KeralaLatest News

മുഖ്യമന്ത്രിയുടേതായി അവിടെ പോയിരിക്ക് എന്ന പ്രയോഗം കൂടി കിട്ടി; വിമർശനവുമായി വി.ടി ബല്‍റാം

വേദിയില്‍ കയറി സംസാരിക്കുന്ന സ്ത്രീയോട് അവിടെ പോയിരിക്ക് എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് വിടി. ബല്‍റാം എംഎല്‍എ. കടക്ക് പുറത്ത്, മാറി നിൽക്ക് അങ്ങോട്ട് എന്നിവയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റേതായി “അവിടെ പോയിരിക്ക്” എന്ന ഒരു പ്രയോഗം കൂടി മലയാളത്തിന് വീണുകിട്ടിയെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഞാനദ്ദേഹത്തെ കുറ്റം പറയില്ല, കാരണം പഞ്ചപുച്ഛമടക്കി നിൽക്കുന്ന പാർട്ടി പ്രവർത്തകരോടല്ലാതെ സാധാരണ ജനങ്ങളുമായി നേരിട്ട് ഇടപഴകാൻ അദ്ദേഹത്തിന് ഈയടുത്തകാലം വരെഅധികം അവസരമുണ്ടായിട്ടില്ലെന്നും വിടി ബൽറാം വ്യക്തമാക്കി.

Read also: പൊതുവേദിയില്‍ വെച്ച്‌ പ്രായമായ സ്ത്രീയോട് രോഷാകുലനായി പെരുമാറുന്ന മുഖ്യമന്ത്രി; വീഡിയോയുടെ സത്യാവസ്ഥ പുറത്ത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കടക്ക് പുറത്ത്, മാറി നിൽക്ക് അങ്ങോട്ട് എന്നിവയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റേതായി “അവിടെ പോയിരിക്ക്” എന്ന ഒരു പ്രയോഗം കൂടി മലയാളത്തിന് വീണുകിട്ടിയിട്ടുണ്ട്. ഞാനദ്ദേഹത്തെ കുറ്റം പറയില്ല, കാരണം പഞ്ചപുച്ഛമടക്കി നിൽക്കുന്ന പാർട്ടി പ്രവർത്തകരോടല്ലാതെ സാധാരണ ജനങ്ങളുമായി നേരിട്ട് ഇടപഴകാൻ അദ്ദേഹത്തിന് ഈയടുത്തകാലം വരെ അധികം അവസരമുണ്ടായിട്ടില്ല. മൈക്ക് ഓപ്പറേറ്റർ തൊട്ട് മാധ്യമപ്രവർത്തകർ വരെ സാധാരണക്കാരായ നിരവധിപേർ അദ്ദേഹത്തിന്റെ ക്ഷിപ്രകോപത്തിന് മുൻപും ഇരയായിട്ടുണ്ട്. പക്ഷേ മുഖ്യമന്ത്രി ഒരു വയോധികയെ ആട്ടിയോടിക്കുന്ന ആ വിഡിയോ ശകലം ഒരുപാട് പ്രചരിക്കുന്നത് കണ്ടപ്പോൾ രണ്ടാഴ്ച മുൻപ് അദ്ദേഹത്തിന്റെ അനുയായികൾ നടത്തിയ മറ്റൊരു ഹേറ്റ് ക്യാമ്പയിൻ സാന്ദർഭികമായി ഓർത്തുപോവുകയാണ്.

ഏതാനും ദിവസം മുൻപ് തൃത്താല വെള്ളിയാങ്കല്ലിന് സമീപം ”ജനങ്ങൾ എംഎൽഎയെ തടയുന്നു” എന്ന് പറഞ്ഞു കൊണ്ട് സൈബർ വെട്ടുകിളികൾ ഒരു വിഡിയോ ശകലം പ്രചരിപ്പിച്ച് ആഘോഷിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ അന്നവിടെ കൂടിയ നാട്ടുകാർക്കെല്ലാം അറിയാമെങ്കിലും പോരാളി ഷാജിയുടെ വേർഷനാണ് പുറമേയുള്ളവർക്ക് മുൻപിൽ കൂടുതലായി എത്തിയത്. ആ ദിവസങ്ങളിൽ അതിന് മറുപടി പറയാൻ എനിക്കും സമയം കിട്ടിയില്ല.

