ദുബായ്: തന്റെ ആറുവയസുകാരിയായ മകളുടെ സൗജന്യ പഠനത്തിനായി യുഎഇയിലെ സ്‌കൂള്‍ അധികൃതരുടെ കനിവ് തേടിയിരിക്കുകയാണ് സിറിയക്കാരിയായ അമ്മ. 2016 ല്‍ നടന്ന സിറിയ യുദ്ധത്തില്‍ നിന്ന് രക്ഷപെട്ടെത്തിയത് മുതല്‍ കുടുംബം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. അതിനാല്‍ തന്നെ മകളുടെ പഠനത്തിന് ഏതെങ്കിലും സ്‌കൂള്‍ അധികൃതര്‍ കനിയണം.
സിറിയന്‍ സ്വദേശികളായ ഫാത്തിമ മാലിക് റഹ്മും ഭര്‍ത്താവും അഞ്ച് മക്കളും ഉള്‍പ്പെട്ട കുടുംബം അജ്മാനിലാണ് താമസിക്കുന്നത്. ഫാത്തിമ മാലിക്കിന്റെ ഭര്‍ത്താവ് അജ്മാനില്‍ ഡ്രൈവറായി ജോലിചെയ്ത് വരികയാണ്. പ്രതിമാസം 4,500 ദിര്‍ഹമാണ് അദ്ദേഹത്തിന്റെ ശമ്പളമെന്നും എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ ഇത് തികയുന്നില്ലെന്നും അവര്‍ പറയുന്നു.
യുദ്ധത്തെ തുടര്‍ന്ന് സിറിയയിലെ ഇഡ്ലിബില്‍ നിന്നാണ് റഹ്മൂമും മക്കളും നാടുവിട്ടത്. തുടര്‍ന്ന് അവര്‍ ഒരു അഭയകേന്ദ്രത്തിലായിരുന്നു. സ്ഫോടനത്തില്‍ മകന്റെ മുഖത്തും തലയ്ക്കും പൊള്ളലേറ്റതിനെത്തുടര്‍ന്ന് അവര്‍ രാജ്യം വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഓരോ വ്യക്തിക്കും 1,000 ഡോളര്‍ (3,673 ദിര്‍ഹം) നല്‍കി ആ കുടുംബം തുര്‍ക്കിയിലേക്ക് കടന്നു. അതല്ലാതെ ആ കുടുംബത്തിന് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല. രണ്ടുമാസം തുര്‍ക്കിയില്‍ താമസിച്ചശേഷം അവര്‍ യുഎഇയില്‍ എത്തി. മറ്റ് മൂന്ന് കുട്ടികളെ സ്‌കൂളുകളില്‍ ചേര്‍ത്ത് സൗജന്യമായി പഠിപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കിലും മകള്‍ വിദ്യാഭ്യാസമില്ലാതെ തുടരുകയാണ്.
”എന്റെ ഭര്‍ത്താവ് ഒരു ഡ്രൈവറായി ജോലി ചെയ്യുന്നു, 22,000 ദിര്‍ഹം പ്രതിവര്‍ഷ വാടക നല്‍കാനും മറ്റ് കുട്ടികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് അടയ്ക്കാനും ആവശ്യമായ വരുമാനം ലഭിക്കുന്നില്ല,” റഹ്മൂം പറഞ്ഞു. തങ്ങളെ സഹായിക്കാന്‍ കഴിയുമോയെന്ന് അറിയാന്‍ പല സ്‌കൂളുകളിലും കയറിയിറങ്ങിയെങ്കിലും അതെല്ലാം വെറുതേയായി എന്നും അവര്‍ പറയുന്നു.
‘ഞങ്ങള്‍ക്ക് സിറിയയിലേക്ക് മടങ്ങാന്‍ കഴിയുമായിരുന്നെങ്കില്‍ അങ്ങനെ ചെയ്‌തേനെ. ഞങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സിറിയയിലെ വീട് ആക്രമണത്തില്‍ നശിച്ചു. ഞങ്ങള്‍ ഒരു അഭയകേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. ഇനി മറ്റൊരു നഗരത്തിലേക്ക് പോകാനുള്ള സാമ്പത്തികാവസ്ഥയും ഇല്ല’ അവര്‍ പറഞ്ഞു. ഇവരുടെ ഇളയ മകള്‍ക്ക് ഒരു വയസ്സാണ്. അവള്‍ക്കും തന്റെ സഹോദരിയുടെ അവസ്ഥ വരുമല്ലോ എന്നോര്‍ത്ത് അതിയായ ദുഃഖമുണ്ടെന്നും അവര്‍ പറയുന്നു.
എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി, വിമതരുടെ പിടിയിലായ ഇഡ്ലിബില്‍ വ്യോമാക്രമണം തുടരുകയാണ്, ഇവിടുത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. യുഎഇയില്‍ അഭയം തേടിയ സിറിയക്കാരുടെ ദുരവസ്ഥ മാധ്യമങ്ങള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വരുമാനം കുറവായതിനാല്‍ കുട്ടികളെ സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ കഴിയാത്തവരാണ് ഇവിടുത്തെ നല്ലൊരു ശതമാനം അഭയാര്‍ത്ഥികളും. കുറഞ്ഞ വരുമാനം മാത്രമുള്ള ഈ കുടുംബങ്ങള്‍ക്ക് ചാരിറ്റി സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കാന്‍ കഴിയും. എന്നാല്‍ ആളുകളുടെ എണ്ണം കൂടുന്നതിനാല്‍ മിക്കവാറും എല്ലായിടങ്ങളിലും പ്രവേശനം നേടാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. മുമ്പ്, ദുബായിലെ ഒരു ബ്രിട്ടീഷ് സ്‌കൂള്‍ ഏഴ് സിറിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം നല്‍കിയിരുന്നു.
Post Your Comments