കാബൂള്‍: കാബൂള്‍ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യ ദിനാഘോഷം മാറ്റിവച്ചു. ദാരുള്‍ അമാന്‍ കൊട്ടാരത്തിന്റെ ഉദ്ഘാടനവും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറന്‍ കാബൂളില്‍ വിവാഹാഘോഷച്ചടങ്ങില്‍ പങ്കെടുത്തവരെ ലക്ഷ്യമിട്ട് ചാവേര്‍ ഭടന് നടത്തിയ സ്ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെടുകയും 182 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ ഒരു വിവാഹ ചടങ്ങിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പരുക്ക് പറ്റിയവരില്‍ പലരുടെയും നില ഗുരുതരമെന്നും വിവരമുണ്ട്. ഒരു കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു.
നിരവധി പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന ഹാളിലാണ് സ്‌ഫോടനം ഉണ്ടായത്. ഹാളിലേക്ക് കടന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പടിഞ്ഞാറന്‍ കാബൂളിലെ ദുബായ് സിറ്റി ഹാളില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാബൂളില്‍ ഐ എസും താലിബാനും നിരന്തര ആക്രമണം നടത്തിവരികയാണ്.
കുട്ടികള്‍ കൂട്ടംകൂടി നിന്നിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. ആയിരക്കണക്കിന് ആള്‍ക്കാരെ വിവാഹത്തിന് ക്ഷണിച്ചിരുന്നുവെന്ന് വരന്റെ ബന്ധു പറയുന്നു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്നോ ഇതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് നുസ്‌റസത്ത് റഹിമി പറഞ്ഞു.
Post Your Comments