ശ്രീനഗര്‍: കശ്മീരിന് സ്വതന്ത്ര പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ കലുഷിത സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍. സുബ്രഹ്മണ്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജമ്മുകാശ്മീരിലെ ജനജീവിതം സാധാരണനിലയിലാണെന്നും നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇന്നലെ മുതല്‍ പൂര്‍ണസജ്ജമായെന്നും ടെലികോം സേവനങ്ങള്‍ ഘട്ടം ഘട്ടമായി പുന:സ്ഥാപിക്കുമെന്നും സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കുമെന്നും സുബ്രഹ്മണ്യം പറഞ്ഞു.
”ഒരു ജീവന്‍ പോലും നഷ്ടപ്പെടുകയോ ഒരാള്‍ക്കു പോലും ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല. സമാധാനപാലനത്തിനായി ചില കരുതല്‍ തടങ്കലുകള്‍ വേണ്ടിവന്നുവെന്നു മാത്രം. പാകിസ്ഥാന്റെ പിന്തുണയോടെ കാശ്മീരില്‍ ഭീകരര്‍ ആക്രമണം നടത്താന്‍ തയാറെടുക്കുന്നതായി കൃത്യമായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. 22 ജില്ലകളില്‍ 12 എണ്ണം സാധാരണ നിലയിലാണ്, 5 ഇടങ്ങളില്‍ മാത്രമാണ് ചെറിയ തോതില്‍ നിയന്ത്രണങ്ങളുള്ളത്. വരുംദിവസങ്ങളില്‍ അതും നീക്കും. ‘- ചീഫ് സെക്രട്ടറി പറഞ്ഞു.
Post Your Comments