KeralaLatest NewsIndia

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്തമുണ്ടായ അഞ്ചു ജില്ലകളില്‍ ആയിരത്തിലേറെ ക്വാറികള്‍

ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മലകളുടെ സമീപങ്ങളിലെല്ലാം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

നിലമ്പൂര്‍ : പശ്‌ചിമഘട്ടത്തിലെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണം കനത്ത മഴയോടൊപ്പം അനിയന്ത്രിത ഖനനമെന്നും കനത്ത നാശംവിതച്ച അഞ്ചു ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത്‌ 1104 ക്വാറികളെന്നും പഠന റിപ്പോര്‍ട്ട്‌. ഏറ്റവും ഭീകരദുരന്തമുണ്ടായ കവളപ്പാറയ്‌ക്കു സമീപം 21 ക്വാറികളാണുള്ളത്‌. അഞ്ചു കിലോമീറ്ററിനുള്ളില്‍ 12 ക്വാറികളും 10 കിലോ മീറ്ററിനുള്ളില്‍ 9 ക്വാറികളും പ്രവര്‍ത്തിക്കുന്നു.

കേരളത്തില്‍ 750 ക്വാറികള്‍ക്ക്‌ മാത്രം മൈനിങ്‌ ജിയോളജി വകുപ്പ്‌ അനുമതി നല്‍കിയപ്പോഴാണ്‌ ദുരന്തമേഖലകളായ വയനാട്‌, മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌, ഇടുക്കി എന്നീ അഞ്ചു ജില്ലകളില്‍ മാത്രം 1104 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്‌. കേരള ഫോറസ്‌റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ശാസ്‌ത്രജ്‌ഞന്‍ ഡോ. ടി.വി. സജീവനാണ്‌ ഗൂഗിള്‍ മാപ്പ്‌, ഗൂഗിള്‍ എര്‍ത്ത്‌, ബിങ്‌ മാപ്പ്‌ എന്നിവ വഴി ദുരന്തമേഖലകളിലെ ക്വാറികളുടെ കണക്കുകള്‍ പുറത്തുവിട്ടത്‌. പശ്‌ചിമഘട്ട മേഖലയിലുണ്ടായ ഉരുള്‍പൊട്ടലുകള്‍ക്കു കാരണം ഖനനപ്രവര്‍ത്തനത്തിന്റെ ആഘാതംകൂടിയാണെന്ന്‌ ഡോ. സജീവന്‍ പറഞ്ഞു.

ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മലകളുടെ സമീപങ്ങളിലെല്ലാം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ചിലയിടങ്ങളില്‍ പാറക്കല്ലുകള്‍ കഴുകാനും മറ്റുമായി വലിയതോതില്‍ ജലം സംഭരിച്ചുവച്ചിട്ടുമുണ്ട്‌. ഇത്തരം ജലസംഭരണികളും ഉരുള്‍പൊട്ടലിന്‌ കാരണമാകുന്നു. ക്വാറികളിലെ സ്‌ഫോടനങ്ങള്‍ പശ്‌ചിമഘട്ടമലനിരകളെ ആകെ അസ്‌ഥിരപ്പെടുത്തുകയാണെന്നും കനത്തമഴ പെയ്യുമ്പോൾ ദുര്‍ബലമായിരിക്കുന്ന മലകള്‍ ഒറ്റയടിക്ക്‌ ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.

പ്രദേശംതന്നെ ഉരുള്‍പൊട്ടി ഇല്ലാതാവുകയും നൂറിലേറെ വീടുകള്‍ തകരുകയും ചെയ്‌ത അമ്പുട്ടാംപൊട്ടി അടക്കമുള്ള പോത്തുകല്ലില്‍ 17 ക്വാറികളുണ്ട്‌. പരിസ്‌ഥിതിലോല പ്രദേശം സോണ്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയ ഒമ്പതു പേരുടെ മരണം സംഭവിച്ച വയനാട്‌ പുത്തുമലയിലെ അഞ്ചു കിലോമീറ്റര്‍ പരിധിയിലും ഒരു ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്‌. നാലു പേരുടെ മരണം സംഭവിച്ച വടകര വിലങ്ങാട്‌ 42 ക്വാറികളാണുള്ളത്‌. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മലപ്പുറം കോട്ടക്കുന്നിന്റെ സമീപപ്രദേശങ്ങളിലായി 129 ക്വാറികളാണുള്ളത്‌.

മലപ്പുറം ജില്ലാ ആസ്‌ഥാനത്തിനടുത്തുള്ള കോട്ടക്കുന്നിന്റെ ഒന്നര കിലോമീറ്റര്‍ അകലെ ഒരു ക്വാറിയും അഞ്ചു കിലോമീറ്ററിനുള്ളില്‍ 102 ക്വാറികളുമുണ്ട്‌. മൂന്നു പേരുടെ മരണം സംഭവിച്ച കല്ലടിക്കോട്‌ കരിമ്പയില്‍ 26 ക്വാറികളാണുള്ളത്‌. മണ്ണിടിച്ചില്‍ വലിയ നാശനഷ്‌ടങ്ങളുണ്ടായ സൗത്ത്‌ മലമ്പുഴയില്‍ 43 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടുപേര്‍ മരണപ്പെട്ട ഇടുക്കി ചെറുതോണി ഗാന്ധിനഗര്‍ കോളനിക്കു സമീപപ്രദേശങ്ങളില്‍ 22 ക്വാറികളുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button