KeralaLatest News

ക്ഷമിക്കുക. ഇത് നിങ്ങളെക്കുറിച്ചല്ല, ഓരോരോ തൊട്ടിത്തരം കാണുമ്പോൾ നല്ല വിഷമം ഉണ്ടായിട്ടുതന്നെ പറയുന്നതാണ്- തെക്കനും വടക്കനും തിരിച്ചു കുത്തിത്തിരിപ്പ് ഉണ്ടാക്കിയ അഭിഭാഷകന്‍ എന്നവകാശപ്പെടുന്നയാള്‍ക്ക് മറുപടിയുമായി യുവാവ്

തിരുവനന്തപുരം•ദുരന്തമുഖത്ത് കേരളം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ തെക്കനും വടക്കനും തിരിച്ച് വിദ്വേഷപ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകന്‍ എന്ന് ഫേസ്ബുക്കില്‍ അവകാശപ്പെടുന്ന ജഹാംഗീര്‍ എന്നയാള്‍. .നാട്ടുചൊല്ലു സത്യമാണ്, തെക്കനേയും മൂർഖനേയും ഒരുമിച്ചുകണ്ടാൽ ആദ്യം കൊല്ലേണ്ടത് തെക്കനെയാണ് എന്നാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ ശേഖര്‍ എന്ന യുവാവ്.

അരുണിന്റെ മറുപടി ഇങ്ങനെ,

കണക്കു പറയുകയല്ല. ഇനി ആണെങ്കിൽത്തന്നെ അങ്ങനെ ആണെന്ന് കരുതിക്കോളൂ. ഈ സമയത്ത് ഒരു പോസ്റ്റും ഇടണ്ടന്ന് കരുതിയതുമാണ്.

