കോഴിക്കോട്: ഇബ്രാഹിമിന്റേയും മകന്‍ ഇസ്മാഈലിന്റേയും ത്യാഗസ്മരണകള്‍ പുതുക്കി മറ്റൊരു ബലിപെരുന്നാള്‍ കൂടി. ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും കുടിയിരുത്തി പരസ്പരസ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സ്മരണകള്‍ പുതുക്കുന്ന ദിനമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ പ്രീതിക്കായി വിലപ്പെട്ടതെന്തും ത്യജിക്കുക എന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്.മാസപ്പിറവികണ്ട് പത്താംനാളാണ് ബലിപെരുന്നാൾ ആഘോഷം. ഇസ്‌ലാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്.
“ഇവ്ദ്” എന്ന വാക്കില്‍ നിന്നാണ് “ഈദ്” ഉണ്ടായത് . ഈ വാക്കിനര്‍ത്ഥം “ആഘോഷം എന്നാണ്. ഈദിന്റെ മറ്റൊരു പേരാണ് ഈദ്ഉല്‍സുഹ , “സുഹ” എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്റെ ആത്യന്തിക സന്ദേശം. പ്രവാചകനായ ഇബ്രാഹിം മകന്‍ ഇസ്മായീലിനെ ദൈവകല്പന പ്രകാരം ബലി കൊടുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ്മ പുതുക്കിയും വിശുദ്ധ ഹജ്ജിന്റെ സമാപനം കുറിച്ചുമാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ദൈവപ്രീതിക്കായി മനുഷ്യനെ ബലിനല്‍കരുതെന്ന സന്ദേശവും ബലിപെരുന്നാള്‍ നല്‍കുന്നു.
ദിവസങ്ങൾക്കു മുമ്പേ വീടുകളിൽ പെരുന്നാൾ ഒരുക്കം തുടങ്ങി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെയാണ് ഈ വർഷവും പെരുന്നാൾ ആഘോഷം. ജില്ലയിലെ 317 ക്യാമ്പുകളിൽ പെരുന്നാൾ ആഘോഷിക്കും. ആഘോഷം ഒഴിവാക്കി പരമാവധി പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനാണ് വിവിധ സംഘടനകളുടെ തീരുമാനം. പള്ളികളിലൂടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ പ്രാർഥനകൾക്കൊപ്പം പ്രളയ ബാധിതർക്കായി പ്രത്യേക പ്രാർഥനകളുണ്ടാകും.
Post Your Comments