കിടങ്ങൂര്‍: സ്ഫോടകവസ്തു വയറ്റില്‍ കെട്ടിവെച്ച് കോടതിയിലേക്കു പോകവേ ഉണ്ടായ സ്ഫോടനത്തില്‍ പോക്സോ കേസിലെ പ്രതിക്ക് പരിക്ക്. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വെച്ചാണ് സ്ഫോടനം ഉണ്ടായത്. മാറിടം പതിക്കമാലിയില്‍ കോളനിയില്‍ പതിയില്‍ ജോയി (62)ക്കാണ് പരിക്കേറ്റത്. സംഭവ സമയത്ത് ഇയാളുടെ ഭാര്യ വല്‍സലയും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 9.30-ന് കിടങ്ങൂര്‍ ബസ്ബേയില്‍ കോട്ടയത്തേക്ക് പോകാന്‍ നിര്‍ത്തിയിരുന്ന എവറസ്റ്റ് ബസില്‍വെച്ചായിരുന്നു സംഭവം.
ALSO READ:
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ബസില്‍ യാത്രക്കാര്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. 2014-ല്‍ കിടങ്ങൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ജോയി. വിധി കേള്‍ക്കാന്‍ കോട്ടയം സെഷന്‍സ് കോടതിയിലേക്ക് പോകാനാണ് ഇയാളും ഭാര്യയും ബസില്‍ കയറിയത്. എന്നാല്‍ സീറ്റില്‍ ഇരിക്കുന്നതിനിടെ സ്ഫോടകവസ്തു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ജോയിയുടെ നെഞ്ചിനും വയറിനും പൊള്ളലേറ്റു.
ഉടന്‍ തന്നെ ഇയാളെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കിടങ്ങൂര്‍ സി.ഐ. സിബി തോമസ്, എസ്.ഐ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും ബസില്‍ പരിശോധന നടത്തി. ജോയിക്കെതിരേ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇയാള്‍ സ്ഫോടവസ്തു ശരീരത്തില്‍ കെട്ടിവെച്ചതിനു പിന്നിലുള്ള ഉദ്ദേശം വ്യക്തമല്ല. ഇയാളുടെ മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജ് പോലീസ് ശ്രമിച്ചെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. ശനിയാഴ്ച വിദഗ്ധ ചികിത്സയ്ക്കു വിധേയനാക്കിയശേഷം മൊഴിയെടുക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments