മലേഷ്യയില്‍ ഇന്ത്യക്കാര്‍ ഒട്ടും സുരക്ഷിതരെല്ലെന്ന് തെളിയിക്കുന്ന ഒരു കുറിപ്പ് പുറത്ത്. മലേഷ്യയില്‍ ജോലി ചെയ്യുന്ന ആബിദ് അടിവാരം എന്നയാളാണ് രാജ്യത്തെ മനുഷ്യക്കടത്തിനെക്കുറിച്ച് നടുക്കുന്ന കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരകളായിട്ടുള്ള പലരെയും ആബിദും സുഹൃത്ത് നസീറും സഹായിച്ചു വരികയാണ്. ഇല്ലീഗല്‍ വിസയില്‍ ഒരു ഫാക്ടറിയില്‍ ജോലി ചെയ്ത്, കൈവിരലുകള്‍ അറ്റുപോയ മലയാളി യുവാവിനക്കുറിച്ച് ആബിദ് കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മനുഷ്യക്കടത്തിന്റെ മലേഷ്യൻ ഇരകൾ
————————————————–
ചിത്രത്തിൽ കാണുന്നത് 28 വയസ്സുകാരനായ ഒരു മലയാളി ചെറുപ്പക്കാരന്റെ കൈകളാണ്, രണ്ടു മാസം മുമ്പ് വരെ അയാളുടെ കൈകളിൽ പത്തു വിരലുകളും ഉണ്ടായിരുന്നു!
സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ നസീർ പൊന്നാനിയുടെ Nazeer Ekka ഒരു ഫോൺ കോൾ വന്നു “ഭായി, വല്ലാത്തൊരു കേസ് വന്നു പെട്ടിട്ടുണ്ട്…
ഏജന്റുമാരുടെ കെണിയിൽപെട്ട് നാട്ടിൽ നിന്നെത്തിയ പയ്യനാണ്, സാമ്പത്തീക സ്ഥിതി ദയനീയമാണ്, ഗത്യന്തരമില്ലാതെ ഒരു ഫാക്റ്ററിയിൽ ജോലി ചെയ്തു, വിസ ഇല്ല. ഇല്ലീഗലാണ്. നാലാഴ്ച മുമ്പ് കൈ ഒരു മെഷിനിൽ കുടുങ്ങി വിരലുകൾ അറ്റുപോയി…
ഏതോ ഒരാശുപത്രിയിൽ കൊണ്ടുപോയി മുറിവുണക്കി….ഇപ്പോൾ കമ്പനിയും ഏജന്റും കൈവിട്ട മട്ടാണ്
കൈ പോയ വിവരം നാട്ടിൽ അറിയിച്ചിട്ടില്ല, അച്ഛൻ ഹാർട്ട് പേഷ്യന്റ് ആണ് ഈ വിവരം അറിഞ്ഞാൽ അറ്റാക്ക് വരുമോ എന്ന് പേടിയാണയാൾക്ക്
നമുക്ക് എന്ത് ചെയ്യാൻ പറ്റും? അയാൾക്കൊരു കൗൺസിലിംഗ് നിർബന്ധമാണ്, നിങ്ങളൊന്നു വിളിക്ക്”
ഇത്രയേ നസീർക്ക പറഞ്ഞുള്ളൂ…
രണ്ടു കയ്യിലേയും വിരലുകൾ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരനോട് നാളെയെക്കുറിച്ച് സംസാരിക്കുന്നതിന്റെ ‘സുഖം’ അനുഭവിച്ചറിയേണ്ടത് തന്നെയാണ്.
READ ALSO: വായ്‌നാറ്റം അലട്ടുന്നുണ്ടോ? എങ്കില്‍ ഈ പൊടിക്കൈകള്‍ പരീക്ഷിക്കാം
ഏതായാലും ഏജന്റും കമ്പനിയുമായി സംസാരിച്ച് കിട്ടാവുന്നത്ര കാശ് വാങ്ങിക്കൊടുത്ത്, ആകാവുന്നത്ര ധൈര്യവും കൊടുത്ത് അയാളെ നാട്ടിലേക്ക് പറഞ്ഞു വിട്ടു, അതെ കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്ന പലരും അവിടെ തന്നെയുണ്ട്, അതൊലൊരാളുടെ കണ്ണിൽ ചെറിയൊരു ഇരുമ്പ് ചീള് കേറിയിട്ട് മാസം ആറ് കഴിഞ്ഞു, ലൊട്ടു ലൊടുക്ക് ഓയിൽമെന്റുകളാണ് ചികിത്സ!
