ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൈ അയച്ചുള്ള മാതൃകകള്‍ ഓരോ ദിവസവും കേരളത്തിന്റെ നന്മ മുഖം വെളിപ്പെടുത്തുകയാണ്. സേവാഭാരതിയുടെ അടയാളം ധരിച്ചുകൊണ്ട് ദുരിതാശ്വാസ സാധനങ്ങള്‍ക്കായുള്ള പിരിവിനു മുസ്ലീം വ്യാപാരിയുടെ പക്കല്‍ സമീപിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സേവാഭാരതി പ്രവർത്തകർ. കോഴിക്കോട്ട് നിന്നുള്ള ഒരു കാരുണ്യ ചിത്രമാണ് യുവമോര്‍ച്ച പോസ്റ്റിലുടെ പങ്കുവെച്ചിരിക്കുന്നത്. സാധനങ്ങൾ ചോദിച്ച പാടെ വാരി വാരിയിട്ടു തന്ന ആ വ്യാപാരിയുടെ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ വേണ്ട, പ്രശസ്തിയൊന്നും വേണ്ട എന്നാണു അദ്ദേഹം പറഞ്ഞത്. എങ്കിലും മനസ്സനുവദിക്കാതെ പിന്തിരിഞ്ഞു നിൽക്കുന്ന ഫോട്ടോ ഇട്ടാണ് ഇവർ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം: ഞങ്ങൾ സേവാഭാരതിയുടെ അടയാളങ്ങളുമായാണ്, നെറ്റിയിൽ അടയാളമുള്ള കോഴിക്കോട്ടെ വസ്ത്ര വ്യാപാരിയേ സമീപിച്ചത്. എന്ത് വേണം, എത്ര വേണം എന്നാണ് അദ്ദേഹം ചോദിച്ചത്.. വലിയ ക്യാരി ബാഗുകൾ നിറയെ പുതുവസ്ത്രങ്ങൾ നിറയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറച്ചില്ല.. വാരിക്കോരിയിട്ടു… ഒരു ഫോട്ടോ എടുത്തോട്ടെ… വേണ്ട…
പേരും വേണ്ട…
വല്ലാത്ത ഒരു ഫീലായിപ്പോയി…
അദ്ദേഹത്തിന്റെ പുറം ചിത്രം അറിയാതെ എടുത്തു..
നല്ല മുഖം മനസ്സിൽ സൂക്ഷിക്കുന്നു..
മിഠായി തെരുവിന്റെ മുഴുവൻ മധുരവും ആ മുസൽമാനിലുണ്ട്.. അല്ലാഹുവിന്റെ കരങ്ങളും.. അദ്ദേഹം തന്ന വസ്ത്രങ്ങൾ ധരിക്കുന്നവർ ഭാഗ്യവാന്മാരാണ് കാരണം അതിൽ ദൈവത്തിന്റെ ഒപ്പുണ്ട്..
അദ്ദേഹം മാത്രമല്ല ഒരുപാട് നന്മയുള്ള കരങ്ങൾ ഞങ്ങൾക്ക് നേരെ നീണ്ടു.. സ്വന്തം ഡിസൈൻ ചെയ്യുന്ന മറ്റൊരു മുസ്ലിം സ്ത്രീ വിലപിടിപ്പുള്ള വസ്ത്രങ്ങൾ മടികൂടാതെ വച്ചുനീട്ടി.. നെറ്റിയിൽ ചന്ദനം തൊട്ടവരും, കുരിശ്ശണിഞ്ഞവരുമെല്ലാം.. ആ അടയാളങ്ങളും ഞങ്ങളുടെ അടയാളങ്ങളും എല്ലാം ഒന്നു ചേരുമ്പോഴാണ് ഭാരതം എന്ന മഹത്തായ സംസ്കാരമായി മാറുന്നത്.
അടയാളങ്ങൾ മാറരുത് അങ്ങിനെ തന്നെ നിൽക്കണം.. വ്യത്യസ്ത പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോഴാണ് പൂങ്കാവനം ഉണ്ടാവുന്നത്.
സേവാഭാരതി അങ്ങിനെ ചിന്തിക്കുന്നു.. മാനവൻ എന്നുപറയുമ്പോൾ അതിൽ എല്ലാ അടയാളങ്ങളും ഉൾപ്പെടും.. അടയാളങ്ങളെ വേർപ്പെടുത്തി അകറ്റുന്ന ശക്തികളാണ് നമ്മുടെ ശാപം.
നന്ദി മിഠായി തെരുവെ..
കഷ്ടതയനുഭവിക്കുന്നവർക്ക് വസ്ത്രം തന്നതിന് മറ്റു സഹായങ്ങൾ തന്നതിന്…
സേവാഭാരതി വനിതാ പ്രവർത്തകർ
Post Your Comments