KeralaLatest NewsIndia

മകളുടെ പ്രണയബന്ധം ചോദ്യംചെയ്‌ത പിതാവിന്റെ മരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇങ്ങനെ , പ്രതിയെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇടപെടൽ

പിതാവ് തനിക്കായി കരുതി വച്ചിരുന്ന പണവും സ്വര്‍ണവും എടുത്തായിരുന്നു പെണ്‍കുട്ടി സ്ഥലം വിട്ടത്.

പത്തനംതിട്ട: മകളുടെ കാമുകന്റെ അടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച പിതാവിനു ക്രൂരമര്‍ദനമേറ്റിരുന്നെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ കുഴിയില്‍ സജീവി(49)ന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരാണു പോസ്‌റ്റ്‌മോര്‍ട്ടം ചെയ്‌തത്‌. പ്രാഥമിക റിപ്പോര്‍ട്ട്‌ പോലീസിനു കൈമാറി. കഴുത്തിലേറ്റ അടിയുടെ ഫലമായി നെഞ്ചിലുണ്ടായ നീര്‍ക്കെട്ടാണ്‌ മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്‌. കഴുത്തിനു കുത്തിപ്പിടിച്ച പാടുണ്ട്‌. വയറിനു ചവിട്ടേറ്റതിന്റെ പാടുകളുണ്ട്‌. സജീവിന്റെ സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ വീട്ടുവളപ്പില്‍ നടത്തും.

ഇലന്തൂര്‍ ഇടപ്പരിയാരം വിജയ വിലാസത്തില്‍ സജീവാ(49)ണ് മകളുടെ കാമുകന്റെയും കൂട്ടുകാരുടെയും ക്രൂരമര്‍ദനത്തിന് ഇരയായി വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ഇന്നലെ രാവിലെ മരണമടഞ്ഞത്.കഴിഞ്ഞ 27 ന് വൈകിട്ട് ഭാര്യയുടെ കുടുംബ വീട്ടില്‍ വച്ചാണ് മനുവും സംഘവും സജീവിനെ മര്‍ദിച്ചത്.ഏക മകള്‍ക്ക് വേണ്ടിയായിരുന്നു സജീവ് വിദേശത്ത് കഷ്ടപ്പെട്ടത്. മകളെ നല്ല നിലയില്‍ വിദ്യാഭ്യാസം ചെയ്യിച്ചു. ഇലന്തൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ താല്‍കാലിക ജോലിയും വാങ്ങി നല്‍കി. ഇത്രയുമൊക്കെയായ സ്ഥിതിക്ക് നല്ലൊരു കുടുംബത്തിലേക്ക് വിവാഹം കഴിച്ച്‌ അയയ്ക്കാനുള്ള പണവും സ്വര്‍ണവുമൊക്കെ ആ പിതാവ് കരുതി വച്ചു.

കോളജില്‍ പോകുന്ന വഴിക്കാണ് സ്വകാര്യ ബസ് ഡ്രൈവറായ കോട്ടയം സ്വദേശി മനുവുമായി പെണ്‍കുട്ടി പ്രണയത്തിലായത്. മൂന്നു വര്‍ഷമായി പ്രണയം തുടരുന്നു. രാപകല്‍ ഭേദമന്യേ മനു പെണ്‍കുട്ടിയുടെ വീട്ടില്‍ പതിവ് സന്ദര്‍ശകനായി. അമ്മയും മകളും മാത്രമുള്ള വീട്ടിലേക്ക് മനുവിന്റെ രാത്രി സന്ദര്‍ശനം പ്രദേശവാസികള്‍ ശ്രദ്ധിച്ചിരുന്നു. മകളുടെ പ്രണയത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്ത മാതാവ് പ്രസന്ന, വിവരം സജീവില്‍ നിന്ന് മറച്ചു വയ്ക്കുകയും ചെയ്തു. എന്നാല്‍, നാട്ടുകാരിലാരോ വിവരം സജീവിനെ അറിയിച്ചു. വിദേശത്ത് ഇരുന്നു കൊണ്ടു തന്നെ അദ്ദേഹം മകളുടെ കാമുകനെ കുറിച്ച്‌ അന്വേഷിച്ചു.മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ് കാമുകന്‍.

പോട്ടെ, സാരമില്ല ജീവിക്കാനുള്ള ചുറ്റുപാടും വിദ്യാഭ്യാസവുമുണ്ടോ എന്നുള്ളതായി ആ പിതാവിന്റെ അന്വേഷണം. അപ്പോഴാണ് അറിയുന്നത് കാമുകന്‍ പത്താം ക്ലാസ് കടന്നിട്ടില്ല. സ്വകാര്യ ബസില്‍ ഡ്രൈവറാണ്. ഉടന്‍ തന്നെ നാട്ടിലേക്ക് പറന്നിറങ്ങിയ സജീവ് ഭാര്യയെയും മകളെയും ചോദ്യം ചെയ്തു. മകള്‍ മനുവിനെ മാത്രമേ കെട്ടൂവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയും മാതാവ് പിന്തുണയ്ക്കുകയും ചെയ്തതോടെ ഇരുവരെയും ആ പിതാവ് പൊതിരേ തല്ലി. തങ്ങളെ സജീവ് മര്‍ദിച്ചുവെന്ന് കാട്ടി ഇരുവരും കഴിഞ്ഞ 24 ന് ആറന്മുള പൊലീസില്‍ കേസ് നല്‍കി. പൊലീസ് കേസെടുത്തില്ല. പകരം, പെണ്‍കുട്ടിയെയും മാതാവിനെയും ഉപദേശിച്ചു നോക്കി.

കാമുകനൊപ്പം ജീവിച്ചാല്‍ മതിയെന്ന നിലപാടില്‍ ഉറച്ചു നിലക്കുകയായിരുന്നു പെണ്‍കുട്ടി. തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി. പന്തളത്ത് വാടകവീട് എടുത്ത് താമസമാക്കി.പിറ്റേന്ന് തന്നെ മാതാവിനെയും ഒപ്പം കൂട്ടി. പിതാവ് തനിക്കായി കരുതി വച്ചിരുന്ന പണവും സ്വര്‍ണവും എടുത്തായിരുന്നു പെണ്‍കുട്ടി സ്ഥലം വിട്ടത്. തുടര്‍ന്ന് 27 ന് പ്രസന്നയും മകളും കുറിയാനിപ്പള്ളിയിലെ സ്വന്തം വീട്ടിലേക്ക് ചെല്ലുന്നത് അറിഞ്ഞാണ് സജീവ് അവിടെ എത്തി വഴക്കുണ്ടാക്കിയതും മനുവും കൂട്ടരും ചേര്‍ന്ന് മര്‍ദിച്ചതും. തന്നെ മര്‍ദിച്ചത് മകളുടെ കാമുകന്‍ കോട്ടയം സ്വദേശിയായ ബസ് ഡ്രൈവര്‍ മനുവും മറ്റു നാലു പേരും ചേര്‍ന്നാണെന്ന് സജീവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

സജീവിന്റെ മരണത്തോടെ ഇത് മരണ മൊഴി ആയി മാറി. മനുവിനെയും നാലു പേരെയും പ്രതികളാക്കി ഇലവുംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.സജീവ് ഇന്നലെ മരണമടഞ്ഞ വിവരം പൊലീസിനെ അറിയിച്ചെങ്കിലും പ്രതിയായ മനുവിനെ സംരക്ഷിക്കുന്ന ശ്രമമാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണം. 27 ന് കുറിയാനിപ്പള്ളിയിലെ വീട്ടിലേക്ക് സജീവ് ഇലന്തൂരില്‍ നിന്നും ഓട്ടോറിക്ഷയിലാണ് പോയത്. ഇദ്ദേഹം മദ്യപിച്ചിരുന്നതായും പറയുന്നു. അവിടെ എത്തി ഭാര്യയോടും മക്കളോടും സജീവ് വഴക്കുണ്ടാക്കിയിരുന്നു. വിവരം അറിഞ്ഞ് എത്തിയ മനുവും സംഘവും സജീവിനെ മര്‍ദിച്ചുവെന്നാണ് മരണമൊഴി.

എന്നാല്‍ അങ്ങനെ ഒരു മര്‍ദനമോ വഴക്കോ അവിടെ നടന്നിട്ടില്ലെന്നും സജീവിന് മറ്റേതോ രീതിയില്‍ പരുക്കേറ്റതാകാമെന്ന സൂചനയും പൊലീസ് നല്‍കുന്നു. സജീവിനെ ആദ്യം എത്തിച്ച കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടും ഇദ്ദേഹം അമിതമായി മദ്യപിച്ചിരുന്നുവെന്നാണ്. മദ്യലഹരിയില്‍ സജീവ് വീണു പരുക്കേറ്റുവെന്നും അതാകാം മരണ കാരണമായതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുറിയാനിപ്പള്ളിയിലെ ഭാര്യവീട്ടിന് സമീപത്തുള്ളവരാരും സജീവിനെ മര്‍ദിക്കുന്നതോ വഴക്കുണ്ടാക്കുന്നതോ കണ്ടിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭ്യമായ വിവരം.

അമിതമായി മദ്യപിച്ച്‌ വീടിന്റെ പടിക്കെട്ടില്‍ നിന്ന് വീണാണ് സജീവിന് പരുക്കേറ്റത് എന്നൊരു കഥയും പ്രചരിക്കുന്നു.നട്ടെല്ലിനും കഴുത്തിനും മാരക പരുക്കേറ്റ സജീവിനെ വൈക്കത്തെ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. മനുവിനെ രക്ഷിക്കാന്‍ വേണ്ടി കടുത്ത സമ്മര്‍ദം പൊലീസിന് മേലുണ്ടെന്നാണ് സൂചന.

shortlink

Post Your Comments


Back to top button