ഒന്നും രണ്ടുമല്ല, നൂറുകണക്കിന് ചെറുപ്പക്കാരാണ് മലേഷ്യയിൽ വന്നു പെട്ടിട്ടുള്ളത്, ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്, കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത വിഷ്ണു എന്ന ചെറുപ്പക്കാരന്റെ ചിതാഭസ്മവുമായി നാട്ടിലേക്ക് പോയ നസീർക്കയെപ്പോലുള്ളവർക്ക് കഥന കഥകൾ ഒരു പാട് പറയാനുണ്ട്. ബാദുഷയെപ്പോലുള്ള Badushah Shahപൊതു പ്രവർത്തകർ ഓരോദിവസവും ഇടപെടുന്ന കേസുകളുടെ എണ്ണം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.
READ ALSO: ഉത്തരേന്ത്യയിലെ കനത്ത മഴ : യമുനാ നദിയൊഴുകുന്നത് അപകട മേഖലയും കടന്ന് : ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം
എന്താണ് സംഭവിക്കുന്നത്,?
എന്താണ് മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് എന്ന് മുമ്പും എഴുതിയിട്ടുള്ളതാണ്
കാര്യം സിമ്പിളാണ്
മലേഷ്യയിൽ ജോലിയുണ്ടെന്ന് പരസ്യം ചെയ്യും ഏതെങ്കിലും കമ്പനിയുടെ ചിത്രവും അഡ്രസ്സും കാണിച്ചു കൊടുക്കും ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കാൻ പറയും, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അന്വേഷിക്കാൻ HR ഡിപ്പാർട്ട്മെന്റിന്റെ ഇമെയിൽ അഡ്രസ്സും കൊടുക്കും, ചിലർ HR മാനേജറുടെ ഫോൺ നമ്പർ വരെ കൊടുക്കും. ഇത്രയൊക്കെ പോരേ വിശ്വസിക്കാൻ!
ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം വരെയാണ് വിസക്ക് ചാർജ്ജ്, കേരളം തമിഴ്‌നാട് ബീഹാർ ആന്ധ്ര പഞ്ചാബ് തുടങ്ങിയ സ്റ്റേറ്റുകളിൽ നിന്നാണ് ഏറ്റവുമധികൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.
പണം കൊടുത്തുകഴിഞ്ഞാൽ വിസിറ്റ് വിസയിൽ കൊണ്ട് വരും, മലേഷ്യയിൽ എത്തിയിട്ട് എംപ്ലോയ്‌മെന്റ് വിസയിലേക്ക് മാറാം എന്നായിരിക്കും ഓഫർ, എയർപോർട്ടിൽ ഇറങ്ങിക്കഴിഞ്ഞാൽ ദൂരെയുള്ള ഏതെങ്കിലും ഫാക്റ്ററികളിലേക്ക് കൊണ്ട് പോകും, തുച്ഛമായ ശമ്പളത്തിന് എടുത്താൽ പൊങ്ങാത്ത ജോലി ചെയ്യേണ്ടി വരും പലതും അപകടകരമായ ജോലികൾ… പാസ്പ്പോർട്ട് ഏജന്റിന്റെ കയ്യിൽ ആയിരിക്കും
