കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ നിന്നും സ്ഥലം മാറ്റി. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയിലേക്കാണ് സ്ഥലംമാറ്റിയത്. ഓര്‍ഡര്‍ ലഭിച്ച വ്യാഴാഴ്ചതന്നെ റിലീവ് ചെയ്യണമെന്നാണുത്തരവ്.
കഴിഞ്ഞ 17-ാം തീയ്യതി മേയര്‍ ഇ.പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് എല്‍.ഡി.എഫിന്റെ നാല് വര്‍ഷത്തെ ഭരണത്തിന് അറുതി വരുത്തിയത് രാഗേഷിന്റെ പിന്തുണയായിരുന്നു. ഇതിനുള്ള തികിച്ചടിയായിട്ടാണ് ഇപ്പോഴത്തെ സ്ഥലംമാറ്റമെന്നും ആരോപണമുണ്ട്.
അതിനിടെ, പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള പള്ളിക്കുന്ന് സഹകരണബാങ്കിനെതിരേ ക്രമക്കേട് ആരോപണം സംബന്ധിച്ചുള്ള സഹകരണവകുപ്പിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേചെയ്തിട്ടുണ്ട്. നേരത്തേ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചുകൊണ്ടിരുന്നത്. അവിടെ നടന്ന നിയമനത്തിലുംമറ്റും ക്രമക്കേടുണ്ടെന്നാരോപിച്ച് ഒരുവര്‍ഷംമുമ്പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. രാഷ്ട്രീയപ്രതികാരം തീര്‍ക്കാന്‍ സഹകരണവകുപ്പിനെക്കൊണ്ട് അന്വേഷണംനടത്തി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം കൊണ്ടുവരാനാണ് നീക്കമെന്ന് പി.കെ.രാഗേഷ് ആരോപിച്ചിരുന്നു.
പി.കെ.രാഗേഷ് യു.ഡി.എഫുമായി അടുക്കുകയും അവിശ്വാസപ്രമേയത്തിലൂടെ എല്‍.ഡി.എഫിന് മേയര്‍സ്ഥാനം നഷ്ടപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതികാരമാണ് സ്ഥലംമാറ്റം. ഡെപ്യൂട്ടി മേയര്‍ ചുമതലയുള്ള പി.കെ.രാഗേഷിനെ നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള പേരാവൂരിലേക്കുമാറ്റിയത് ബുദ്ധിമുട്ടിക്കാന്‍ മാത്രമാണെന്ന് യു.ഡി.എഫ്. കുറ്റപ്പെടുത്തുന്നു. ഡെപ്യൂട്ടി മേയര്‍ക്കെതിരേ അവിശ്വാസപ്രമേയവും മേയര്തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തില്‍, പി.കെ.രാഗേഷിനെ സ്ഥലംമാറ്റിയതില്‍ എതിര്‍പക്ഷം ചില ലക്ഷ്യങ്ങള്‍ കാണുന്നുണ്ട്.
Post Your Comments