തിരുവനന്തപുരം; ദുരിതാശ്വാസക്യാമ്പിൽ നിന്ന് സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി വി.ടി ബല്‍റാം. സ്ഥാപിത താത്പര്യക്കാര്‍ക്കും ജാതി/മത ശക്തികള്‍ക്കും മുന്‍പില്‍ കീഴടങ്ങുന്ന നമ്മുടെ മുഖ്യധാരാ രാഷ്ട്രീയം എന്നും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള ജനപക്ഷ രാഷ്ട്രീയത്തിന് വേണ്ടി നിയമസഭയിലടക്കം ശബ്ദം ഉയരണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഏത് കേടായ ക്ലോക്കും ദിവസത്തില്‍ രണ്ട് തവണ ശരിയായ സമയം കാണിക്കും. എന്നാല്‍ അതു വച്ചല്ല ക്ലോക്കിന്റെ ഗുണനിലവാരം അളക്കേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഏത് കേടായ ക്ലോക്കും ദിവസത്തിൽ രണ്ട് തവണ ശരിയായ സമയം കാണിക്കും. എന്നാൽ അതു വച്ചല്ല ക്ലോക്കിന്റെ ഗുണനിലവാരം അളക്കേണ്ടത്.
പരിസ്ഥിതി സംരക്ഷണം എന്നത് ഒരു രാഷ്ട്രീയമാണ്, സ്ഥാപിത താത്പര്യക്കാർക്കും ജാതി/മത ശക്തികൾക്കും മുൻപിൽ കീഴടങ്ങുന്ന നമ്മുടെ മുഖ്യധാരാ രാഷ്ട്രീയം എന്നും അട്ടിമറിക്കാൻ ശ്രമിച്ചിട്ടുള്ള ജനപക്ഷ രാഷ്ട്രീയം. അതിന് വേണ്ടി വാദിക്കുകയും ആ ദിശയിലുള്ള നയരൂപീകരണങ്ങളിലേക്ക് സർക്കാരുകളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് രാഷ്ട്രീയ പ്രവർത്തകരുടേയും ജനപ്രതിനിധികളുടേയും ചുമതല. അവർക്ക് പരിഹാസങ്ങളും അവസരനഷ്ടങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നാലും നിയമസഭയിലടക്കം ആ നിലയിലുള്ള ശബ്ദങ്ങൾ ഇനിയുമുയരണം.
എന്നാൽ ഇതിനു വിപരീതമായി സ്വന്തം ബിസിനസ് താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി രാഷ്ട്രീയ രംഗത്തെ തെരഞ്ഞെടുക്കുകയും പണക്കൊഴുപ്പ് ഉപയോഗിച്ച് ഉന്നത നേതൃത്വത്തെ വിലക്കെടുത്ത് അധികാര പദവികൾ നേടിയെടുക്കുകയും ചെയ്യുന്ന മറ്റ് ചിലരുണ്ട്. അവർ അധികാരവും ജനപ്രതിനിധി സഭകളിലെ അംഗത്വവുമൊക്കെ പ്രധാനമായും ഉപയോഗിക്കുന്നത് അവർക്കും അവരേപ്പോലുള്ള മറ്റ് സ്ഥാപിത താത്പര്യക്കാർക്കും വേണ്ടിയാണ്. സ്ക്കൂൾ കുട്ടികൾക്കുള്ള ശാസ്ത്ര ബോധത്തേപ്പോലും പരിഹസിക്കുന്ന തരത്തിലുള്ള വിഡ്ഢിത്തവും അസംബന്ധ വാദങ്ങളുമൊക്കെ അവർ കിട്ടാവുന്നിടത്തൊക്കെ ഉയർത്തുന്നതും സ്വന്തം കച്ചവട താത്പര്യങ്ങൾക്ക് ന്യായീകരണം ചമയ്ക്കാനാണ്. പ്രകൃതിക്ക് നേരെയുള്ള അതിക്രമങ്ങളുടേയും എണ്ണമറ്റ നിയമലംഘനങ്ങളുടേയും പരമ്പര തന്നെയുണ്ടായാലും രാഷ്ട്രീയ സ്വാധീനത്തെ ഭയന്ന് ഇവർക്കെതിരെ ചെറുവിരലനക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ മടിക്കും. കോടതിവിധികൾ പോലും നടപ്പാക്കാതെ പരമാവധി വൈകിപ്പിച്ച് ഒത്താശ ചെയ്യും. പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗർവ്വ് ഇതുപോലുള്ള വൻകിട നിയമലംഘകർക്ക് മുൻപിൽ കാശിക്ക് പോവും.
അവസാനം, അവരടക്കമുള്ള ചൂഷക വർഗ്ഗത്തിന്റെ പ്രവർത്തനഫലമായി എന്തെങ്കിലും ദുരന്തമുണ്ടാകുമ്പോൾ രക്ഷകരായി ഇവർ തന്നെ തകർത്താടും. ദുരന്തമുഖത്തുള്ള പ്രകടനങ്ങൾക്കപ്പുറം അടിസ്ഥാന പ്രശ്നങ്ങളേക്കുറിച്ച് അവർ മൗനം പാലിക്കുമെന്ന് മാത്രമല്ല, ആ നിലക്കുള്ള ചർച്ചകൾ തന്നെ അട്ടിമറിക്കാൻ ശ്രമിക്കും. നേരത്തേ നിയമിച്ച് വച്ചിരിക്കുന്ന ശമ്പളക്കാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവരെ നെന്മ മരങ്ങളായി ചിത്രീകരിച്ച് പ്രതിച്ഛായാ നിർമ്മിതിക്ക് കളമൊരുക്കും. ജീവിതത്തിലിന്നുവരെ സ്വതന്ത്രമായി ചിന്തിക്കാനോ പ്രതികരിക്കാനോ അവസരം ലഭിച്ചിട്ടില്ലാത്ത പാർട്ടി അടിമകൾ കണ്ണുംപൂട്ടി ഇതേറ്റെടുത്ത് കൊഴുപ്പിക്കും.
മാൻ ഏത്, മാരീചൻ ഏത് എന്ന് തിരിച്ചറിയാൻ കഴിയുക എന്നതാണ് ഏറ്റവും പ്രധാനം.
Post Your Comments