വെള്ളിയാങ്കല്ലിലെ ഷട്ടറുകൾ പ്രവർത്തിക്കാത്തതിനാൽ വിചാരിക്കാതിരുന്ന സമയത്ത് വീട്ടിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായ നാട്ടുകാരുടെ പ്രതിഷേധമായിരുന്നു അന്നവിടെ അരങ്ങേറിയത്. എന്നാൽ സൈബർ പോരാളികൾ വരുത്തിത്തീർക്കാൻ ശ്രമിച്ചത് പോലെ എംഎൽഎക്കെതിരെ ആയിരുന്നില്ല ആ പ്രതിഷേധം, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഉടൻ തങ്ങൾക്ക് മുന്നിൽ ഹാജരാക്കണമെന്നായിരുന്നു ജനക്കൂട്ടത്തിന്റെ ആവശ്യം. ഇതാവശ്യപ്പെട്ട് വഴിതടയലും ആത്മഹത്യാ ഭീഷണിയും വരെ അവിടെക്കൂടിയ ദുരിതബാധിതരിൽ ചിലരിൽ നിന്നുണ്ടായി. ആ സമയത്ത് ഔദ്യോഗിക വാഹനത്തിൽ അതുവഴി വന്ന പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ ജനങ്ങൾ വാഹനത്തിന്റെ ചാവി ഊരി വഴിയിലിറക്കി നടത്തുകയും ചെയ്തു. കുറേ ദൂരം നടന്ന് പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് പ്രസിഡണ്ടിന് വീട്ടിൽപ്പോവാനായത്. പട്ടാമ്പി പാലം അടച്ചതുകാരണം വഴിതിരിച്ചുവിടപ്പെട്ട വാഹനങ്ങളും ഇവിടെ വന്ന് ബ്ലോക്ക് ആവുന്ന സാഹചര്യം സംജാതമായി. ആംബുലൻസുകൾ പോലും കടന്നുപോവാൻ ബുദ്ധിമുട്ടി.

പാലത്തിന് മുകളിൽ ഷട്ടർ ഉയർത്തുന്നവരുടെ ഒപ്പം നിൽക്കുകയായിരുന്ന ഞാൻ ഈ ബഹളം കേട്ടിട്ടാണ് ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്നത്. മറ്റ് പല ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളുമൊക്കെ പരിസരത്തുണ്ടായിരുന്നു എങ്കിലും അവരൊക്കെ പ്രശ്നത്തിലിടപെടാതെ തന്ത്രപരമായി മാറി നിൽക്കുകയായിരുന്നു. തൃത്താലയിലെവിടെയും ജനങ്ങളെ ഭയക്കേണ്ട സാഹചര്യം എനിക്കില്ലാത്തതിനാൽത്തന്നെയാണ് പ്രതിഷേധിച്ചു നിൽക്കുന്നവരുടെ ഇടയിലേക്ക് ഞാൻ ആത്മവിശ്വാസത്തോടെ കടന്നുചെന്നത്. എന്നോടും അവർക്ക് പറയാനുണ്ടായിരുന്നത് ഉദ്യോഗസ്ഥരെ ഹാജരാക്കുന്ന വിഷയം തന്നെയായിരുന്നു. എന്നാൽ പ്രകോപിതരായി നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് ഉദ്യോഗസ്ഥരെ വിട്ടുകൊടുത്താൽ എന്തായിരിക്കും ഉണ്ടാവുക എന്ന് ബോധ്യമുള്ളത് കൊണ്ട് അത് സാധ്യമല്ലെന്നുള്ള നിലപാട് കർക്കശമായിത്തന്നെ അവരോട് പറയേണ്ടി വന്നു. ഉദ്യോഗസ്ഥർ ഷട്ടറുയർത്തുന്ന പ്രവർത്തനങ്ങളിലാണെന്നും അൽപ്പസമയം കഴിഞ്ഞ് ചർച്ച ആവാമെന്നും ഞാൻ പറഞ്ഞപ്പോൾ റോഡ് ഉപരോധം ഒഴിവാക്കാനവർ തയ്യാറായി. എന്നാൽ അരമണിക്കൂർ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെ കാണാത്തതിനാൽ വീണ്ടും ആളുകൾ സംഘടിച്ച് ബഹളമുണ്ടാക്കാൻ തുടങ്ങിയപ്പോൾ അവരെ സമാധാനിപ്പിക്കാൻ വീണ്ടുമെനിക്ക് ചെല്ലേണ്ടി വന്നു. ഉദ്യോഗസ്ഥരെയും ജനങ്ങളെയും വച്ചുകൊണ്ടുള്ള ഒരു യോഗം ഞാൻ തന്നെ പിന്നീട് വിളിച്ച് ചേർക്കാമെന്നും ജനങ്ങൾക്ക് പറയാനുള്ളത് മുഴുവൻ പറയാനുള്ള അവസരമൊരുക്കാമെന്നും അതുവരെ എല്ലാവരും സഹകരിക്കണമെന്നുമുള്ള എന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെ ജനങ്ങൾ അവസാനം സ്വീകരിക്കുകയായിരുന്നു. പിരിഞ്ഞുമാറിയ ഇവർ തന്നെയാണ് പിന്നീട് ബാക്കിയുള്ള രക്ഷാപ്രവർത്തനങ്ങളിലും കാര്യമായി സഹകരിച്ചത്. ഇതിനിടയിലെ ഒരു വിഡിയോ ശകലമാണ് എനിക്കെതിരായ രാഷ്ട്രീയ പ്രചരണത്തിനായി സിപിഎം മാധ്യമങ്ങൾ വ്യാപകമായി ഉപയോഗിച്ചത്.

