അഞ്ജു പാര്‍വതി പ്രഭീഷ്
മിന്നലുകളോ ഇടിമുഴക്കങ്ങളോ ഇടവേളകളോ ഇല്ലാതെ കുറച്ചുദിവസങ്ങളായി പെയ്തുകൊണ്ടേയിരിക്കുന്ന ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും മഴ നനയണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ജി എൻ പി സി (ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും )യെന്ന 21 ലക്ഷം അംഗങ്ങളുള്ള ഒരു വലിയ നാലുകെട്ടിന്റെ മുറ്റത്തേയ്ക്ക് വരാം. സ്നേഹമെന്ന മഴ തുള്ളിക്കൊരുകുടം വച്ച് പെയ്തു വീണതിലൊന്നാണ് ഈ കൂട്ടായ്മ.ആ കൂട്ടായ്മയിലൊരംഗമായതിതാൽ ഞാൻ കണ്ടതറിഞ്ഞതാണ് ആ മഴപ്പെയ്ത്ത്! ആ പെയ്ത്ത് ഇതെഴുതുന്ന ഈ നിമിഷം വരെയും തുടരുകയാണ്. ഇതുവരെയും എത്ര മഴ പെയ്തെന്നോ എത്ര പേര് ആ സ്നേഹമഴയുടെ തണുപ്പിറ്റുന്ന കരുതൽത്തുള്ളികളനുഭവിച്ചെന്നോ കണക്കു വയ്ക്കാനറിയില്ല.കർക്കിടകത്തിന്റെ മഴയ്ക്കൊരു പ്രത്യേകതയുണ്ട്. ആ മഴ പെയ്തുപെയ്ത് വരുമ്പോൾ വെളുത്തുവരും. കറുത്ത മേഘങ്ങളും പെയ്തുപെയ്ത് വെളുക്കും. അവ പിന്നെയും വെളുത്ത് പെയ്തുകൊണ്ടേയിരിക്കും.അതുപോലെ തന്നെയായിരുന്നു ഈ ഗ്രൂപ്പിലെ മഴപ്പെഴ്ത്തും! തുടക്കത്തിൽ നടുങ്ങിയും കരഞ്ഞും പെയ്ത മഴയും ആകുലതയുടെ കറുത്ത മഴമേഘങ്ങളും എത്ര പെട്ടെന്നാണ് ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും തുള്ളിമണികളായി കോർത്ത് വെളുത്ത മഴയായി തീർന്നത്.
പെയ്തുതുടങ്ങിയത് പാതിരയ്ക്ക് അങ്ങ് തിരുവനന്തപുരത്ത് നിന്നാണ്. അജിത്തെന്ന സാരഥിയുടെ ആ പോസ്റ്റിലുണ്ടായിരുന്നു എല്ലാം. പിന്നെയങ്ങോട്ട് ഒന്നിനുപിറകെ ഒന്നായിട്ട് ആശങ്ക നിറഞ്ഞ സഹായഭ്യർത്ഥന പോസ്റ്റുകൾ. അവയ്ക്കെല്ലാം സ്നേഹം നിറച്ച,കരുതലുകളിൽ പൊതിഞ്ഞ സമാശ്വസിപ്പിക്കലിന്റെയും കൂടെയുണ്ടെന്നുള്ള ഉറപ്പുകളുടെയും കമന്റുകൾ.ആ കമന്റുകൾ ഒന്നും തന്നെ പാഴ്വാക്കുകളായിരുന്നില്ലായെന്നത് പിന്നീട് വന്ന നന്ദിപ്രകടനങ്ങളിലൂടെയുള്ള വ്യക്തമാക്കലുകൾ.ഒപ്പം അംഗങ്ങളുടെ സഹായവാഗ്ദാനങ്ങളുടെ പേമാരിപ്പെയ്ത്ത്! പ്രളയബാധിതരിൽ കുറച്ചാൾക്ക് തങ്ങൾക്കൊപ്പം താമസിക്കാനുള്ള സൗകര്യം ചിലർ വാഗ്ദാനം ചെയ്യുമ്പോൾ പ്രവാസികളിൽ ചില തങ്ങളുടെ നാട്ടിലെ വീടിന്റെ മേൽവിലാസവും ചിത്രവും പോസ്റ്റിട്ടു താമസസൗകര്യത്തിനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നു. ഒരുപാട് പ്രവാസികൾ നാട്ടിലെ ദുരിതബാധിതർക്കായി റീചാർജ് ചെയ്തുതരാമെന്നു വാഗ്ദാനവും ചെയ്തു കണ്ടു.പക്ഷേ അത്തരത്തിലുളള വാഗ്ദാനങ്ങളെ 21 ലക്ഷം അംഗങ്ങളുളള കൂട്ടായ്മയിൽ നിന്നും ആരും ദുരുപയോഗം ചെയ്യാൻ മുതിർന്നില്ലായെന്നുള്ളത് ഗ്രൂപ്പിന്റെ വിശ്വാസ്യതയെ അരക്കിട്ടുറപ്പിക്കുന്നു.അവിടെ പോസ്റ്റുകളായും കമന്റുകളായും കണ്ട,ഞാൻ വായിച്ചറിഞ്ഞ സംഭവങ്ങളിലൊക്കെ മനുഷ്യനെ വിശ്വസിക്കാനുള്ള കാരണങ്ങൾ മാത്രമായിരുന്നു.
