Latest NewsKeralaNews

കേരളത്തിൽ നിന്ന് 30 അധിക വിമാനങ്ങള്‍; തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ അഞ്ച് വിമാനങ്ങള്‍: മുഖ്യമന്ത്രിക്ക് വിമാനക്കമ്പനികളുടെ ഉറപ്പ്

തിരുവനന്തപുരം•വിമാനക്കമ്പനികൾ അടുത്ത ശൈത്യകാല ഷെഡ്യൂൾ തീരുമാനിക്കുമ്പോൾ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പ്രതിദിനം മുപ്പത് വിമാന സർവീസുകൾ കൂടുതലായി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തിൽ സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പു നൽകി. അടുത്ത മൂന്നു മാസത്തിനകം ഇത് നിലവിൽ വരും. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് അധികമായി അഞ്ച് സർവ്വീസുകൾ ഉണ്ടാകുമെന്നും ഖരോള അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചത്. മുഖ്യമന്ത്രി യോഗം വിളിച്ച സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികളുമായി അനൗപചാരിക ചർച്ചകൾ നടത്തിയിരുന്നു. അതിൻറെ അടിസ്ഥാനത്തിലാണ് ശൈത്യകാല ഷെഡ്യൂൾ വരുമ്പോൾ മുപ്പത് ഫ്‌ളൈറ്റ് അധികമായി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയത്.

കഴിഞ്ഞ തവണ ചേർന്ന വിമാനക്കമ്പനി മേധാവികളുടെ യോഗത്തിൽ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എ.ടി.എഫ്) നികുതി നിരക്ക് കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. സിവിൽ ഏവിയേഷൻ സെക്രട്ടറിയും അതിനെ പിന്തുണച്ചു. ഇത് കണക്കിലെടുത്ത് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിൽ എ.ടി.എഫ് നികുതി 25 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായും കണ്ണൂർ വിമാനത്താവളത്തിൽ അത് ഒരു ശതമാനമായും സർക്കാർ കുറച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഇതനുസരിച്ചുള്ള അനുകൂല പ്രതികരണം ഉണ്ടായില്ല. മാത്രമല്ല, തിരുവനന്തപുരത്തുനിന്നുള്ള സർവീസുകൾ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 2018-19ൽ തിരുവനന്തപുരത്ത് 645 ഫ്‌ളൈറ്റുകൾ കുറഞ്ഞു. 2019-20-ലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കണക്കെടുത്താൽ 1579 ഫ്‌ളൈറ്റുകളാണ് കുറഞ്ഞത്. ഇതിൽ 1005 എണ്ണം അന്താരാഷ്ട്ര ഫ്‌ളൈറ്റുകളാണ്. ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്ന സ്ഥിതിയാണ്. ഐ.ടി മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് കേരളം, പ്രത്യേകിച്ച് തിരുവനന്തപുരം ഒരുങ്ങുമ്പോഴാണ് ഈ പിന്നോട്ടടിയുണ്ടായത്. ഇന്ത്യയിലേയും വിദേശത്തെയും പ്രമുഖ ഐടി കമ്പനികൾ തിരുവനന്തപുരത്ത് കൂടുതൽ നിക്ഷേപം നടത്തുകയാണ്. ഒരു ലക്ഷം പേരെയാണ് അധികമായി നിയമിക്കുന്നത്. അതോടൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർത്തിയായി വരികയാണ്. ഇ-മൊബിലിറ്റി മേഖലയിലും വൻകിട അന്താരാഷ്ട്ര കമ്പനികൾ കേരളത്തിലേക്ക് വരുന്ന സന്ദർഭമാണിത്. കേരളം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ ഉപയോഗിക്കുന്ന പ്രധാന വിമാനത്താവളം കൂടിയാണ് തിരുവനന്തപുരം.

ALSO READ: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ആര്‍ക്ക്? അനിശ്ചിതത്വം തുടരുന്നു

