മലപ്പുറം: മലപ്പുറം വഴിക്കടവിലെ പുഞ്ചക്കൊല്ലി വനത്തില്‍ പാലം തകര്‍ന്നത് മൂലം കുടുങ്ങിക്കിടക്കുന്നത് ആദിവാസി വിഭാഗത്തില്‍പ്പെട്ട 250ലേറെ പേര്‍.
പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളിലായുള്ള കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണിവര്‍. കോളനിയിലേക്കുള്ള തോട്ടില്‍ അപകടകരമാം വിധം വെള്ളം ഉയരുകയും പാലം തകരുകയും ചെയ്തതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ക്യാമ്പിലേക്ക് മാറാന്‍ ആരും തയ്യാറാകുന്നില്ല.
ALSO READ: പ്രളയജലമുയര്‍ന്നിട്ടും സുരക്ഷിതമായി ഈ വീട്; കയ്യടി നേടി കെയര്‍ ഹോം പദ്ധതി
ഒരു തോട് കടന്ന് വേണമായിരുന്നു പുഞ്ചക്കൊല്ലിയില്‍ നിന്ന് വഴിക്കടവിലെ ഈ കോളനിയിലേക്ക് പോകുവാന്‍. കനത്ത മഴയില്‍ തോടിന് കുറുകെയുള്ള പാലം തകര്‍ന്നതോടെയാണ് കുടുംബങ്ങള്‍ ഒറ്റപ്പെട്ടത്. 102 കുടുംബങ്ങളിലുള്ള 250ലേറെ ആളുകളാണ് പുഞ്ചക്കൊല്ലി വനത്തിനുള്ളിലെ കോളനികളില്‍ കുടുങ്ങിക്കിടക്കുന്നത്. മഴ കനക്കുന്നതിന് മുമ്പ് തന്നെ ഉദ്യോഗസ്ഥര്‍ കോളനിയിലെത്തി ഇവരോട് ക്യാമ്പുകളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ തയ്യാറായിരുന്നില്ല.
ALSO READ: ദുരിതം വിതച്ച് പെരുമഴ: സംസ്ഥാനത്ത് 2.61 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍
കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെടുന്ന ആദിവാസികള്‍ പുറം ലോകവുമായി അധികം ബന്ധപ്പെടാത്തവരാണ്. അരിയും പയറും വാങ്ങുന്നതടക്കമുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഇവര്‍ പുറത്തേക്ക് വരാറുണ്ടായിരുന്നത്. കനത്ത മഴയില്‍ തോട് പുഴ പോലെ ഒഴുകാന്‍ തുടങ്ങുകയും പാലം തകരുകയും ചെയ്തതോടെ ഇവര്‍ക്ക് പുറത്തേക്ക് വരാന്‍ പറ്റാതായി. അട്ടപാടിയില്‍ ചെയ്തത് പോലെ വടം കെട്ടി ഇവരെ പുറത്തെത്തിക്കുന്നതടക്കമുള്ള ആലോചനയുണ്ടായിരുന്നെങ്കിലും ആദിവാസികള്‍ സഹകരിക്കാത്തതാണ് പ്രശ്‌നം.
ഇവരെ പുറത്തെത്തിക്കാന്‍ അഗ്‌നിശമനസേനാംഗങ്ങളും ദുരന്തനിവാരണ സേനയും തയ്യാറായിരുന്നു. നിലവില്‍ കയറു കെട്ടി ഭക്ഷണ സാമഗ്രികള്‍ കോളനിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ മഴ കനക്കുകയോ തോട് വഴിമാറിയൊഴുകുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ബലം പ്രയോഗിച്ചിട്ടായാലും ഇവരെ ഇവിടെ നിന്ന് മാറ്റുവാനാണ് അധികൃതരുടെ തീരുമാനം.
Post Your Comments