സുകന്യ രാമചന്ദ്രന്‍
സുപ്രീംകോടതി ഉത്തരവാണെന്നും നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ വലിയ ഉത്തരവാദിത്തമാണെന്നും വാദിച്ച് ശബരിമലയിലെ ആചാരലംഘനത്തിന് ഇടത് സര്‍ക്കാര്‍ കുട പിടിച്ചത് കേരളം കണ്ടതാണ്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാരില്‍ നിന്നുപോലും കനത്തപ്രഹരമേറ്റുവാങ്ങിയതാണ് പിണറായി സര്‍ക്കാര്‍. അവസാനം ശബരിമലപ്രശ്‌നത്തില്‍ സ്വീകരിച്ച നിലപാടില്‍ കുറച്ചുമയം വരുത്താമായിരുന്നെന്ന് സഖാക്കള്‍ സമ്മതിക്കുന്നിടം വരെ കാര്യമെത്തി. ഒടുവില്‍ ശബരിമലയില്‍ സിപിഎം നിലപാട് മാറ്റിയെന്നും റിപ്പോര്‍ട്ടെത്തി. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവാദ നിലപാടുകളാല്‍ വിശ്വാസികളായ പാര്‍ട്ടി അനുഭാവികളെ അകറ്റരുതെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുതെന്നുമാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണമെന്നും യുവതീപ്രവേശനത്തില്‍ മുന്‍കൈ എടുക്കേണ്ടതില്ലെന്നുമുള്ള നിലപാട് വരെ സിപിഎം എത്തിയതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന പരാജയത്തിന്റെ മുഖ്യകാരണം ശബരിമല വിഷയമായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നുതന്നെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് നിലപാടില്‍ അയവ് വരുത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ഇതുമായി യോജിക്കുന്ന കാര്യമല്ല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. സുപ്രീം കോടതി വിധി അംഗീകരിക്കലാണ് സര്‍ക്കാര്‍ നിലപാട്. വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയും മുന്നണിയുമെന്നും മുഖ്യമന്ത്രി പറയുന്നു. രണ്ട് യുവതികള്‍ ശബരിമലയില്‍ കയറിയത് വിശ്വാസികളുടെ അട്ടിപ്പേറ് അവകാശപ്പെടുന്നവര്‍ ഉപയോഗിച്ചെന്നും അതിന് മാധ്യമങ്ങള്‍ കൂട്ടുനിന്നെന്നും പിണറായി കുറ്റപ്പെടുത്തി. എല്ലാ തെരഞ്ഞെടുപ്പുകളിലേതും പോലെ പാലാ ഉപതെരഞ്ഞെടുപ്പിലും സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ ജനങ്ങള്‍ നടത്തും. ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പക്ഷേ പാലായില്‍ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലെയും പോലെ പാലാ ഉപതെരഞ്ഞെടുപ്പിലും ജനങ്ങള്‍ സംസ്ഥാനഭരണത്തതിന്റെ വിലയിരുത്തല്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനഭരണത്തിന്റെ വിലയിരുത്തല്‍ നടത്തിയ ജനങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വലിച്ചെറിഞ്ഞതൊന്നും പിണറായിക്ക് വിഷയമല്ല. ലോക്‌സഭാതെരഞ്ഞെടുപ്പിന് ശേഷം ശബരിമല വിഷയം കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നത് പാലായില്‍ ഉപതെരഞ്ഞെടുപ്പായപ്പോഴാണെന്നത് ആരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം.
കോടതി വിധി നടപ്പിലാക്കിക്കൊണ്ട് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിശ്വാസികളെന്ന് കരുതുന്നത് ആരെയാണെന്ന് വ്യക്തമല്ല. നാടൊട്ടുക്ക് നാമജപം നടത്തി പൊലീസിന്റെ തല്ലുവാങ്ങിയിട്ടും ആചാരലംഘനം അനുവദിക്കില്ലെന്ന് വിളിച്ചുപറഞ്ഞ വിശ്വാസികള്‍ക്കൊപ്പമാണോ, ആര്‍ക്കും ഏതവസ്ഥയിലും മലയ്ക്ക പോകാമെന്നും അതിന് മാനദണ്ഡങ്ങളൊന്നുമില്ലെന്നുമുള്ള വെല്ലുവിളിയുമായി അയ്യപ്പനെ കാണാനിറങ്ങുന്ന വിശ്വാസികള്‍ക്കൊപ്പമാണോ താനെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കേണ്ടിയിരിക്കുന്നു. ശബരിമല വിഷയത്തില്‍ അകന്ന വിശ്വാസികളെ തിരികെ കൊണ്ടുവരാന്‍ സിപിഎം തീവ്രശ്രമം നടത്തുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് പിണറായി വ്യക്തമാക്കിയത്. കോടതി വിധി അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട് അതില്‍ മാറ്റമില്ല. പക്ഷേ പാര്‍ട്ടിയും മുന്നണിയും വിശ്വാസികള്‍ക്കൊപ്പമാണ്. അങ്ങനെയെങ്കില്‍ വിശ്വാസികള്‍ക്കൊപ്പം സര്‍ക്കാര്‍ സുപ്രീംകോടതിയിലും നില്‍ക്കേണ്ടതുണ്ട്. ആയിരക്കണക്കിന് പൊലീസുകാരെ കാവല്‍ നിര്‍ത്തിയും നിരീശ്വരവാദികളെ സന്നിധാനത്തെത്തിച്ചും ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ചും സര്‍ക്കാര്‍ കാത്തുസൂക്ഷിച്ചത് വിശ്വാസമോ കോടതി വിധിയോ എന്നും വ്യക്തമാക്കണം.