ആഭ്യന്തര റൂട്ടിലും അന്താരാഷ്ട്ര റൂട്ടിലും തിരുവനന്തപുരത്തുനിന്ന് യാത്രക്കാർ ധാരാളമുണ്ട്. ശരാശരി 90 ശതമാനം യാത്രക്കാർ ഓരോ ഫ്‌ളൈറ്റിലും യാത്ര ചെയ്യുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുക്കണം. തിരുനന്തപുരം, കോഴിക്കോട് വിമാനത്താളങ്ങളിൽ വിമാനക്കമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത് ചെയ്താൽ കൂടുതൽ ലാഭകരമായി സർവീസ് നടത്താൻ കമ്പനികൾക്ക് കഴിയും. തിരുവനന്തപുരത്തുനിന്ന് കിഴക്കൻ ഏഷ്യയിലേക്ക് ഇപ്പോൾ ബിസിനസ്സ് ക്ലാസ് സൗകര്യമുള്ള സർവീസ് ഒന്നുമില്ല. ബിസിനസ്സ് ക്ലാസ് ഉണ്ടായിരുന്ന സിൽക്ക് എയർ അത് നിർത്തി.
ഗൾഫ് മേഖലയിലേക്കും മറ്റു നഗരങ്ങളിലേക്കും വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്ന കാര്യവും മുഖ്യമന്ത്രി യോഗത്തിൽ ഉന്നയിച്ചു. ഉത്സവ സീസണിൽ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ് ചാർജ് വർധിപ്പിക്കുന്നത്. 2017 മേയിൽ വിമാനക്കമ്പനി മേധാവികളുടെ യോഗത്തിൽ ഉണ്ടായ ധാരണയ്ക്ക് വിരുദ്ധമാണിത്. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന സാധാരണക്കാരെ നിരക്ക് വർധന കൂടുതൽ പ്രയാസത്തിലാക്കുന്നു. ഉത്സവ സീസണിൽ മുൻകൂട്ടി അധിക ഫ്‌ളൈറ്റുകൾ ഏർപ്പെടുത്തുകയാണെങ്കിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. അതുകൊണ്ട് ഉത്സവ സീസണിലെ ഷെഡ്യൂൾ നേരത്തെ പ്രഖ്യാപിക്കണം. അമിത നിരക്ക് ഈടാക്കുന്നതു തടയാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഇടപെടണം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഗൾഫിലൂടെയല്ലാതെ നേരിട്ടുള്ള വിമാനസർവ്വീസ് വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് കൂടുതൽ സർവീസുകൾ തിരുവനന്തപുരത്തുനിന്നും മറ്റ് വിമാനത്താവളങ്ങളിൽ നിന്നും ഏർപ്പെടുത്താൻ കമ്പനികൾ തയ്യാറായാൽ വിമാന ഇന്ധന നികുതി നിരക്ക് ഇനിയും കുറയ്ക്കാൻ കേരളം സന്നദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിവിൽ ഏവിയേഷൻ മേഖലയിൽ കേരളം നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി ഖരോള പറഞ്ഞു. മൂന്നാം തവണയാണ് ഇത്തരത്തിൽ മുഖ്യമന്ത്രി യോഗം വിളിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് പുതിയ അനുഭവമാണിത്. മറ്റ് സംസ്ഥാനങ്ങളും ഇപ്പോൾ ഈ മാതൃകയിലേക്ക് വരികയാണ്. ഇന്ധന നികുതി നിരക്ക് ഗണ്യമായി കുറയ്ക്കാൻ കേരളം തയ്യാറായത് സിവിൽ ഏവിയേഷൻ മേഖലയുടെ വികസനത്തിന് വലിയ പിന്തുണയാകും. വിമാനക്കമ്പനികൾ അനുകൂലമായി പ്രതികരിച്ചാൽ ഇനിയും നിരക്ക് കുറയ്ക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കാരണം വിമാനക്കമ്പനികളുടെ ചെലവിന്റെ 40 ശതമാനം ഇന്ധനത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് നികുതി നിരക്ക് കുറയുമ്പോൾ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയും.

രാജ്യങ്ങൾ തമ്മിലുള്ള കരാർ പ്രകാരമാണ് വിദേശ വിമാനക്കമ്പനികൾക്ക് സീറ്റ് അനുവദിക്കുന്നത്. മിക്ക വിദേശ വിമാനക്കമ്പനികളും ഉഭയകക്ഷിപ്രകാരമുള്ള സീറ്റ് ക്വാട്ട പൂർണ്ണമായും ഉപയോഗിക്കുമ്പോൾ ഇന്ത്യൻ കമ്പനികൾ ക്വാട്ട തികയ്ക്കുന്നില്ല. ഇതാണ് കൂടുതൽ വിദേശ സർവ്വീസ് അനുവദിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. സ്വകാര്യ വിമാനക്കമ്പനികൾ വലിയ വിമാനങ്ങൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ അവർക്ക് കൂടുതൽ വിദേശ സർവ്വീസുകൾ നടത്താൻ കഴിയും. അപ്പോൾ കൂടുതൽ വിദേശ വിമാനങ്ങളും അനുവദിക്കാൻ കഴിയും. തിരുവനന്തപുരം വഴി പോകുന്ന വിദേശ സർവ്വീസുകൾക്ക് ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാൻ (റീ-ഫ്യൂവലിംഗ്) സൗകര്യം നൽകണമെന്ന ആവശ്യം പരിശോധിക്കാമെന്നും സിവിൽ ഏവിയേഷൻ സെക്രട്ടറി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലെ ലാൻറിംഗ് ഫീ, പാർക്കിംഗ് ഫീ, യൂസർഫീ എന്നിവ കുറയ്ക്കണമെന്ന ആവശ്യം യോഗത്തിൽ വിമാനക്കമ്പനികൾ ഉന്നയിച്ചു. എന്നാൽ 2021-ലേ അക്കാര്യം പരിഗണിക്കാൻ കഴിയൂ എന്നാണ് എയർപോർട്ടസ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ അനൂജ് അഗർവാൾ പറഞ്ഞത്.

കേന്ദ്ര സിവിൽ ഏവിയേഷൻ ജോയൻറ് സെക്രട്ടറി ഉഷാ പാഡി, എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ അനുജ് അഗർവാൾ, ചീഫ് സെക്രട്ടറി ടോം ജോസ്, സിവിൽ ഏവിയേഷൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സിയാൽ എം.ഡി വി.ജെ. കുര്യൻ, കണ്ണൂർ എയർപോർട്ട് എം.ഡി വി. തുളസീദാസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, ഐ.ടി സെക്രട്ടറി എം. ശിവശങ്കർ എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഏഷ്യ, വിസ്താര എയർ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ, എയർ അറേബ്യ, ഫ്‌ളൈ ദുബായ്, കുവൈത്ത് എയർവേയ്‌സ്, ഒമാൻ എയർ, ഗൾഫ് എയർ, അലയൻസ് എയർ, മെലിൻഡോ എയർ, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ്, എമിറേറ്റ്‌സ്, എയർ ആസ്‌ത്രേലിയ, സിൽക്ക് എയർ തുടങ്ങിയ വിമാനക്കമ്പനികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button