KeralaLatest NewsIndia

വീടു കയറി ആക്രമിച്ച മരുമകൻ അടിയേറ്റ്‌ മരിച്ചു; ദമ്പതികള്‍ അറസ്‌റ്റില്‍

രാജകുമാരി: രാജാക്കാട്‌ മമ്മട്ടിക്കാനത്തു വീടുകയറി ആക്രമിച്ചയാള്‍ ചുറ്റികകൊണ്ടുള്ള അടിയേറ്റു മരിച്ചു. സംഭവത്തില്‍ ഭാര്യാപിതാവും ഭാര്യാമാതാവും അറസ്‌റ്റില്‍. എറണാകുളം ആലങ്ങാട്‌ കൊങ്ങാരപ്പിള്ളി സ്വദേശി കൂട്ടുങ്കല്‍ ഷിബു(49)വാണു കൊല്ലപ്പെട്ടത്‌. സംഭവത്തിൽ മമ്മട്ടിക്കാനം മാരാര്‍സിറ്റി കൈപ്പള്ളില്‍ ശിവന്‍, ഭാര്യാ മാതാവ്‌ ജഗദമ്മ എന്നിവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം. ഷിബുവും ശിവന്റെ മകള്‍ ഷീജയും തമ്മില്‍ വിവാഹിതരായെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ബന്ധം വേര്‍പിരിഞ്ഞിരുന്നു.

ഒരു കുട്ടിയുള്ളതു ശിവനൊപ്പമാണു താമസം. ബന്ധം വേര്‍പിരിഞ്ഞതോടെ ഇരുകുടുംബങ്ങളും തമ്മില്‍ ശത്രുതയിലായിരുന്നു. ഇടയ്ക്കിടെ ഷിബു ഇവരുടെ വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. മുൻപ് മൂന്നു സുഹൃത്തുക്കളുമായെത്തി ഷിബു വീട്‌ ആക്രമിച്ചു. ഈ സംഭവത്തില്‍ നിലവിളക്കുകൊണ്ടുള്ള അടിയേറ്റ്‌ ഷിബുവിനു പരുക്കേറ്റു. ആക്രമണത്തില്‍ ഷീജയ്‌ക്കും ശിവനും ജഗദമ്മയ്‌ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘാംഗങ്ങളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഈ കേസില്‍ ഇരുകൂട്ടരും ഏതാനും മാസം മുന്‍പാണ്‌ ജാമ്യത്തിലിറങ്ങിയത്‌.

ഇന്നലെ രാവിലെ മമ്മട്ടിക്കാനത്ത്‌ വീട്ടിലെത്തിയ ഷിബു ശിവനുമായും ജഗദമ്മയുമായും വഴക്കുണ്ടാക്കി. തുടര്‍ന്ന്‌ കൈവശം ഒളിപ്പിച്ചിരുന്ന വാക്കത്തിയെടുത്ത്‌ ഇരുവരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ചെറുത്തുനില്‍ക്കുന്നതിന്റെ ഭാഗമായി വീട്ടിലുണ്ടായിരുന്ന ചുറ്റികയെടുത്ത്‌ ശിവന്‍ ഷിബുവിന്റെ തലയ്‌ക്ക്‌ അടിക്കുകയായിരുന്നു. അടിയേറ്റ്‌ വീട്ടിനുള്ളിലെ ഹാളില്‍ വീണ ഷിബു തല്‍ക്ഷണം മരിച്ചു. കുറ്റം സമ്മതിച്ച ശിവന്റേയും ജഗദമ്മയുടേയും അറസ്‌റ്റ്‌ പോലീസ്‌ രാത്രിയോടെ രേഖപ്പെടുത്തി. ഇന്ന്‌ രാവിലെ കോടതിയില്‍ ഹാജരാക്കുമെന്നും രാജാക്കാട്‌ സി.ഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button