കൊച്ചി•പെഹ്ലുഖാനെ തല്ലിക്കൊന്ന കേസില്‍ ആറു പ്രതികളെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള രാജസ്ഥാനിലെ അല്‍വാര്‍ വിചാരണ കോടതി വിധി നിരാശാജനകമാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ക്ഷീരകര്‍ഷകനായ പെഹ്‌ലൂഖാനെ ഹിന്ദു മതഭ്രാന്തന്‍മാര്‍ തല്ലിക്കൊന്നത് 2017 ഏപ്രിലില്‍ പട്ടാപ്പകലാണ്. ഈ ക്രൂരകൃത്യത്തിന്റെ വീഡിയോദൃശ്യങ്ങള്‍ കുറ്റവാളികള്‍ തന്നെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ലോകം മുഴുവന്‍ അത് കാണുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ നീതിക്കുവേണ്ടി ആകാംഷയോടെ കാത്തിരുന്ന എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ട് കേസില്‍ ഉള്‍പ്പെട്ട ആറു പ്രതികളെയും രാജസ്ഥാനിലെ വിചാരണ കോടതി വിട്ടയച്ചിരിക്കുകയാണ്. നടപടിക്രമങ്ങളില്‍ ബോധപൂര്‍വമായ വീഴ്ചകള്‍ വരുത്തി ശക്തരായ ക്രിമിനലുകളെ രക്ഷപ്പെടാന്‍ പോലിസും പ്രോസിക്യൂഷനും സഹായിച്ചുവെന്ന് ഇതിലൂടെ വെളിപ്പെടുകയാണ്. കേസില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കാതിരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. പ്രത്യേകിച്ച്, ആള്‍ക്കൂട്ടക്കൊലയ്ക്കെതിരെ നടപടിയെടുക്കണമെന്നും നിയമനിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരിനുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്ന പശ്ചാത്തലത്തില്‍.
കേസിലെ ക്രിമിനലുകളെ കുറ്റവിമുക്തരാക്കാന്‍ കോടതിക്ക് മുമ്പില്‍ സാങ്കേതിക കാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ലോകം കണ്ടുകൊണ്ടിരിക്കെ ഒരു നിരപരാധിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കാര്യവും കുറ്റവാളികള്‍ അധികാര വര്‍ഗത്തിന്റെ പിന്തുണയുള്ളവരും ആണെന്ന വസ്തുതയും കോടതി കണക്കിലെടുത്തില്ല. ഒരു ധാര്‍മ്മിക വിധി പുറപ്പെടുവിച്ച് കേസില്‍ നീതി ഉറപ്പാക്കാന്‍ കോടതിക്ക് അധികാരമുണ്ടായിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയതിലൂടെ അധികാരത്തിലുള്ളവര്‍ക്ക് രാഷ്ട്രീയമായി പ്രയോജനം ലഭിച്ചിട്ടുണ്ടാവുമെങ്കിലും അവര്‍ രാജ്യത്തിന്റെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ സത്യസന്ധതയെ അപകടത്തിലാക്കി ജനങ്ങള്‍ക്ക് ഇതിലുള്ള വിശ്വാസം നശിപ്പിച്ചിരിക്കുകയാണ്.
പെഹ്ലുഖാന്‍ കേസില്‍ രാജ്യത്തെ ഉന്നത കോടതി ഇടപെട്ട് നീതി നടപ്പാക്കി ഭാവിയില്‍ നീതിന്യായ വ്യവസ്ഥ ഇത്തരത്തില്‍ പരിഹാസ്യമാവുന്നത് ഒഴിവാക്കണമെന്ന് ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ആത്മര്‍ഥമായി പ്രവര്‍ത്തിച്ച് കേസിനെ ഗൗരവത്തോടെ മുന്നോട്ടുകൊണ്ടുപോയി നീതി ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments