കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുക തന്നെയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കോഴിക്കോട് ജില്ലാ കളക്ടര്‍. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.
നിലവില്‍ 45 സെന്റീമീറ്ററാണ് ഷട്ടറുകള്‍തുറന്നിരിക്കുന്നത്. ഇത് മൂന്നടിവരെ ഉയര്‍ത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ഡാം തുറക്കുന്നതിനാല്‍ വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ പലഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മലയോര പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ഫറോക്ക് പാലത്തില്‍ വെള്ളം കയറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ മാറി താമസിക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരത്ത് മണിയൂര്‍, വേളം, കുറ്റ്യാടി, കായക്കൊടി, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂര്‍, കുറ്റ്യാടി, തിരുവള്ളൂര്‍,തുറയൂര്‍, ആയഞ്ചേരി, മരുതോങ്കര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ മാറി താമസിക്കണംമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. വേണ്ട നടപടികള്‍ കൈകൊള്ളാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.
ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്റെയും കൈവഴികളുടെയും തീരത്തുള്ളവരാണ് മാറി താമസിക്കേണ്ടത്. പൊതു ജനങ്ങള്‍ സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Post Your Comments