ബറേലി: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവതിയ്ക്കും മാതാപിതാക്കള്‍ക്കും ഭര്‍തൃവീട്ടുകാരുടെ ക്രൂരമര്‍ദ്ദനം. ഭര്‍ത്താവും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ അമ്മയുടെ മൂക്കില്‍ കടിക്കുകയും ചെവി വെട്ടുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് ശസ്ത്രക്രിയയ്ക്കായി ദില്ലിയിലേക്ക് മാറ്റി.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ (എഫ്‌സിഐ) നാലാം ക്ലാസ് ജോലിക്കാരിയായ ഗന്ത റഹ്മാന്റെ മകളായ ചന്ദ് ബി ഒരു വര്‍ഷം മുമ്പാണ് ബറേലിയിലെ മുഹമ്മദ് അഷ്ഫാക്കിനെ വിവാഹം കഴിച്ചത്. 10 ലക്ഷം രൂപയുടെ സ്ത്രീധനം നല്‍കിയാണ് ചാന്ദ് ബീയെ വിവാഹം കഴിപ്പിച്ച് അയച്ചതെങ്കിലും കുഞ്ഞുണ്ടായതിന് ശേഷം ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെടാന്‍ തുടങ്ങി. ഇത്രയും തുക കൂടി നല്‍കാന്‍ ഭാര്യാവീട്ടുകാര്‍ തയ്യാറാകാതെ വന്നപ്പോള്‍ അഷ്ഫാഖ് ചാന്ദ് ബീയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മകള്‍ ഉപദ്രവിക്കപ്പെടുന്നതറിഞ്ഞെത്തിയ റഹ്മാനും ഭാര്യയും അഷ്ഫാഖിനെ ചോദ്യം ചെയ്തതോടെയാണ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ അഷ്ഫാക്കും പിതാവ് ഇഷാറും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് റഹ്മാനെയും ഭാര്യ ഗുല്‍ഷാനെയും മര്‍ദ്ദിക്കുകയായിരുന്നു. അഷ്ഫാക്ക് ഗുല്‍ഷന്റെ മൂക്ക് കടിച്ചപ്പോള്‍ ഇഷാര്‍ കത്തികൊണ്ട് ചെവി മുറിച്ചു. സംഭവത്തിന് ശേഷം അച്ഛനും മകനും രക്ഷപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പൊലീസാണ് ഗുല്‍ഷനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments