ഇസ്ലാമാബാദ്: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ കടുത്ത പ്രതിഷേധവുമായി പാക്കിസ്ഥാന്. ഇതോടെ പാകിസ്ഥാന് പ്രസിഡന്റ് ആരിഫ് അല്‍വി ഇന്ന്
പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 11.30-നാണ് സമ്മേളനമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മുകശ്മീരിലെയും നിയന്ത്രണരേഖയിലെയും സ്ഥിതിവിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് സംയുക്ത സമ്മേളനത്തിന്റെ ലക്ഷ്യം.
രാജ്യാന്തരതലത്തില്‍ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളുമായാണ് പാകിസ്ഥാന് നടത്തുന്നത്. ഇന്ത്യയോടും കടുത്ത പ്രതിഷേധം അറിയിക്കാനാണ് നീക്കം. സ്ഥാപനപതിയെ വിളിച്ചു വരുത്തി പ്രതിഷേധിക്കുകയായിരുന്നു പാകിസ്ഥാന് ആദ്യം തന്നെ ചെയ്തത്. പരമാവധി ലോകനേതാക്കളുമായി സംസാരിച്ച് പിന്തുണ തേടാന്‍ പാകിസ്ഥാന് ശ്രമിക്കും. ഇന്ത്യയുടെ നടപടി മേഖലയില്‍ സമാധാനവും സുരക്ഷയും തകര്‍ക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്നലെ ആരോപിച്ചിരുന്നു. ഇമ്രാന് ഖാന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗനുമായും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായും ഇന്ത്യയുടെ നടപടി ചര്‍ച്ച ചെയ്തിരുന്നു. തുര്‍ക്കി പിന്തുണ അറിയിച്ചതായാണ് പാകിസ്ഥാന്റെ പ്രസ്താവന.
ALSO READ: ഇന്ത്യന്‍ നീക്കത്തിനെതിരേ പാകിസ്താന് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചേക്കും
അതേസമയം, ഇസ്ലാമാദിലെ എല്ലാ നയതന്ത്ര ആസ്ഥാനങ്ങള്‍ക്കും ചുറ്റും കനത്ത സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെങ്കിലും ഹൈക്കമ്മീഷന് ചുറ്റും സായുധ, കലാപ നിയന്ത്രണ സേനയെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, പാകിസ്ഥാനില്‍ കശ്മീരുമായി അതിര്‍ത്തി പങ്കിടുന്നതും അല്ലാത്തതുമായ പ്രവിശ്യകളില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്. പ്രതിഷേധവുമായി ബലോചിസ്ഥാന്, ഖൈബര്‍ പഖ്തുന്‍ഖ്വ, പഞ്ചാബ്, സിന്ധ്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളില്‍ റാലികള്‍ നടന്നു. ‘കശ്മീര്‍ ബനേഗ പാകിസ്ഥാന്’ എന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്.
Post Your Comments