റായ്പൂര്‍: ത്രിവര്‍ണപതാക ഉയര്‍ത്തി പൊലീസിനൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഇത്തവണ മാവോയ്‌സ്റ്റ് മുന്‍ വനിതാസൈന്യവും. മുമ്പ് പൊലീസിനെ ശത്രുപക്ഷത്ത് നിരത്തി അവര്‍ക്കെതിരെ തോക്കോങ്ങിയവരാണ് ഇപ്പോള്‍ അവര്‍ക്കൊപ്പം പതാക ഉയര്‍ത്തുന്നത്.
ആയുധം താഴെ വച്ച ്കീഴടങ്ങി ദന്തേശ്വരി ഫൈറ്റേഴ്സ് ഫോഴ്സില്‍ കമാന്‍ഡോകളായി ചേര്‍ന്ന 28 വനിതാനേതാക്കളാണ് സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങുന്നത്. മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവമായിരുന്നര്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കി അവരുടെ ശക്തിയും ഊര്‍ജ്ജവുംം ക്രിയാത്മക ദിശയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ 2019 മെയ് മാസത്തില്‍ രൂപീകൃതമായ സംഘടനയാണ് ദന്തേശ്വരി യുദ്ധ സേന. റായ്പൂരില്‍ ബസ്തര്‍ ഡിവിഷനിലെ ജില്ലാ റിസര്‍വ് ഗാര്‍ഡ് ഫോഴ്സില്‍ 30 വനിതാ അംഗങ്ങളാണുള്ളത്.
ALSO READ: സ്വാതന്ത്ര്യദിനത്തിൽ ലാൽ ചൗക്കിൽ ത്രിവർണപതാക ഉയരും
സ്വാതന്ത്ര്യദിനത്തിനോടൊപ്പം രക്ഷാബന്ധനും അതേ ദിവസം തന്നെ വരുന്നതിനാല്‍ ഇവര്‍ പൊലീസുകാരുടെ കൈകളില്‍ രാഖി കെട്ടി ഇവര്‍ രക്ഷാബന്ധന്‍ മഹോത്സവത്തിന്റെയും ഭാഗമാകും.ദേശ വിരുദ്ധ പ്രസ്ഥാനത്തില്‍ സജീവമായിരുന്നവര്‍ രാജ്യസ്‌നേഹത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഒരു സംഭവം ഇതിന് മുമ്പുണ്ടായിട്ടില്ല. മാവോയിസ്റ്റ് പ്രസ്ഥാനത്തിന് കരുത്ത് പകരാനിറങ്ങിത്തിരിച്ച് തിരിച്ചെത്തിയ ഈ മുന്‍ മാവോ തീവ്രവാദികള്‍ മാര്‍ച്ച് പാസ്റ്റിലും പങ്കെടുക്കും. പരേഡ് ക്രമത്തില്‍ വനിതാ പ്ലാറ്റൂണ്‍ ഒന്നാമതായി അണിനിരക്കുന്നതും ഇതാദ്യമായാണ്.
പൊലീസ് തന്നെ മുന്‍കൈയെടുത്ത് ബഹുമാനം നല്‍കുന്നത് മറ്റ് വനിതാ നക്‌സലുകളെ കീഴടങ്ങാനും മുഖ്യധാരയില്‍ സജീവമാകാനും പ്രേരിപ്പിക്കുമെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക്് പല്ലവ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത്തവണത്തെ സ്വാതന്ത്യദിനാഘോഷം വ്യത്യസ്തവും ഏറെ സന്തോഷകരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ പ്രാധാന്യമുള്ള റെഡ്-കോറിഡോര്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ദന്തേവാഡ. മാവോയിസത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനായി ഈ മേഖലകളില്‍ വ്യത്യസ്ത സംരംഭങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
Post Your Comments