ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലൂടെ ജമ്മു കാഷ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടര്‍ന്നു നേരത്തെ തന്നെ മുന്നൊരുക്കങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതിനാല്‍ തിങ്കളാഴ്ച അപ്രതീക്ഷിത സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ജമ്മുവില്‍ സ്ഥിതി സമാധാനപരമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. കിഷ്ത്വാര്‍, രാജൗരി ജില്ലകളിലും രാംബാന്‍ ജില്ലയിലെ ബനിഹാല്‍ പ്രദേശത്തും അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജമ്മുവിലെയും ശ്രീനഗറിലെയും പല ജില്ലകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അധികൃതരുടെ നിര്‍ദേശപ്രകാരം ജമ്മു കാഷ്മീരിലെ സ്കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ശ്രീനഗര്‍ ജില്ലയില്‍ വന്‍ നിയന്ത്രണങ്ങളുണ്ട്. എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇക്ബാല്‍ ചൗധരി പറഞ്ഞു.
Post Your Comments