ശബരിമല വിഷയം പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും മുമ്പ് പറഞ്ഞത്. കോടതി വിധി അംഗീകരിക്കുകയെന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയായിരുന്നു എന്നും ശബരിമലയില്‍ ആക്ടിവസ്റ്റുകള്‍ കയറിയത് വിശ്വാസികള്‍ക്കിടയില്‍ പ്രകോപനമുണ്ടാക്കിയെന്നും കടകംപള്ളി തുറന്നു സമ്മതിച്ചതുമാണ്. ശബരിമലയില്‍ കയറിയത് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വംമന്ത്രിക്കറിയാം. പക്ഷേ മുഖ്യമന്ത്രിക്ക് അതിപ്പോഴും വിശ്വാസികളാകും. വിശ്വാസം വ്യക്തിപരമാണെന്നും ക്ഷേത്രത്തില്‍ പോകുന്നതിനും ആരാധനയില്‍ പങ്കെടുക്കുന്നതിനും ആര്‍ക്കും തടസമില്ലെന്നും പറയുന്ന സിപിഎം ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകളുടെ നേതൃത്വത്തെക്കൂടി ഇക്കാര്യം ബോധ്യപ്പെടുത്തിക്കൊടുക്കണം. അങ്ങനെയെങ്കില്‍ വ്യക്തിപരമായ വിശ്വാസത്തിന്റെ പേരില്‍ ഇരുസഭക്കാര്‍ക്കും അവര്‍ക്കിഷ്ടമുള്ള പള്ളികൡ കയറിയിറങ്ങാമല്ലോ. പക്ഷേ അത് വ്യക്തമാക്കിക്കൊടുക്കാനും അവിടെ കോടതിവിധി ചൂണ്ടിക്കാട്ടി ഇടപെടാനും കഴിയാത്ത കാലത്തോളം മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനം വിശ്വസിക്കില്ല. അത് പ്രതിപക്ഷത്തിന് നന്നായറിയാം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാര്‍ ചെയ്തുകൊടുത്ത വലിയ ഉപകാരം പ്രതിപക്ഷം മറന്നിട്ടില്ല. ശബരിമല പ്രശ്‌നം ഇത്രയും വലിയ വിജയം നല്‍കുമെന്ന് കോണ്‍ഗ്രസ് സ്വപ്‌നത്തില്‍പോലും കരുതിയരുന്നതല്ലല്ലോ. എന്തായാലും കാര്യമൊക്കെ കാര്യം തന്നെ. പക്ഷേ ശബരിമല വിഷയത്തിലെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വിളിച്ചു പറയാന്‍ മുന്നില്‍തന്നെയുണ്ട് പ്രതിപക്ഷം. വിശ്വാസികള്‍ക്കൊപ്പമാണെന്ന് സിപിഐഎമ്മും നവോത്ഥാനത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെയന്നിത്തല ചൂണ്ടിക്കാണിക്കുന്നത്. തെറ്റുതിരുത്തുമെന്ന പാര്‍ട്ടി നിലപാട് ജനങ്ങളെ കബളിപ്പിക്കാനായിരുന്നെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്ന സൂചനയോ വിധിയോ സുപ്രീംകോടതി നടത്തിയിട്ടില്ല. പക്ഷേ കയറണമെന്ന് വാശിപിടിച്ച് യുവതികളാരും കെട്ടും നിറയുമായി പമ്പയിലെത്തുന്നില്ല. ആക്ടിവിസ്റ്റുകളൊന്നും സര്‍ക്കാരിന്റെ സഹായം ചോദിക്കുന്നില്ല എന്നാണോ..എങ്ങനെയാണെങ്കിലും ജനത്തിന് ഒരു കാര്യം പകല്‍പോലെ വ്യക്തമായി ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നല്ല അവരെ കയറ്റണമെന്ന് ഉറപ്പിച്ചുനിന്നവര്‍ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാണെന്ന്..
Post Your Comments