ഗത്യന്തരമില്ലാതെ പലരും ജോലി ചെയ്യും,
പലരോടും പലകുറി പറഞ്ഞുമടുത്ത കാര്യങ്ങൾ ഒന്ന് കൂടി പറയാം
മലേഷ്യയിൽ ജനറൽ വർക്കേഴ്സ് ജോലിയിൽ ഇന്ത്യക്കാർക്ക് വിസ കൊടുക്കുന്നില്ല
അഡ്മിനിസ്ട്രേഷൻ ,സെക്രട്ടറി, അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി തുടങ്ങി ഏജന്റുമാർ ഓഫർ ചെയ്യുന്ന എല്ലാ തസ്തികകളും മലേഷ്യൻ പൗരന്മാർക്ക് സംവരണം ചെയ്തു വെച്ചതാണ്, വിദേശികൾക്ക് വിസ കിട്ടില്ല
നമ്മളിപ്പോൾ സൗദിയിൽ കാണുന്ന ‘നിതാഖത്ത്’ വ്യവസ്ഥകൾ പതിനഞ്ചു കൊല്ലം മുമ്പ് നടപ്പാക്കിയ രാജ്യമാണ് മലേഷ്യ
HR ഡിപ്പാർട്ട്മെന്റിന്റെ ഇമെയിലും മാനേജരുടെ ഫോൺ നമ്പറുമൊക്കെ നൂറു ശതമാനം വ്യാജമാണ്
ഗൾഫ് രാജ്യങ്ങളിലെപ്പോലെ വിസിറ്റ് വിസയിൽ ചെന്ന് ജോലികണ്ടെത്തി വിസയിലേക്ക് മാറാനുള്ള സംവിധാനം മലേഷ്യയിൽ ഇല്ല
ഇത്രയൊക്കെ അറിഞ്ഞിട്ടും അഥവാ ബിരിയാണി കൊടുക്കുണ്ടെങ്കിലോ എന്ന് കരുതി വന്നു നോക്കി കുടുങ്ങിയ നിരവധി പേരുണ്ട്
പാവങ്ങളോട് സംസാരിച്ചാൽ നമുക്കവരോടുള്ള ദേഷ്യവും പ്രതിഷേധവുമെല്ലാം പമ്പകടക്കും
മലേഷ്യയുടെ പല ഭാഗത്ത് നിന്ന് വന്നു ചേർന്ന നാട്ടിൽ പോവാൻ വഴി അന്വേഷിച്ച് നസീർക്കയുടെ ഷെൽട്ടറിൽ താമസിക്കുന്നവരെ കാണാൻ പോയിരുന്നു ഇക്കഴിഞ്ഞ പെരുന്നാൾ ദിവസം
READ ALSO: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി വിശാഖ എക്സപ്രസിലെ എന്‍ജിന്‍ ബോഗി ബന്ധം വേര്‍പെട്ടു
25 നും 35 നും ഇടക്ക് പ്രായമുള്ള ചെറുപ്പക്കാരാണ് എല്ലാവരും, സങ്കട കഥകളാണ്
“കുടുങ്ങിപ്പോയി സാറേ, ഗത്യന്തരമില്ലാത്തത് കൊണ്ട് വന്നതാണ്, നാട്ടിൽ കൂലിപ്പണി വരെ കിട്ടാനില്ല, ഉള്ള പണി 400 രൂപക്ക് ബംഗാളികൾ ചെയ്യും, ദിവസക്കൂലിക്ക് പണിയെടുത്താൽ തീർക്കാൻ പറ്റാത്തത്രയും ബാധ്യതകളുണ്ട്, വീടില്ല, പെങ്ങമ്മാരുണ്ട് സുഖമില്ലാത്ത മാതാപിതാക്കളുണ്ട് …….”
