KeralaLatest News

അഴിമതിക്കാരെ കൈവിടാതെ സര്‍ക്കാര്‍; എന്‍.കെ മനോജിന്റെ നിയമനത്തുടര്‍ച്ച വിവാദമാകുന്നു

 

തിരുവനന്തപുരം: അഴിമതിയാരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സര്‍ക്കാര്‍ സംരക്ഷണം. വ്യവസായവകുപ്പിന് കീഴില്‍ കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡി എന്‍ കെ മനോജിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയാണ് സര്‍ക്കാര്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് പരിരക്ഷ നല്‍കിയത്. ആയിരം കോടിയുടെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നതാണ് ഏറെ ശ്രദ്ധേയം.

2015ല്‍ എന്‍ കെ മനോജ് കൃഷി വകുപ്പിന് കീഴിലെ കാംകോയുടെ മാനേജിംഗ് ഡയറക്ടറായിരിക്കെ അക്കൗണ്ട് ജനറലും സംസ്ഥാന ധനകാര്യപരിശോധനാ വിഭാഗവും കണ്ടെത്തിയത് വന്‍ ക്രമക്കേടായിരുന്നു. കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിച്ചതില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നായിരുന്നു എജിയുടേയും ധനകാര്യപരിശോനാ വിഭാഗത്തിന്റെയും കണ്ടെത്തല്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിരുന്നു.

വിജിലന്‍സ് അന്വേഷണത്തില്‍ പക്ഷേ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതിനിടെ യുഡിഎഫ് സര്‍ക്കാര്‍ മാറി പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ മനോജിനെ സ്ഥാനത്തുനിന്നും മാറ്റി. എന്നാല്‍ വൈകാതെ എന്‍ കെ മനോജിനെ വ്യവസായ വകുപ്പിന് കീഴില്‍ കരകൗശല കോര്‍പ്പറേഷന്റെ തലപ്പത്ത് നിയമിച്ചു. ഈ മാസം മൂന്നിന് മനോജിന്റെ കാലാവധി അവസാനിച്ചെങ്കിലും ഒരു വര്‍ഷം കൂടി നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെയുള്ള നിയമനം വിജിലന്‍സ് അനുമതിയോടെയാണെന്നും കാലാവധി നീട്ടാന്‍ വീണ്ടും അനുമതി തേടേണ്ടെന്നുമാണ് വ്യവസായമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. അഴിമതി കേസില്‍ പ്രതിയായ കെ എന്‍ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡിന്റെ എം ഡിയാക്കാനുള്ള നീക്കം അടുത്തിടെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് അഴിമതികേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button