Devotional

ശനി ദോഷ പരിഹാരത്തിന് അയ്യപ്പ ഭജനം

ജനിച്ച കൂറിന്റെ 1, 4, 7, 10 ഭാവങ്ങളില്‍ ശനി വരുന്ന കാലത്തെയാണു ജ്യോതിഷത്തില്‍ കണ്ടകശ്ശനികാലം എന്നു പറയുന്നത്. 12, 1, 2 ഭാവങ്ങളില്‍ ശനി വരുന്ന കാലം ഏഴരശ്ശനി. എട്ടില്‍ ശനി വരുന്ന കാലം അഷ്ടമശ്ശനി. ഇത്തരം കാലങ്ങളാണു ശനിദോഷകാലങ്ങള്‍ എന്ന് അറിയപ്പെടുന്നത്.

ശനിഗ്രഹത്തിന് ഒരു തവണ പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഏകദേശം 30 കൊല്ലം വേണം. അതുകൊണ്ട് ഒരു രാശിയില്‍ ഏതാണ്ട് രണ്ടരക്കൊല്ലം നില്‍ക്കും. അങ്ങനെ ഒരു കണ്ടകശ്ശനി കാലം എന്നത് ഏതാണ്ട് രണ്ടരക്കൊല്ലമാണ്. ഏഴരശ്ശനി വരുന്ന ഏഴരക്കൊല്ലത്തിനു നടുവിലെ രണ്ടരക്കൊല്ലം ജന്മശ്ശനി എന്നറിയപ്പെടുന്ന കണ്ടകശ്ശനിയാണ്. ഇത്തരം ശനിപ്പിഴകാലങ്ങളില്‍ അയ്യപ്പഭജനത്തിലൂടെ ദോഷഫലങ്ങളുടെ കാഠിന്യം കുറയ്ക്കാമെന്നു ജ്യോതിഷഗ്രന്ഥങ്ങളില്‍ പറയുന്നു. ശനിദോഷപരിഹാരത്തിനു സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആര്‍ക്കും അയ്യപ്പഭജനം നടത്താം.

ശബരിമലയ്ക്കു തീര്‍ഥാടനത്തിനൊരുങ്ങുന്നവരില്‍ പലരും മാലയിടാന്‍ ശനിയാഴ്ച തിരഞ്ഞെടുക്കുന്നു. കേരളത്തിലുടനീളം അയ്യപ്പന്‍വിളക്കുകള്‍ നടക്കുന്നതു കൂടുതലും ശനിയാഴ്ചകളിലാണ്. ശബരിമല തീര്‍ഥാടനവും ശനിയാഴ്ചയും തമ്മില്‍ ബന്ധമുണ്ടെന്നു വ്യക്തം.

ഞായര്‍ മുതല്‍ ശനി വരെയുള്ള ഓരോ ആഴ്ചദിവസങ്ങളും ഓരോ ഗ്രഹത്തിന്റെ പേരിലാണല്ലോ അറിയപ്പെടുന്നത്. ഞായര്‍- സൂര്യന്‍, തിങ്കള്‍- ചന്ദ്രന്‍ എന്നിങ്ങനെ. (ജ്യോതിഷത്തില്‍ സൂര്യനും ചന്ദ്രനുമെല്ലാം ഗ്രഹങ്ങളാണ്.) അങ്ങനെ, ശനിഗ്രഹത്തിന്റെ പേരിലുള്ളതാണു ശനിയാഴ്ച. ജ്യോതിഷത്തില്‍ ഓരോ ഗ്രഹത്തെയും ഓരോ ദേവന്മാരുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ”മന്ദഃ ശാസ്ത്രാദികം ദൈവം….” എന്ന നിയമപ്രകാരം ശനിഗ്രഹത്തിനു ശാസ്താവാണു ദേവന്‍.

പുരാണങ്ങള്‍ അനുസരിച്ച് സൂര്യദേവന്റെയും ഛായാദേവിയുടെയും മകനാണു ശനിദേവന്‍. സൂര്യന്‍ ശിവന്റെയും ഛായ വിഷ്ണുവിന്റെയും പ്രതീകങ്ങള്‍. അങ്ങനെയാണു സൂര്യ-ഛായാ പുത്രനായ ശനിക്കു ശിവ-വൈഷ്ണവ പുത്രനായ ശാസ്താവ് ദേവനാകുന്നത്. ഗ്രഹരൂപത്തിലുള്ള ശനിയും ദേവതാരൂപത്തിലുള്ള ശാസ്താവും ഒരേ സങ്കല്‍പം തന്നെ. ധര്‍മശാസ്താവുമായി താദാത്മ്യം പ്രാപിച്ച അയ്യപ്പസ്വാമിയാണല്ലോ ശബരിമലയിലെ ദേവതാസങ്കല്‍പം. അതുകൊണ്ട് അയ്യപ്പഭക്തര്‍ക്കു വിശേഷപ്പെട്ട ദിവസമാകുന്നു, ശനിയാഴ്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button