വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിള്‍ പാറയ്ക്കല്‍ നിയമക്കുരുക്കിലേക്ക്. ഫാദര്‍. നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു. സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്.മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രചരണമെന്നാണ് സിസ്റ്ററുടെ പരാതി.
‘അടുക്കള വാതിലിലൂടെ സിസ്റ്റര്‍ പുരുഷന്മാരെ അകത്തു വിളിച്ചു കയറ്റി’യെന്നു പറഞ്ഞാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ചത് മാനന്തവാടി രൂപത പി.ആര്‍ ആംഗമായ നോബിള്‍ തോമസ് പാറയ്ക്കലാണ്. കേസിലാകെ ആറ് പ്രതികളുണ്ട്. മദര്‍ സുപ്പീരിയറും പ്രതിപ്പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയുടെ മൊഴി ഉടന്‍ സ്വീകരിക്കുമെന്ന് വെള്ളമുണ്ട പൊലീസ് വ്യക്തമാക്കി.
വാര്‍ത്തശേഖരണവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആര്‍ഒയും വൈദികനുമായ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
‘ഒരു പൂട്ടിയിടല്‍ അപാരത’ എന്നതടക്കമുള്ള പരിഹാസപരാമര്‍ശങ്ങളുള്ള വീഡിയോയില്‍ സിസ്റ്റര്‍ ലൂസി മഠത്തിന്‍റെ പിന്‍വാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയവരില്‍ ഒരാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് കളഞ്ഞ് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.’എന്നെ അപമാനിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മാനന്തവാടി പിആര്‍ഒയായ ഫാ. നോബിള്‍ തോമസ് പാറയ്ക്കലിന് മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കിയത് സിസ്റ്റര്‍ ലിജി മരിയയും ജ്യോതി മരിയയും ചേര്‍ന്നാണ്.
എന്നെ കാണാന്‍ വന്ന സുഹൃത്തുക്കളായ മാധ്യമപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുകയായിരുന്നു. എന്‍റെ സ്ത്രീത്വത്തെയാണ് അദ്ദേഹം തെരുവിലിട്ട് പിച്ചിച്ചീന്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം നടപടികള്‍ തുടങ്ങിയിട്ട്. കന്യാസ്ത്രീയായ എന്നോടിതുപോലെയാണ് ഇവര്‍ പെരുമാറുന്നതെങ്കില്‍ മറ്റ് സ്ത്രീകളെ ഇവരെന്തെല്ലാം ചെയ്യും?’, സിസ്റ്റര്‍ ലൂസി ചോദിക്കുന്നു.
സിസ്റ്ററിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന് ഇന്ന് മഠത്തില്‍ എത്തിയ ബന്ധുക്കളും ആവശ്യപ്പെട്ടു. ‘ഇവിടെ എത്തിയപ്പോഴാണ് സ്ഥിതി ഇത്ര ഗുരുതരമാണെന്ന് മനസ്സിലാകുന്നത്. ആദ്യം സിസ്റ്ററെ അവര്‍ പൂട്ടിയിട്ടു. ഇപ്പോള്‍ ഭക്ഷണം കൊടുക്കുന്നില്ല. സ്വാതന്ത്ര്യമില്ല. മാനസികമായും ശാരീരികമായും അവരെ പീഡിപ്പിക്കുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും. സിസ്റ്ററിനൊപ്പമുണ്ടാകും. സിസ്റ്ററിന് ആരുമില്ല എന്ന തോന്നല്‍ വേണ്ട. ഞങ്ങളെല്ലാവരും സിസ്റ്ററിനൊപ്പമുണ്ട്’, സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ബന്ധു പറയുന്നു.
Post Your Comments