ന്യൂ ഡൽഹി : ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റുചെയ്തതിനെ രൂക്ഷമായി വിമർശിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന്‍റെ ജനാധിപത്യ മുഖത്തെ ബിജെപി കാര്‍ന്നുതിന്നുകയാണെന്ന് പ്രിയങ്ക വിമർശിച്ചു . കോണ്‍ഗ്രസ് നേതാക്കളെ ജമ്മുകശ്മീരില്‍ എന്ത് അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്?. മാധ്യമങ്ങളോട് സംസാരിക്കുന്നത് എങ്ങനെ കുറ്റകരമാകും ? മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ളവർ 15 ഓളം ദിവസങ്ങളായി കശ്മീരില്‍ തടവിലാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പോലും അവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും ഇന്ത്യ ഇപ്പോഴും ജനാധിപത്യരാജ്യമാണെന്ന് മോദി-ഷാ സര്‍ക്കാര്‍ കരുതുന്നുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു.
കഴിഞ്ഞ ദിവസം ജമ്മുവില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിര്‍, വക്താവ് രവിന്ദര്‍ ശര്‍മ്മ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയടക്കം അറസ്റ്റുചെയ്ത് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്ക് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
Post Your Comments