KeralaLatest NewsNews

കയറിയിടത്തുനിന്നെല്ലാം കണക്കിന് കിട്ടുകയും ചെയ്തിട്ടുണ്ട്; കമ്യൂണിസ്റ്റ്‌ പാർട്ടികൾക്കിപ്പോൾ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാർക്കിടയിലുള്ളൂ- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം•കുളിപ്പിച്ചുകുളിപ്പിച്ചു കുട്ടിയില്ലാണ്ടായി എന്ന അവസ്ഥയിലാണ് കേരളത്തിലെ സി. പി. എം ഇപ്പോഴെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വിശ്വാസികളുടെ പിന്തുണ ഇനി എത്ര പരിശ്രമിച്ചാലും സി. പി. എമ്മിന് തിരിച്ചുകിട്ടാൻ പോകുന്നില്ല. സംഘടിതശക്തി ഉപയോഗിച്ചോ കുറുക്കുവഴിയിലൂടെയോ ക്ഷേത്രങ്ങൾ കയ്യടക്കാൻ വന്നാൽ വിശ്വാസികൾ അവരെ ആട്ടിയോടിക്കുക തന്നെ ചെയ്യും. വലിയ പ്രചാരണം കൊടുത്ത് നടപ്പിലാക്കിയ മതേതര ശ്രീകൃഷ്ണജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ പൊലീസ് നടപടിയിലും കള്ളക്കേസ്സുകളിലും ഈ സർക്കാരിന് താമസംവിനാ നിയമവഴിയിൽ തന്നെ തിരിച്ചടികിട്ടുമെന്നുറപ്പാണ്. അനിവാര്യമായ തകർച്ചയാണ് സി. പി. എമ്മിനെ കാത്തിരിക്കുന്നത്. ശബരിമല അതിനൊരു നിമിത്തമായി എന്നുമാത്രം. സംസ്ഥാനകമ്മിറ്റിയും സെക്രട്ടറിയേറ്റുമൊക്കെ ദിവസങ്ങളോളം കൂടിയിരുന്ന് കാലം കഴിക്കുകയല്ലാതെ അതിലെ തീരുമാനങ്ങളൊന്നും നടപ്പാക്കാൻ അവർക്കു കഴിയില്ല.

വമ്പിച്ച ഗൃഹസമ്പർക്കം പ്ളാൻ ചെയ്തിട്ട് സംസ്ഥാനത്തെ പത്തുശതമാനം വീടുപോലും കയറിത്തീർക്കാൻ അവർക്കുകഴിഞ്ഞിട്ടില്ല. കയറിയിടത്തുനിന്നെല്ലാം കണക്കിന് കിട്ടുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റ്‌ പാർട്ടികൾക്കിപ്പോൾ വെറും ഓട്ടമുക്കാലിന്റെ വിലയേ നാട്ടുകാർക്കിടയിലുള്ളൂവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button