Latest NewsIndia

അർദ്ധരാത്രി നടപടികൾ ആരംഭിച്ചു, കശ്മീർ പൂർണ്ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിൽ; എന്താണ് നടക്കുന്നതെന്ന് ഉറ്റുനോക്കി ലോകം

എല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അര്‍ദ്ധരാത്രിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കങ്ങള്‍. സൈനിക നടപടിയുടെ ഭാഗമായി ജമ്മു കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് ഇന്നു രാത്രി 12ന് ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിര്‍ത്തിവെച്ചത്.

ജമ്മു കശ്മീരിലെ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ചര്‍ച്ച നടത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബയും, ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അരവിന്ദ് കുമാര്‍, റോ തലവന്‍ സാമന്ത് കുമാര്‍ ഗോയല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. പൊതുപരിപാടികളും റാലികളും നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. എല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്.

ഇന്ന് അടിയന്തര മന്ത്രിസഭാ യോഗവും ചേരും. ഇതോടെ ലോക ശ്രദ്ധ തന്നെ കാശ്മീരിലേക്ക് എത്തുകയാണ്. കാശ്മീരില്‍ കടുത്ത നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുമെന്നാണ് സൂചന.കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) അംഗങ്ങളെ സൈന്യം വധിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കൊണ്ട് വെളുത്ത പതാകയുമായി വന്ന് കൊണ്ടു പോകാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 29നും 31നും ഇടയില്‍ പാക് ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യം തകര്‍ത്തിരുന്നു.അമിത് ഷായ്ക്ക് പുറമേ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കാര്യങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണവും എല്ലാ നീക്കങ്ങളിലും ഉണ്ട്. യുദ്ധസമാനമായ സാഹചര്യമാണ് കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം ഒരുക്കുന്നത്.കശ്മീര്‍ വിഷയം മുന്‍നിര്‍ത്തി പ്രത്യേക കാബിനറ്റ് യോഗം ഇന്നു രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും. ഇത് അതിനിര്‍ണ്ണായകമായി മാറും.റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ ഉള്‍പ്പെടെ ഒരാഴ്ചയ്ക്കിടെ കാല്‍ ലക്ഷത്തിലേറെ സൈനികരെ അധികമായി കശ്മീരില്‍ വിന്യസിച്ചിരിക്കുകയാണ്. പൂഞ്ച്, രജൗരി ഉള്‍പ്പെടെയുള്ള അതിര്‍ത്തി ജില്ലകളിലും ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി.

സുരക്ഷാഭീഷണിയുള്ള സാഹചര്യത്തില്‍ വിനോദസഞ്ചാരികളോടും അമര്‍നാഥ് തീര്‍ത്ഥാടകരോടും തിരികെ പോകാന്‍ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. കശ്മീരിനും കശ്മീരികള്‍ക്കും പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 35 എ, 370 വകുപ്പുകള്‍ സര്‍ക്കാര്‍ റദ്ദാക്കാന്‍ പോകുന്നുവെന്നാണ് പൊതുവെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ജമ്മു കശ്മീരില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും സംവരണം അനുവദിക്കുന്ന ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍ അമിത് ഷാ ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കും. പ്രശ്‌നം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാന്‍ നാഷനല്‍ കോണ്‍ഫറന്‍സ് എംപി നാസിര്‍ അഹമ്മദ് ലാവായ് നോട്ടിസ് നല്‍കിയിട്ടുണ്ട്.

ഭരണഘടനയുടെ 35എ, 370 വകുപ്പുകള്‍ രണ്ടാം മോദി സര്‍ക്കാര്‍ എടുത്തുകളയും എന്നത് ബിജെപിയുടെ പ്രകടന പത്രികയിലുള്ള പ്രഖ്യാപനമാണ്. യോജിച്ച സമയത്ത് ഉചിതമായ തീരുമാനമെന്നാണ് പാര്‍ട്ടി ഉപാധ്യക്ഷന്‍ അവിനാശ് റായ് ഖന്ന കഴിഞ്ഞ ദിവസം പറഞ്ഞത്. 1954 മെയ്‌ 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണ് 35എ വകുപ്പ്. ജമ്മു കശ്മീരില്‍ സ്ഥിരമായി വസിക്കുന്നവരെ നിര്‍വചിക്കുകയും ഭൂമി, തൊഴില്‍, സ്‌കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ വകുപ്പ്.

ജമ്മു കശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. 35 എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നിലവിലുണ്ട്.ഇന്നലെ നടന്ന ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ കശ്മീരിലെ നിലവിലെ അവസ്ഥ അമിത് ഷാ വിലയിരുത്തിയെന്നാണു വിവരം. അതിനിടെ, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാ സമിതി യോഗം ചേര്‍ന്നു. ഐക്യത്തിന്റെ സന്ദേശം നല്‍കുന്നതിനു വേണ്ടിയാണ് യോഗമെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button