ഓരോരുത്തർ ഷെയർ ചെയ്ത നന്മയുടെയും സഹവർത്തിത്വത്തിന്റെയും പോസ്റ്റുകൾ എത്ര പേർക്കാവും പ്രചോദനമായിട്ടുണ്ടാവുക? ഓരോ പോസ്റ്റിലെയും പ്രവൃത്തികളും വാഗ്ദാനങ്ങളും എത്ര ആയിരങ്ങളെയാവും മറ്റുള്ളവർക്ക് ഒരു കൈ സഹായം നൽകാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക? ദുരിതത്തെ കൈപ്പിടിയിലാക്കാൻ യത്നിച്ച, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സോഷ്യൽ മീഡിയ വോളണ്ടിയേഴ്സിന്റെ വലിയൊരു സമൂഹത്തിന്റെ അടയാളപ്പെടുത്തലുകളാണ് കുറച്ചു ദിവസങ്ങളായി എനിക്കവിടെ കാണാൻ കഴിഞ്ഞത്.ഐകമത്യം മഹാബലം എന്നത് എല്ലാ കാലത്തെയും ഏറ്റവും പോപ്പുലറും സിമ്പിളുമായ വിജയ ഫോർമുലയാണ്.ആ വിജയഫോർമുല വളരെ വലിയ രീതിയിൽ പരീക്ഷിച്ചു വിജയിപ്പിച്ചവരാണ് ഈ ഗ്രൂപ്പിന്റെ സാരഥികൾ. ജോജു ജോർജെന്ന അസാമാന്യപ്രതിഭയുള്ള നടന്റെ വെള്ളിവെളിച്ചത്തിനപ്പുറമുള്ള പച്ചയായ അടയാളപ്പെടുത്തലിനു കൂടി സാക്ഷ്യം വഹിച്ചു ഈ ദിവസങ്ങൾ.തനിക്കു ലഭിച്ച ദേശീയപുരസ്ക്കാരപ്പെരുമയിൽ സന്തോഷവാനായിരുന്നുവെങ്കിലും കഴുത്തോളം വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന ഒരു ജനതയ്ക്കാപ്പം നിന്നുക്കൊണ്ട് അവർക്ക് കൈത്താങ്ങുകയാണ് ആദ്യ പ്രയോരിറ്റിയെന്നറിയിക്കുകയും അതിനായി രാവെന്നോ പകലെന്നോ നോക്കാതെ പ്രയത്നിച്ച,ഇപ്പോഴും പ്രയത്നിക്കുന്ന ആ മനസ്സ് ഓരോ മലയാളിക്കും പ്രചോദനമാണ്.സ്നേഹത്തെ ഒരു നിയമം പോലെ നടപ്പാക്കിയവരുടെ ഈ കൂട്ടായ്മയ്ക്ക് വലിയതോതിൽ പ്രചോദനം നല്കിട്ടുണ്ട് ശ്രീ.ജോജുവിന്റെ ഇടപെടലുകൾ.
