ഓണത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് പറയപ്പെടുന്നതെങ്കിലും വളരെ മുന്‍പേ തന്നെ കേരളത്തിലും മധുര ഉള്‍പ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ പറയുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്. ബി.സി. രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന ‘മാങ്കുടി മരുതനാര്‍’ എന്ന പാണ്ഡ്യരാജാവിന്റെ തലസ്ഥാന നഗരിയായിരുന്ന മധുരയില്‍ ഓണം ആഘോഷിച്ചിരുന്നതായി അതില്‍ വര്‍ണ്ണനയുണ്ട്. ശ്രാവണ പൗര്‍ണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തില്‍ ‘ഓണസദ്യയും’ പ്രധാനമായിരുന്നു.
ഒമ്പതാം ശതകത്തിന്റെ ആദ്യഘട്ടത്തില്‍ ജീവിച്ചിരുന്ന പെരിയാഴ്വരുടെ ‘തിരുമൊഴി’ എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ചേരന്മാരില്‍ നിന്ന് കടം എടുത്ത അല്ലെങ്കില്‍ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാല്‍ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മലബാര്‍ മാന്വലിന്റെ കര്‍ത്താവ് ലോഗന്‍ സായ്പിന്റെ അഭിപ്രായത്തില്‍ എ.ഡി. 825 മുതലാണ് ഓണം ആഘോഷിച്ചു തുടങ്ങിയത്. മഹാബലിയുടെ ഓര്‍മ്മക്കായി ഭാസ്കര രവിവര്‍മ്മയാണിത് ആരംഭിച്ചതെന്നും ലോഗന്‍ അഭിപ്രായപ്പെടുന്നു. കേരള ചരിത്ര കര്‍ത്താവ് കൃഷ്ണപിഷാരടി, എ.ഡി. 620നും 670നും ഇടയില്‍ ഓണം ആഘോഷിക്കാന്‍ തുടങ്ങിയതായി പറയുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച അറബിസഞ്ചാരി അല്‍ബി റൂണിയും 1154ല്‍ വന്ന ഈജിപ്ഷ്യന്‍ സഞ്ചാരി അല്‍ ഇദ്രീസിയും 1159ല്‍ ഫ്രഞ്ച് സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ‘ഉണ്ണുനൂലി സന്ദേശ’ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമര്‍ശമുണ്ട്.
Post Your Comments