞ്ച് പേരില്‍ ഒരാളായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും ഇവര്‍ കൊച്ചിയില്‍ത്തന്നെ തുടരുകയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രായത്തെ അവഗണിച്ച് സാറ വോട്ട് ചെയ്യാന്‍ എത്തിയത് വാര്‍ത്തയായിരുന്നു. ഭര്‍ത്താവുമായി ചേര്‍ന്ന് ആരംഭിച്ച സാറാസ് എംബ്രോയ്ഡറി ഷോപ്പും പ്രസിദ്ധമാണ്. ജൂതരുടെ ഉടമസ്ഥതയില്‍ മട്ടാഞ്ചേരിയിലുള്ള അപൂര്‍വ്വം ചില ബിസിനസ് സ്ഥാപനങ്ങളില്‍ ഒന്നാണ് സാറാസ് എംബ്രോയ്ഡറി ഷോപ്പ്. ആദായനികുതി ഉദ്യോഗസ്ഥനായ ജേക്കബ് കോഹനായിരുന്നു ഭര്‍ത്താവ്. 1999ലായിരുന്നു അദ്ദേഹം അന്തരിച്ചത്. കുട്ടികളില്ലാത്ത സാറയ്ക്ക് ഭര്‍ത്താവ് ജേക്കബിന്റെ മരണ ശേഷം മലയാളിയായ താഹ ഇബ്രാഹിം ആയിരുന്നു അവരെ പരിചരിച്ചിരുന്നത്.
Post Your Comments