KeralaLatest NewsIndia

ഭർത്താവിനൊപ്പം മഴപ്പേടിയിൽ ഫയൽ മാറ്റാനെത്തിയ യുവതിയെ സദാചാര പോലീസ് ചമഞ്ഞു പീഡിപ്പിക്കാൻ ശ്രമം, സിപിഎം നേതാക്കൾ പിടിയിൽ

കെട്ടിടത്തിനകത്തു ഇത്രനേരം എന്തായിരുന്നു പണിയെന്നും, തണുപ്പും മഴയും ആസ്വദിക്കാൻ എത്തിയതാണോ എന്നും ചോദിച്ചായിരുന്നു ഇവരുടെ ആക്രമണം.

തിരുവല്ല : സദാചാര പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം നേതാക്കൾ പിടിയിൽ. പരുമല തിക്കപ്പുഴ പാലച്ചുവട് മുന്‍ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗവുമായ ഹരികുമാര്‍ ( 56 ) , പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് ( 41 ) എന്നിവരാണ് പോലീസ് പിടിയിലായത്. ഭാര്യയെ അപമാനിക്കുന്നത് തടയാന്‍ ചെന്ന ഭര്‍ത്താവിനെയും സംഭവമറിഞ്ഞെത്തിയ സി ഐ എ യും സംഘം കൈയേറ്റം ചെയ്തു. യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 341, 427, 323, 354, ഐ പി സി 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

ഞായറാഴ്ച വൈകിട്ട് നാലരയോടെ പരുമല കോളേജില്‍ ആയിരുന്നു സംഭവം. കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മാന്നാര്‍ സ്വദേശിനിയ ജീവനക്കാരിയാണ് അപമാനിക്കപ്പെട്ട യുവതി. പ്രളയത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ വെള്ളം കയറിയതറിഞ്ഞ് ഓഫീസ് രേഖകള്‍ ഭദ്രമാക്കി വെക്കാന്‍ ഭര്‍ത്താവുമൊന്നിച്ച്‌ സ്‌കൂട്ടറില്‍ എത്തിയതാണ് യുവതി.കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണില്‍ പ്രതികള്‍ അടങ്ങുന്ന സംഘം മദ്യപിക്കുന്നത് ദമ്പതികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു, ഇത് ഗൗനിക്കാതെ ഓഫീസിന്റെ താഴ് തുറന്ന് അകത്തു കയറി ഫയലുകള്‍ ഭദ്രമാക്കി വെച്ച്‌ അര മണിക്കൂറിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ടംഗ സംഘം ദമ്പതികള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്.

കെട്ടിടത്തിനകത്തു ഇത്രനേരം എന്തായിരുന്നു പണിയെന്നും, തണുപ്പും മഴയും ആസ്വദിക്കാൻ എത്തിയതാണോ എന്നും ചോദിച്ചായിരുന്നു ഇവരുടെ ആക്രമണം. യുവതി കയർത്തു സംസാരിച്ചതോടെ യുവതിയെ കയറി പിടിക്കുകയും ഇത് തടുക്കാനൊരുക്കിയ ഭര്‍ത്താവിനെ സംഘം മർദിക്കുകയുമായിരുന്നു.സ്‌കൂട്ടര്‍ സംഘം ചവിട്ടിമറിച്ചിട്ടു. സംഭവം വഷളായതോടെ ദമ്പതികള്‍ അലറിക്കരഞ്ഞു. ഇതോടെ സംഭവം കണ്ടു നിന്നിരുന്ന ചിലര്‍ മാന്നാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മാന്നാര്‍ സിഐ ജോസ് മാത്യുവിനെയും കൂടെയുണ്ടായിരുന്ന പൊലീസുകാരെയും സംഘം വിരട്ടി.

ആഭ്യന്തര വകുപ്പ് ഞങ്ങളുടെ കൈയിലാണെന്നന്നും കൂടുതല്‍ കളിച്ചാല്‍ വിവരമറിയുമെന്നുമായിരുന്നു വിരട്ട്. ഇരുവരെയും പിടിച്ച്‌ ജീപ്പില്‍ കയറ്റാനൊരുങ്ങവെയാണ് സംഘം സി ഐ യെയും കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും അക്രമിച്ചത്.തുടര്‍ന്ന് സി ഐ പുളിക്കീഴ് പൊലീസിനെ വിവരമറിയിച്ചു. പുളിക്കീഴില്‍ നിന്നുള്ള പൊലീസ് സംഘമെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചു.

എന്നാൽ പിന്നാലെ നേതാക്കളുടെ വിളി വരികയായിരുന്നു. ഇതോടെ യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാനാണു ശ്രമം നടക്കുന്നതെന്നാണ് ആരോപണം.എന്നാൽ മറ്റൊരു വിഭാഗം സിപിഎം നേതാക്കൾ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് 354 വകുപ്പിട്ട് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാത്ത വകുപ്പാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button