ലാഹോര്‍: ഇന്ത്യന്‍ ഹൈ കമ്മീഷണറെ പുറത്താക്കി പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കാനും വ്യാപാരം നിര്‍ത്തിവയ്ക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം കൈക്കൊണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈകമ്മീഷണറെ പാകിസ്ഥാന്‍ പുറത്താക്കിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനും കാശ്മീരിനെ രണ്ടാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് പാകിസ്ഥാന്‍ ഈ നിലപാടെടുത്തത്. വ്യാപാര ബന്ധം പാകിസ്ഥാന്‍ നിര്‍ത്തലാക്കിയാല്‍ അത് ഇന്ത്യയെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കാര്യമായ വ്യാപാരം ഇല്ലാത്തതാണ് ഇതിനു കാരണം. കാശ്മീര്‍ പ്രധാന വിഷയമാക്കിക്കൊണ്ടുള്ള പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം കഴിഞ്ഞ രണ്ട് ദിവസമായി നടക്കുകയായിരുന്നു. ഇന്ത്യയുടെ നീക്കങ്ങള്‍ പ്രതിരോധിക്കണം എന്ന തരത്തിലുള്ള പ്രമേയങ്ങളും ഈ സമ്മേളനത്തില്‍ പാസാക്കിയിരുന്നു. ഇന്ത്യയിലെ പാകിസ്ഥാന്‍ നയതന്ത്ര കമ്മീഷണര്‍ ചുമതലയേല്‍ക്കേണ്ട എന്നും പാകിസ്ഥാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍പും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഹൈ കമ്മീഷണര്‍മാരെ തിരികെ വിളിച്ചിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും തങ്ങള്‍ നിര്‍ത്തി വയ്ക്കുമെന്നും പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. തങ്ങളുടെ കരസേനയോടു ജാഗ്രതയോടെ ഇരിക്കാനും പാകിസ്ഥാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള രാജ്യാന്തര സംഘടനകളില്‍ ഉന്നയിക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാകിസ്ഥാന്റെ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
Post Your Comments