KeralaLatest NewsIndia

മലയാള മണ്ണ് കൈകൂപ്പി തൊഴണം ഈ രക്ഷാപ്രവര്‍ത്തകരെ: ജീർണ്ണിച്ച മൃതദേഹങ്ങൾ യാതൊരുറപ്പുമില്ലാതെ എടുക്കും, ഉടുമുണ്ട് പോലും അഴിച്ചു പുതപ്പിക്കും.. കനത്ത മഴ കാര്യമാക്കില്ല

ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ കാണുമ്പോള്‍ ഈ രക്ഷാപ്രവര്‍ത്തകര്‍ക്ക് തോന്നുന്നത് അറപ്പും വെറുപ്പും അല്ല. 

പോത്തുകല്ല്: ‘രണ്ടു കൈകൊണ്ടും തൊഴുതാല്‍ മതിയാവില്ല ഈ കുട്ട്യോളെയൊക്കെ’ ദിവസങ്ങളായി രക്ഷാപ്രവര്‍ത്തനം കണ്ടുകൊണ്ടിരിക്കുന്ന തമ്പുരാട്ടിക്കല്ലിലെ ചന്ദ്രന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. അതിന് കാരണവും ഉണ്ട്. ചിലത് ജീര്‍ണ്ണിച്ച്‌, മറ്റു ചിലത് വസ്ത്രങ്ങളില്ലാതെ. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ എടുക്കുമ്പോള്‍ പലതിന്റെയും അവസ്ഥ ഇത്തരത്തിലായിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനം തകൃതിയായി നടക്കുകയാണ്. ജീര്‍ണ്ണിച്ച മൃതദേഹങ്ങള്‍ കാണുമ്പോള്‍ ഈ രക്ഷാപ്രവര്‍ത്തകര്‍ക്ക് തോന്നുന്നത് അറപ്പും വെറുപ്പും അല്ല.

മറിച്ച്‌ പൊഴിയുന്നത് കണ്ണുനീരാണ്. എല്ലാം ഉള്ളില്‍ അടക്കി ആ മൃതദേഹം പുറത്തെത്തിക്കും. വസ്ത്രങ്ങള്‍ ഇല്ലാതെ മൃതദേഹം ലഭിക്കുമ്പോള്‍ കണ്ട് നില്‍ക്കുകയല്ല, മറിച്ച്‌ ഉടുമുണ്ട് അഴിച്ച്‌ പുതപ്പിച്ച്‌ മൃതദേഹത്തിന് ആദരവ് നല്‍കുകയാണ് ചെയ്യുന്നത്. കവളപ്പാറയിലും കോട്ടക്കുന്നിലുമൊക്കെ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനം രാജ്യത്തിനുതന്നെ മാതൃകയായത് ഇങ്ങനെയൊക്കെയാണ്. സേവാഭാരതി മുതൽ മുസ്ളീം യൂത്ത് ലീഗ്, എസ്ഡിപിഐ തുടങ്ങി എല്ലാവരും കൈകോർത്തു കൊണ്ടാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

ഇവർക്കൊപ്പം കൂടിയിരിക്കുകയാണ് വിളിക്കാതെ തന്നെ ഒരുപറ്റം ചെറുപ്പക്കാരും.പലരും ലീവെടുത്താണ് നിൽക്കുന്നത്. ഇതിൽ സേവാഭാരതി പ്രവർത്തകരുടെ രക്ഷാപ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. ഒറ്റപ്പെട്ടുപോയ ആദിവാസി ഊരുകളിൽ തലച്ചുമടായി വലിയ കുന്നുകൾ കയറിയാണ് ഇവർ സാധനങ്ങളെത്തിക്കുന്നത്. കൂടാതെ കവളപ്പാറയിലും പുത്തുമലയിലും ഇവർ 24 മണിക്കൂറും കഠിനമായ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.

ഇതിനോടകം നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി കഴിഞ്ഞു.മണ്ണിനടിയില്‍ കിടക്കുന്നത് അവരുടെ ആരുമല്ല, മുന്‍പ് കണ്ടതും ഇല്ല, കവളപ്പാറ എന്ന് കേള്‍ക്കുന്നത് തന്നെ ഇത് ആദ്യമാണെന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ ജീവന്‍ പണയം വെച്ച്‌ ഇറങ്ങുന്നതിന് കാരണം ഒന്നേയുള്ളൂ, അവര്‍ തങ്ങളുടെ സഹജീവികള്‍. രാവും പകലുമില്ലാതെ നിക്കാതെ പെയ്യുന്ന ആ ചെളിയില്‍ അവര്‍ പണിയെടുത്തു.

ഓരോനിമിഷവും എവിടെനിന്നെങ്കിലും ഒരു നിശ്വാസം, ഒരു ശബ്ദം അവര്‍ പ്രതീക്ഷിച്ചു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.കണ്ടെടുക്കുന്ന ഓരോ മൃതദേഹവും വളരെ സൂക്ഷ്മതയോടെ കഴുകി, പരിക്കേല്‍ക്കാതെ പൊതിഞ്ഞ് അവര്‍ എത്തേണ്ടിടത്ത് എത്തിക്കുകയും ചെയ്തു. കൃത്യമായി ഭക്ഷണമില്ല, വിശ്രമമില്ല, ഉറക്കമില്ല. ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button