മദ്യപാനികൾക്കും ഭക്ഷണപ്രേമികൾക്കും യാത്രകളിൽ സന്തോഷം കണ്ടെത്തുന്നവർക്കും
തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെയ്ക്കാനുളള ചെറിയ ഒരു ഇടമായിട്ടാണ് ജിഎൻപിസിയെ തുടക്കത്തിൽ പലരും അടയാളപ്പെടുത്തിയിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വൻ വളർച്ച നേടിയ ജിഎൻസിപിക്ക് അഭിമുഖീകരിക്കേണ്ടി വന്നത് ശക്തമായ അപവാദപ്രചരണങ്ങളും നിയമനടപടികളുമായിരുന്നു.2017 മേയ് ഒന്നിന് തിരുവനന്തപുരത്തുക്കാരനായ അജിത്തെന്ന ബിസിനസ്സുകാരൻ തുടങ്ങിയ ഗ്രൂപ്പില്‍ 21 ലക്ഷം അംഗങ്ങള്‍ നിലവിലുണ്ട്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ രാഷ്ട്രീയ പാര്‍ട്ടിയേതെന്നോ സ്ത്രീ പുരുഷനെന്നോ ഉന്നതനെന്നോ സെലിബ്രിട്ടിയെന്നോ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെന്ന ഒറ്റ ജെൻഡറിനു മാത്രം പ്രസക്തിയുള്ള ഈ ഗ്രൂപ്പിൽ ഒരു ദിവസം അപ്പ്രൂവലിനായിട്ടെത്തുന്നത് പതിനായിരത്തിലേറെ പോസ്റ്റുകൾ.പരസ്പര ബഹുമാനത്തില്‍ ഊന്നിയാകണം ആശയവിനിമയം എന്ന് ഗ്രൂപ്പില്‍ നിബന്ധനയുണ്ട്. ഗ്രൂപ്പിന്റെ നിയമം ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ പുറത്താക്കുക എന്നതാണ് ഇവിടുത്തെ
നിയമം.
പ്രളയത്തിനും മീതെ പ്രളയമായ, അപാരമായ മനുഷ്യസ്നേഹത്തിന്റെ പേമാരിപ്പെയ്ത്താണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇവിടെ. കേരളം ഒരു കൂട്ടായ്മയെ ഇത്രകണ്ട് സ്നേഹിച്ച, നെഞ്ചേറ്റിയ സമയമുണ്ടാവില്ല. ഒരർത്ഥത്തിൽ കാതങ്ങളകലങ്ങളിൽ സ്വന്തം ജീവിതങ്ങളിൽ മുഴുകിക്കഴിഞ്ഞിരുന്നവർ, അന്യോന്യം ഊരും പേരുമറിയാത്തവർ, ഒരേ കുടുംബത്തിലെ അംഗങ്ങളായി മാറിയപ്പോൾ വസുധൈവ കുടുംബകമെന്ന സങ്കല്പമവിടെ പ്രവൃത്തിയാൽ അന്വർത്ഥമാക്കപ്പെടുകയായിരുന്നു.ജി.എൻ.പി.സി ഒരുക്കിയ കളക്ഷൻ സെന്റരുകളിൽ നിന്നും ഒന്നിനുപിറകെ ഒന്നായിട്ട് സ്നേഹം നിറച്ച് ലോറികൾ ലോഡുകളുമായിട്ട് പ്രളയബാധിതപ്രദേശങ്ങളിലേയ്ക്ക് തിരിക്കുമ്പോൾ ആർത്തുചെയ്യുന്നുണ്ടായിരുന്നു നിർവൃതിയുടെ പെരുമഴക്കാലം രണ്ടു ദശലക്ഷം മനസ്സുകളിൽ.എല്ലായ്പ്പോഴും എല്ലാവരും എല്ലാവരെയും ഒരു മറയുമില്ലാതെ, നിഷ്കളങ്കമായും ആഴത്തിലും പരപ്പിലുമങ്ങിനെ സ്നേഹിച്ചിരുന്നെങ്കിലെന്ന് ഇപ്പോൾ ആത്മാർത്ഥമായി ഓരോ ജി എൻ പി സി അംഗവും കൊതിക്കുന്നുണ്ടാവും ഇപ്പോൾ.
Post Your Comments