കൊല്‍ക്കത്ത: ചായ വിറ്റു നടന്ന കുട്ടിക്കാലജീവിതം ഓര്‍മിച്ച് താന്‍ താഴേത്തട്ടിലുള്ളവനാണെന്ന് പല സന്ദര്‍ഭങ്ങളിലും മോദി അഭിമാനത്തോടെ പറയാറുണ്ട്. പശ്ചിമബംഗാളില്‍ മോദിയുടെ പ്രധാന എതിരാളിയായ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പക്ഷേ അങ്ങനെയൊരു കുട്ടിക്കാല അനുഭവമില്ല. എങ്കിലും തെരുവില്‍ ചായയുണ്ടാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് നല്ലതേ വരുത്തൂ എന്നറിയാമായിരിക്കും. എന്തായാലും ബംഗാളിലെ ബീച്ച് ടൗണ്‍ ഓഫ് ദിഗ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി വഴിയോരത്തെ സാധാരണക്കാര്‍ക്ക് ചായയുണ്ടാക്കി നല്‍കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
തലസ്ഥാനമായ കൊല്‍ക്കത്തയില്‍ നിന്ന് 182 കിലോമീറ്റര്‍ അകലെ ബുധനാഴ്ച ദത്താപൂര്‍ ഗ്രാമത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരു ചായക്കടക്ക് മുന്നില്‍ മമത കാര്‍ നിര്‍ത്തുകയായിരുന്നു. ‘ചിലപ്പോള്‍ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ നമ്മെ സന്തോഷിപ്പിക്കും. നല്ല ചായ ഉണ്ടാക്കുന്നതും പങ്കിടുന്നതും അതിലൊന്നാണ്.’ എന്ന കുറിപ്പോടെ വഴിയരുകിലെ കടയില്‍ ചായയുണ്ടാക്കി വിതരണം ചെയ്യുന്ന വീഡിയോ അവര്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു കുട്ടിയെ ഓമനിക്കുന്നതും അതിന് കേക്ക് വാങ്ങി നല്‍കുന്നതും വീഡിയോയില്‍ കാണാം.
പൊതുജനങ്ങളോട് നന്നായി സംസാരിക്കുന്ന വൃക്തിയാണ് മമതയെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം തന്റെ പ്രതിച്ഛായ തിരുത്താനുള്ള മമതയുടെ മന:പൂര്‍വമായ ശ്രമമായാണ് രാഷ്ട്രീയ എതിരാളികള്‍ ഇതിനെ കണക്കാക്കുന്നത്.
Post Your Comments