മലപ്പുറം: കനത്ത മഴയില്‍ പ്രകൃത താണ്ഡവമാടിയ പല ഉരുള്‍പ്പൊട്ടലുകളും മനുഷ്യനിര്‍മ്മിതമാണെന്ന് റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും, ഹൃദയഭാഗമായ കോട്ടക്കുന്നിലുണ്ടായ ഉള്‍പൊട്ടലും അത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കുടുംബം അകപ്പെട്ട ഉരുള്‍പൊട്ടലിന് പുറമെ മറ്റൊരു ദുരന്തത്തിന് കൂടി സാധ്യത നല്‍കി പുതിയ വിള്ളല്‍ കൂടി കോട്ടക്കുന്നില്‍ രൂപപ്പെട്ടതും ഇതിന്റെ ഭാഗമാണെന്ന് ജിയോളജി വകുപ്പധികൃതര്‍ പരിശോധനയില്‍നിന്നും വ്യക്തമാകുന്നത്. ഈരണ്ടു വിള്ളലുകള്‍ക്കും പുറമെ കോട്ടക്കുന്നിന്റെ വിവിധ ഭാഗങ്ങളില്‍ ഇനിയും വിള്ളലുകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണു മേഖല പരിശോധന നടത്തിയ ജിയോളജി വകുപ്പധികൃതര്‍ സംശയം പ്രകടിപ്പിക്കുന്നത്.
നിയമങ്ങള്‍ ലംഘിച്ചു നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് കോട്ടക്കുന്നിനെ ഈനിലയില്‍ അപകടമേഖലയാക്കി മാറ്റിയത്. ജെ.സി.ബി അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കുന്നിടിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കോട്ടക്കുന്നില്‍ നടത്തരുതെന്നു മേഖല പരിശോധിച്ച ജിയോളജി വകുപ്പധികൃതര്‍ നേരത്തെ നിര്‍ദ്ദേശംനല്‍കിയിരുന്നത് ലംഘിച്ചാണ് നിലവില്‍ വ്യാപകമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മുന്‍കലക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലും ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കോട്ടക്കുന്നിലെ അരികുഭാഗങ്ങളിലൂടെ ജെ.സി.ബി ഉപയോഗിച്ചു റോഡ് നിര്‍മ്മിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഇതിനുപുറമെ മേഖലയില്‍ കുഴല്‍കിണര്‍ കുഴിക്കരുതെന്ന് ജിയോളജി വകുപ്പധികൃതര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും നിയമം കാറ്റില്‍പറത്തി രണ്ടിടങ്ങളില്‍ രണ്ടുകുഴല്‍കിണറുകള്‍ കുഴിച്ചു. ഇതും ദുരന്തത്തിന് ആക്കംകൂട്ടി
Post Your Comments