KeralaLatest NewsIndia

പ്രവാസി മലയാളിയുടെ കൊലപാതകം : ഭാര്യയുടെ നാട്ടുകാരന്‍ അറസ്‌റ്റില്‍

പത്തനംതിട്ട: മകളുടെ പ്രണയം അറിഞ്ഞു നാട്ടിലെത്തിയ പ്രവാസി മലയാളിയായ സജീവ് മര്‍ദനമേറ്റു മരിച്ച കേസില്‍ ഭാര്യയുടെ നാട്ടുകാരനായ യുവാവ്‌ അറസ്‌റ്റില്‍. മറ്റൊരു പ്രതി ഒളിവില്‍. മെഴുവേലി കുറിയാനിപ്പള്ളില്‍ ലക്ഷ്‌മിപുരം തെക്കേഉഴത്തില്‍ അരുണ്‍ ലാല്‍ (കൊച്ചുമോന്‍-33) ആണ്‌ അറസ്‌റ്റിലായത്‌. ഒന്നാം പ്രതി പ്രേംലാല്‍ ഒളിവിലാണ്‌. മകളും വള്ളിക്കോട്‌ കോട്ടയം സ്വദേശിയായ ബസ്‌ ഡ്രൈവര്‍ മനുവും തമ്മിലുള്ള പ്രണയം അറിഞ്ഞ്‌ ഗള്‍ഫില്‍നിന്നു നാട്ടിലെത്തിയതായിരുന്നു സജീവ്‌.

തങ്ങളെ സജീവ്‌ മര്‍ദിച്ചെന്നു കാട്ടി 24 നു ഭാര്യയും മകളും ആറന്മുള പോലീസില്‍ പരാതി നല്‍കിയിരുന്നു. അതിനു പിന്നാലെ മകള്‍ മനുവിനൊപ്പം പോയി. പിന്നീട്‌ പ്രസന്നയെയും ഇവര്‍ കൂട്ടിക്കൊണ്ടുപോയി. 27 നു ഭാര്യ കുറിയാനിപ്പള്ളിയിലെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നറിഞ്ഞ്‌ സജീവ്‌ ഇലന്തൂരില്‍നിന്ന്‌ ഓട്ടോറിക്ഷയില്‍ അവിടെയെത്തി. രോഗബാധിതയായ പ്രസന്നയെ മര്‍ദിക്കാനുള്ള സജീവിന്റെ ശ്രമം അവരുടെ സഹോദരന്‍ തടഞ്ഞു. ബഹളം തുടര്‍ന്ന സജീവിനെ പറഞ്ഞുവിടാന്‍ വേണ്ടിയാണു മറ്റൊരു ബന്ധുവായ പലചരക്ക്‌ കടക്കാരന്‍ സമീപവാസികളായ അരുണ്‍ലാലിനെയും പ്രേംലാലിനെയും ചുമതലപ്പെടുത്തിയത്‌.

ഇവരുമായും സജീവ്‌ വാക്കേറ്റമുണ്ടായി. ഇതിനിടെയാണു പ്രതികള്‍ സജീവിനെ മര്‍ദിക്കുകയും ചവിട്ടുകയും ചെയ്‌തത്‌. കഴുത്തിന്‌ പിന്നിലേറ്റ അടിയാണു മരണ കാരണം. മര്‍ദനത്തെ തുടര്‍ന്നു നെഞ്ചില്‍ അണുബാധയുമുണ്ടായി. ഇങ്ങാനെയാണ് പോലീസ് റിപ്പോർട്ട്. എന്നാൽ സജീവ് അമിതമായി മദ്യപിച്ചിരുന്നെന്നും അങ്ങനെ പല സ്ഥലങ്ങളിൽ വീഴുകയും വീഴ്ചയിൽ പരിക്കേറ്റതായും ചിലർ പറയുന്നുണ്ട്. മകളുടെ കാമുകനായ മനുവാണു തന്നെ മര്‍ദിച്ചതെന്നായിരുന്നു സജീവിന്റെ മരണമൊഴി.

അതെ സമയം പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഈ സമയം മനു മറ്റൊരു സ്‌ഥലത്താണെന്നു വ്യക്‌തമായിരുന്നു. ഭാര്യയുടെ കുടുംബ വീട്ടില്‍വച്ചാകാം സജീവിനു മര്‍ദനമേറ്റതെന്ന നിഗമനത്തിലാണ്‌ ഇലവുംതിട്ട സി.ഐ. ജെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം മുന്നോട്ടുപോയത്‌. ബന്ധുക്കളെ ചോദ്യം ചെയ്‌തതില്‍നിന്നാണു മര്‍ദിച്ചത്‌ പ്രേംലാലും അരുണ്‍ലാലുമാണെന്നു മനസിലായത്‌. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

shortlink

Post Your Comments


Back to top button