പ്രകൃതി ദുരന്തങ്ങളില്‍ തുണയാകുന്ന 112 എന്ന എമര്‍ജന്‍സി ഹെല്‍പ്പ്ലൈന്‍ നമ്പറിനെ കുറിച്ച് വ്യാപക തെറ്റിദ്ധാരണ. തെറ്റിദ്ധാരണ മാറ്റാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ . കഴിഞ്ഞ പ്രളയ കാലത്തെപ്പോലെത്തന്നെ ഇത്തവണയും 112 എന്ന എമര്‍ജന്‍സി നമ്പറിനെക്കുറിച്ചുള്ള ധാരാളം തെറ്റിദ്ധാരണകള്‍ പരക്കുന്നുണ്ട്. ഇന്ത്യയില്‍ 112 എന്ന എമര്‍ജന്‍സി നമ്പര്‍ ഔദ്യോഗികമായി നിലവില്‍ വന്നത് 2019 ഫെബ്രുവരി 19 മുതല്‍ ആണ്. നിലവില്‍ കേരളം ഉള്‍പ്പെടെയുള്ള 16 സംസ്ഥാനങ്ങളില്‍ ആണ് എമര്‍ജന്‍സിക്കായുള്ള പൊതുവായ ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയി ഇത് ഉപയോഗത്തില്‍ വരുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ചുവട് പിടിച്ച് ആയിരുന്നു നമ്മുടെ നാട്ടിലും ഇത് നടപ്പിലാക്കിയത്.
1. നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്ത ഇടങ്ങളില്‍ ഈ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയും എന്നത് ഒരു തെറ്റിദ്ധാരണയാണ്. അതായത് ഏതെങ്കിലും ഒരു മൊബൈല്‍ നെറ്റ്വര്‍ക്ക് ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധമാണ്. അതായത് നിങ്ങളുടെ മൊബൈല്‍ നെറ്റ്വര്‍ക്ക് വോഡാഫോണ്‍ ആണെന്ന് കരുതുക. വോഡാഫോണിനു കവറേജ് ഇല്ലെങ്കിലും ബി എസ് എന്‍ എലിന്റെയോ എയര്‍ടെല്ലിന്റിയോ മറ്റേതെങ്കിലും സര്‍വീസ് പ്രൊവൈഡറുടേയോ സിഗ്‌നല്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതു വഴി എമര്‍ജന്‍സി കാള്‍ റൂട്ട് ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ ഒരു സര്‍വീസ് പ്രൊവൈഡറുടേയും നെറ്റ്വര്‍ക്ക് ലഭ്യമല്ലെങ്കില്‍ 112 ഉപയോഗിക്കാന്‍ കഴിയില്ല. സാറ്റലൈറ്റ് വഴിയും വൈഫൈ വഴിയും ഒക്കെ കാള്‍ റൂട്ട് ചെയ്യപ്പെടുമെന്നൊക്കെയുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
2. ചില രാജ്യങ്ങളില്‍ സിം കാര്‍ഡ് ഇല്ലെങ്കിലും 112 ഉപയോഗിക്കാന്‍ കഴിയുമെങ്കിലും ഇന്ത്യയില്‍ സിം കാര്‍ഡ് ആവശ്യമാണ്. സിം ഇല്ലെങ്കിലും 112 ഡയല്‍ ചെയ്യാന്‍ കഴിയും. പക്ഷേ സിം നിക്ഷേപിക്കാനുള്ള സന്ദേശമായിരിക്കും ലഭിക്കുക.
3. വിളിക്കുന്ന ആള്‍ ഏത് ടവറിന്റെ പരിധിയില്‍ ആണെന്ന വിവരം കാള്‍ സെന്ററില്‍ ലോഗ് ചെയ്യപ്പെടുന്നു. ഒന്നിലധികം ടവറുകള്‍ ഉള്ള ഇടങ്ങളില്‍ ടവര്‍ ട്രയാങ്കുലേഷന്‍ രീതി ഉപയോഗപ്പെടുത്തി വിളിക്കുന്ന ആളുടെ ഏകദേശ സ്ഥാനവും മനസ്സിലാക്കാന്‍ കഴിയുന്നു (ഇതിനു ജി പി എസ്സിന്റെ ആവശ്യമില്ല).
Post Your Comments