2018 ജൂണിൽ തുടങ്ങി ആഗസ്തിൽ കടുത്ത മഴ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ആവശ്യത്തിലധികം വെള്ളം കേരളത്തിലെത്തിച്ചപ്പോ സകലഡാമും തുറക്കേണ്ടിവന്നതും നാട് മൊത്തം മുങ്ങിയതും ഒക്കെ എല്ലാവർക്കും അറിയാം. അന്നും കൊല്ലം തിരുവനന്തപുരം ജില്ലകൾ താരതമ്യേന സുരക്ഷിതമായിരുന്നു. കേരളം പകച്ചുനിന്നു ആ സമയത്ത് തിരുവനന്തപുരം ജില്ലാ കളക്റ്ററുടെ ഒരു ലൈവ് വന്ന പിറകേ മത-രാഷ്ട്രീയഭേദമെന്യേ തിരുവനന്തപുരംകാർ ഉണർന്നു പ്രവർത്തിച്ചു. സർക്കാർ സംവിധാനത്തിൽ നിരവധി കളക്ഷൻ പോയിന്റുകൾ, സേവാഭാരതി പോലെ സന്നദ്ധസംഘടനകളുടെ കളക്ഷൻ പോയിന്റുകൾ, വ്യക്തികളുടെ കൂട്ടായ്മകളുടെ കളക്ഷൻ പോയിന്റുകൾ എന്നിവ തുടങ്ങിയതും വേണ്ട സാധനങ്ങൾ എത്തിക്കുന്നതിനു വ്യവസ്ഥകളുണ്ടാക്കിയതും ഒക്കെ ഝടുതിയിലാണ്. ഇവിടുന്നു നിരവധി വാഹനങ്ങൾ ദുരിതാശ്വാസക്യാമ്പുകൾ ലക്ഷ്യമാക്കി പാഞ്ഞു. കൊല്ലത്തും ആലപ്പാട്ടും ഉള്ള മൽസ്യബന്ധനം ഉപജീവനമാർഗ്ഗമായി കാണുന്ന സഹോദരങ്ങൾ അവരുടെ ജീവനോപാധിയായ വള്ളങ്ങളും ബോട്ടുകളുമായി രക്ഷാപ്രവർത്തനത്തിനിറങ്ങാൻ തയ്യാറായി. അവയെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ടിപ്പറുകൾ അടക്കമുള്ള ഭാരവാഹനങ്ങൾ പലതും അവയുടെ ഉടമകൾ സൗജന്യമായി വിട്ടുനൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സന്നദ്ധസംഘടനകളുടെ ദുരിതാശ്വാസനിധിയിലേക്കും കാശയച്ചു. ഇതൊന്നും പോരാഞ്ഞ് സ്വന്തം നിലയ്ക്ക് സാധനങ്ങൾ വാങ്ങിനല്കിയവരും സ്വന്തം വാഹനം പലതവണ ട്രിപ്പടിച്ച് ഈ വസ്തുക്കൾ ക്യാമ്പുകളിൽ എത്തിച്ചവരും നിരവധി. പട്ടാളത്തിന്റെ രക്ഷാപ്രവർത്തനങ്ങൾ സംയോജിപ്പിച്ചതും ഇരുപത്തിനാലുമണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ തുറന്നതും ഒക്കെ ഉൾപ്പെടെ നിരവധി കാര്യങ്ങൾക്കായി നെട്ടോട്ടമോടുന്ന മനുഷ്യരായിരുന്നു ഞാൻ കണ്ട തിരുവനന്തപുരംകാർ. സ്വന്തം എഫർട്ട് പുറത്തുപറഞ്ഞു നടക്കുന്നത് ചീഞ്ഞ ഇടപാടാണെന്നു വിശ്വസിക്കുന്നതുകൊണ്ട് വ്യക്തിപരമായി ചെയ്തത് ഒന്നും പറയുന്നില്ല. അവസാനം സാധനങ്ങൾ പലതും കെട്ടിക്കിടന്നു നശിച്ചുപോകുന്നതും കണ്ടു. പ്രളയനാന്തരം ഉള്ള ക്ളീനിങ് അടക്കമുള്ളവയ്ക്കായി ഒരുപാടുപേർ ഇവിടുന്നു പോയിട്ടുണ്ട്. തെക്കുള്ള ഏറ്റവും പ്രധാന ഉത്സവമായ തിരുവോണത്തിന് പോലും ക്ളീനിംഗിന് പോയവർ ഇവിടെയുണ്ട്. ഒക്കെ കഴിഞ്ഞ് കുറച്ചായപ്പോ ഫേസ്‌ബുക്കിൽ ഒരു പുതിയ വേർതിരിവ് വന്നു. തെക്കന്മാർ മോശം. തെക്കരുടെ ഭക്ഷണം മോശം. തെക്കന്മാരുടെ രീതി മോശം. തെക്കന്മാരുടെ ഭാഷ മോശം. തെക്കന്മാർ തെറി വിളിക്കുന്നു. തെക്കനേയും മൂർഖനെയും കണ്ടാൽ തെക്കനെ തല്ലിക്കൊല്ലണം. അങ്ങനെ പോയി കാര്യങ്ങൾ. ഇതൊക്കെ തെക്കുള്ളവരുടെ മനസ്സിൽ എത്രത്തോളം മുറിവുണ്ടാക്കി എന്ന് ഈ നാറികൾ മനസ്സിലാക്കിയില്ല. ഞങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നുമല്ലാത്തവർക്കു വേണ്ടിപ്പോലും ഉറക്കമൊഴിഞ്ഞിരുന്ന് രക്ഷാപ്രവർത്തനത്തിലും തുടർന്നുള്ള പ്രവർത്തനത്തിലും ആവതു സഹായിച്ച ഞങ്ങൾക്ക് കിട്ടാനുള്ളത് തന്നെ. സംശയമില്ല.