നോട്ടു നിരോധനത്തിന് ശേഷം വഴിമുട്ടിയ തെരുവ് കച്ചവടം പോലെ സ്വയം തൊഴിലുമായി നടന്ന പലരുമുണ്ട്
ഏതാണ്ട് എല്ലാവർക്കും ഒരേ തരം കഥകളാണ്,
ഈ മാനസികാവസ്ഥയിൽ ഒരു നല്ല ജോലിയെക്കുറിച്ച് പ്രതീക്ഷകൊടുത്താൽ ആരായാലും വീണുപോകും
കേസുകൊടുക്കാനുള്ള ആവേശത്തിൽ നാട്ടിൽ പോകുന്ന പലരും പിന്നീട് നിശ്ശ്ബ്ദരാവുന്നത് കാണാം, ഏജന്റുമാർ കൊടുക്കുന്ന പുതിയ വാഗ്ദാനങ്ങളിൽ കുടുങ്ങി ഇന്നല്ലെങ്കിൽ നാളെ കാശ് കുറച്ചെങ്കിലും തിരിച്ചു കിട്ടിയാലോ എന്ന പ്രതീക്ഷയിൽ മിണ്ടാതിരിക്കുകയാണ്, കേസ് കൊടുത്താൽ അതിൻ്റെ പിന്നിൽ കൊല്ലങ്ങളോളം നടക്കാനുള്ള സാമ്പത്തീക ശേഷിയുള്ളവർ രണ്ടും കൽപ്പിച്ച് നാട് വിടാൻ ഒരുങ്ങില്ലല്ലോ !
മറ്റേതെങ്കിലും രാജ്യത്തേക്ക് ഇത്രവലിയ തോതിൽ മനുഷ്യക്കടത്ത് നടക്കുന്നുണ്ടോ എന്നറിയില്ല, മലേഷ്യയിൽ സ്ഥിതി ദയനീയമാണ്, കൃഷി സ്ഥലങ്ങളിലും ഫാക്ടറികളിലും കുടുങ്ങിപ്പോയ മനുഷ്യരെ അവസ്ഥ പ്രളയ ദുരന്തത്തിൽ പെട്ടവരേക്കാൾ ദയനീയമാണ്
ഇവിടത്തെ പൊതു പ്രവർത്തകർക്ക് ഇടപെടുന്നതിന് ഒരു പാട് പരിമിതികൾ ഉണ്ട്, ഒന്നാമതായി വളരെക്കുറച്ച് പ്രവാസികളെ ഉള്ളൂ, മലയാളികൾ നന്നേ കുറവാണ്. പിന്നെ ജനാധിപത്യ രാജ്യമായത് കൊണ്ട് ഗൾഫ് രാജ്യങ്ങളിലെപ്പോലെ രണ്ടും കൽപ്പിച്ച് ഇടപെടാൻ പറ്റില്ല, ജനാധിപത്യത്തിൽ ‘മറ്റേ’ പക്ഷത്തുള്ളവർ കൂടുതൽ പ്രബലാരാവുക സ്വാഭാവികമാണല്ലോ
പരിഹാരം ഒന്നേയുള്ളൂ,
ആളുകളെ ബോധവൽക്കരിക്കുക, നാട്ടിൽ ഏജന്റുമാർക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുക
മലേഷ്യ പൊതു മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട് ഡിസംബർ 31 വരെ.
കുടിങ്ങിയവരെ കണ്ടെത്തി ഔട്ട് പാസ്സ് എടുത്ത് കൊടുത്ത് നാട്ടിൽ എത്തിക്കാൻ ഇവിടത്തെ സാമൂഹ്യ പ്രവർത്തകരും സംഘടനകളും ആകാവുന്നതൊക്കെ ചെയ്യുന്നുണ്ട്.
കുറച്ച് മാധ്യമ പ്രവർത്തകരെയും സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളെയും മെൻഷൻ ചെയ്യുന്നുണ്ട്.
ഇങ്ങനെ ഒരു കെണിയുള്ള വിവരം ആളുകളെ അറിയിക്കാൻ കഴിയാവുന്നതൊക്കെ ചെയ്യാമല്ലോ.
https://www.facebook.com/permalink.php?story_fbid=10214677238820522&id=1109960944&__xts__%5B0%5D=68.ARAQpwPZhAvuktlOq-szheP5ZjWpJ3L79Z1i477rOAtx1AfVLXfUzuDZb_T7H77Dc_N7r2F5SdN_ZQTl0qc48VhV3yapnu-0MrZqlgKwNdO4zO6H5G1n4iS0kfV9bL_KYz2aqWP2zuPwI_VTPzkn97idW6VgWztAOEVWCbVpkLu1jSI6ECFciQnqh3mG-orUcOt-fjvfGf78DnjmOw&__tn__=-R
Post Your Comments