ക്രൈസിസ് സിറ്റുവേഷനുകളിൽ പകച്ചു നിൽക്കാതെയും ഒളിച്ചോടാതെയും ജനങ്ങൾക്കൊപ്പം നിൽക്കുക, അവർക്ക് പറയാനുള്ളത് പരമാവധി സംയമനത്തോടെ കേൾക്കുക, ആവുംവിധം സമാധാനിപ്പിക്കുക എന്നതൊക്കെയാണ് ജനപ്രതിനിധികളുടെ ഉത്തരവാദിത്തം. ജനങ്ങളുടെ പ്രതികരണം പലപ്പോഴും വൈകാരികമായിരിക്കും. എന്നാൽ അവർക്കടുപ്പമുള്ള ജനപ്രതിനിധികളെ സംബന്ധിച്ച് അത് നൈമിഷികവുമായിരിക്കും. വെള്ളം കയറിയ പല വീടുകളിലും ഞാൻ പിറ്റേന്ന് സന്ദർശനം നടത്തിയപ്പോൾ വളരെ സ്നേഹപൂർവ്വം സ്വീകരിച്ചതും തലേന്ന് ബഹളം വച്ചവർ തന്നെയായിരുന്നു. ഞാൻ ഉറപ്പു നൽകിയ ആ യോഗം മിനിഞ്ഞാന്ന് 22/08/2019 ന് വിളിച്ചു ചേർക്കുകയും ചെയ്തു. ദുരിതബാധിതരായ എഴുപതോളം നാട്ടുകാർക്ക് അതിൽ പങ്കെടുത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ അടക്കമുള്ള ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് മുൻപിൽ അവർക്ക് പറയാനുള്ളതെല്ലാം പറയാൻ അവസരമുണ്ടായി. ഭാവിയിൽ ഇത്തരം സാഹചര്യമാവർത്തിക്കാതിരിക്കാൻ പല ക്രിയാത്മക നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നു. പരുതൂർ, തൃത്താല, പട്ടിത്തറ, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു എങ്കിലും അവർ ആരും പങ്കെടുത്തില്ല.

തൃത്താല മഹാരാജാവ് എന്നൊക്കെ ആക്ഷേപിക്കുന്നവർ കാണാതെ പോകുന്നതും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും ഇത്തരം യാഥാർത്ഥ്യങ്ങളാണ്. ജനങ്ങളെ ആട്ടിയോടിക്കുന്ന കമ്മ്യൂണിസ്റ്റ് മഹാരാജാക്കന്മാരെയേ അവർ കണ്ട് പരിചയിച്ചിട്ടുള്ളൂ എന്നത് അവരുടെ കാഴ്ചയുടെ പരിമിതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button