തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ മഴ കുറയുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ആശങ്കയൊഴിഞ്ഞെന്ന് പറയാനാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. നിലവില്‍ പെയ്യുന്ന അതിശക്തമായ മഴ ഏതാനും മണിക്കൂറുകള്‍ കഴിയുന്നതോടെ തീവ്രത കുറയും. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ന്യൂനമര്‍ദ്ദം ശക്തിപ്പെടുകയാണെങ്കില്‍ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാന്‍ സാധ്യതയുണ്ടെന്നും കൃത്യമായ വിവരം തിങ്കളാഴ്ചയോടെ മാത്രമേ അറിയാന്‍ സാധിക്കൂ എന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ സമാനമായ സാഹചര്യം തന്നെയാണ് ഇത്തവണയും ഉള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചിട്ടുള്ളത്. അഞ്ച് ദിവസത്തേക്ക് കൂടി മഴക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് പന്ത്രണ്ടോടെ അടുത്ത ന്യൂനമര്‍ദ്ദം ശക്തിപ്പെടാനിടയുണ്ട്. അതുകൊണ്ട് പന്ത്രണ്ടാം തീയതിയോ അതിന് ശേഷമോ വീണ്ടും മഴ തീവ്രമാകാനാണ് സാധ്യതയെന്ന് തന്നെയാണ് കാലാൃവസ്ഥാ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.
ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയില്‍ ഇന്ന് മരണം 21 കവിഞ്ഞു. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്‍ പറഞ്ഞു. മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments