ചാരുംമൂട്: വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ പദ്ധതിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍. താമരക്കുളം കണ്ണനാകുഴി കാവിന്റെ കിഴക്കേതില്‍ രാജീവിനെ (38)യാണ് നൂറനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
രാജീവിന്റെ ഭാര്യ നൂറനാട് പുലിമേല്‍ അതുല്യ ഭവനത്തില്‍ അതുല്യ (31) യുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. നൂറനാട് പള്ളിമുക്കില്‍ വച്ച് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു അറസ്റ്റ്. അതുല്യ പള്ളിമുക്കിലുള്ള ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. തിങ്കളാഴ്ച വൈകിട്ടോടെ സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ഇയാള്‍ ഭാര്യ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാനാണ് പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.
ഭാര്യയെ അക്രമിക്കാന്‍ ആസൂത്രണം ചെയ്ത രാജീവ് രണ്ടു തവണ കടയില്‍ കയറി ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതോടെ അതുല്യ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ പിടികൂടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ സ്‌കൂട്ടറില്‍ നിന്ന് ഒരു ലിറ്റര്‍ പെട്രോളും, മുളക് പൊടിയും പൊലീസ് കണ്ടെടുക്കുന്നത്.
വിവാഹ മോചനത്തിനായുള്ള ഇവരുടെ കേസ് മാവേലിക്കര കുടുംബ കോടതിയില്‍ വിചാരണയിലാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. കുട്ടികളെ തനിക്ക് വിട്ടുനല്‍കണമെന്ന് പറഞ്ഞ് ഇയാള്‍ നിരന്തരം വീട്ടിലെത്തി വഴക്കിടാറുണ്ടെന്നും, ഒരാഴ്ച മുമ്പ് തന്നെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് മടങ്ങിയതെന്നും അതുല്യ പരാതിപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post Your Comments