ഇത്തവണ മഴ വന്നത് ആഗസ്തിലാണ്. കനത്ത മഴയുണ്ട്. ഉരുൾ പൊട്ടലുണ്ട്. ഒരുപാട് ജീവനുകൾക്ക് ഭീഷണിയുണ്ട്. ഒരുപാട് ജീവനുകൾ പൊലിഞ്ഞു. വീണ്ടും ജില്ലയിലെ പല കൂട്ടായ്മകളും സജീവമായി. കളക്ഷൻ പോയിന്റുകൾ തുടങ്ങുന്ന കാര്യം പറഞ്ഞു. പഴയ ഉത്സാഹം ഒന്നുമില്ലാഞ്ഞിട്ടുപോലും പലരും പതിയെപ്പതിയെ ട്രാക്കിലേക്ക് വരുകയായിരുന്നു. അപ്പോഴാണ് കാറെടുത്തുവന്ന് കക്കൂസ് കഴുകി എന്നും പറഞ്ഞ് ഒരുത്തൻ രോദിച്ചു പോസ്റ്റ് ഇട്ടത്. വടക്കു കിടക്കുന്ന അവനു പോലും പോകാൻ പറ്റാത്ത അവന്റെ നാട്ടിലേക്ക് തെക്കന്മാർ ചെല്ലാത്തതാണ് അവന്റെ പ്രശ്നം. വീണ്ടും പഴയ കഥ തന്നെ. തെക്കന്മാർ മോശം. മറ്റത് മറിച്ചത്. അങ്ങനെ. അവന്റെ പോസ്റ്റിന്റെ കീഴെ വന്ന കമന്റുകൾ കൂടി കണ്ടപ്പോ തൃപ്തിയായി. എന്തൊക്കെ ചെയ്താലും ഉള്ളിലിരിപ്പുകൾ ഇങ്ങനെയൊക്കെയാണ്. എന്തായാലും നാറികളേ, നിന്നെയൊന്നും കരുതി ഞങ്ങൾ മറ്റുള്ളവരെ സഹായിക്കുന്നത് നിർത്താനൊന്നും പോകുന്നില്ല. നിന്റെയൊക്കെ മനസ്സിലിരിപ്പ് മനസ്സിലായത് നന്നായി. സന്തോഷം. ഞങ്ങൾ ചിലപ്പോ അറുത്തുമുറിച്ച് സംസാരിച്ചെന്നിരിക്കും. പക്ഷേ മുഖത്ത് ചിരിയും ഒട്ടിച്ചുവച്ചുകൊണ്ട് ചതിക്കുകയില്ല. ഭാഷ അറിയാത്ത ആസാമിലേക്ക് പോലും പ്രളയനാന്തരസഹായമായി ഞങ്ങളെക്കൊണ്ട് സാധിക്കുന്നത് ചെയ്തിട്ടുണ്ട്. നിന്നെയൊക്കെക്കാൾ നന്ദി അവിടത്തെ കാണ്ടാമൃഗങ്ങൾക്ക് കാണും. എല്ലാം സെറ്റിലായിക്കഴിയുമ്പോ തെക്കന്മാരെ അന്വേഷിച്ച് മറക്കാതെ ഇറങ്ങണേ.

ഇപ്പോഴത്തെ മഴയിൽ ബുദ്ധിമുട്ടുന്നവരും അവരെ സഹായിക്കുന്നവരും ഞങ്ങളെയും മൂർഖനെയും കണ്ടാൽ കൊന്നുകളയണമെന്ന് ചിന്തിക്കാത്തവരുമായ സുഹൃത്തുക്കൾ ക്ഷമിക്കുക. ഇത് നിങ്ങളെക്കുറിച്ചല്ല. ഓരോരോ തൊട്ടിത്തരം കാണുമ്പോൾ നല്ല വിഷമം ഉണ്ടായിട്ടുതന്നെ പറയുന്നതാണ്.

https://www.facebook.com/arun.capricornian/posts/2311306979119001

shortlink

Related Articles

Post Your Comments

Related Articles


Back to top button