രതി നാരായണന്‍
പ്രതിഷേധം മറികടന്ന് പ്രമേയം
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചു. ഇതോടെ ലഡാക്ക എന്നും ജമ്മു ആന്‍ഡ് കശ്മീര്‍ എന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ കൂടി കേന്ദ്രത്തിന്റെ കീഴിലായി. ലഡാക്കിന് പ്രത്യേക നിയസഭ ഇല്ല, എന്നാല്‍ ജമ്മു കശ്മീരിന് പ്രത്യേക നിയമമസഭ ഉണ്ടായിരിക്കുമെന്നും രാഷ്ട്രപതിയുടെ ഉത്തരവ് വായിച്ചുകൊണ്ട് ഷാ അറിയിച്ചു. തിങ്കളാഴ്ച്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായകതീരുമാനം ഉണ്ടായത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്. വളരെ സുപ്രധാനമായ നിയമനിര്‍മാണമാണ് നടക്കാന്‍ പോകുന്നതെന്നും അതിനാല്‍ തന്നെ പതിവ് ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റിവെച്ച് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും ബഹളത്തിനിടെ അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന് മേല്‍ ഇനി വോട്ടെടുപ്പ് നടക്കും.
തീരുമാനം ഒരാഴ്ച്ച നീണ്ട തയ്യാറെടുപ്പിനൊടുവില്‍
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തതോടെ കശ്മീരുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു തീരുമാനം കേന്ദ്രത്തില്‍ നിന്നുണ്ടാകുമെന്ന് ഏറെക്കൂറെ ഉറപ്പായിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കശ്മീര്‍ പരിഭ്രാന്തിയുടെയും ആശയക്കുഴപ്പത്തിന്റെയും പിടിയിലായിരുന്നു. ഓഗസ്റ്റ് 5 അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്ന ശ്രീനഗര്‍ ജില്ലയിലെ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം ഞായറാഴ്ച രാത്രി ജമ്മു കശ്മീര്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ തുടരും.
ALSO READ: കശ്മീരില്‍ ഞെട്ടിച്ച് മായാവതി ; ബില്ലിന് സമ്പൂര്‍ണ പിന്തുണ നൽകി ബി എസ്പി
പ്രാദേശിക നേതാക്കള്‍ കരുതല്‍ തടങ്കലില്‍
പിഡിപി മേധാവി മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ സാജാദ് ലോണ്‍ എന്നിവയുള്‍പ്പെടെ താഴ്വരയിലെ എല്ലാ പ്രധാന നേതാക്കളെയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, കേബിള്‍ ടിവി സേവനങ്ങള്‍ പൂര്‍ണ്ണമായും അടച്ചു. ഞായറാഴ്ചയോടെ, കശ്മീരിലെ 98 ശതമാനം വിനോദ സഞ്ചാരികളും പോയതായി ടൂറിസം ഡയറക്ടര്‍ നിസാര്‍ വാനി അറിയിച്ചു. ശ്രീനഗറിലെ എന്‍ഐടി വിദ്യാര്‍ത്ഥികളോടും ഹോസ്റ്റലുകള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളും എന്തോ ഗൗരവമായി സംഭവിക്കുന്നു എന്ന് മണത്ത് ഞായറാഴ്ച്ചയോടെ കശ്മീര്‍ വിട്ടു.
ALSO READ: ജനങ്ങള്‍ സംയമനം പാലിക്കണം :ഒമര്‍ അബ്ദുള്ള, ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹ്ബൂബ
രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
അതേസമയം കശ്മീരില്‍ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പ്രതിപക്ഷ നേതാക്കള്‍ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. കശ്മീരില്‍ വീട്ടുതടങ്കലിലായ നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി. ജനാതിപത്യവാദികളായ എല്ലാവരും കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.പാര്‍ലിമെന്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്, അതിനാല്‍ നമ്മുടെ ശബ്ദം നിശ്ചലമാകില്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. കശ്മീര്‍ വിഷയം ഉയര്‍ത്തി പാര്‍ലിമെന്റ് പ്രക്ഷുബ്ധമാക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കമെന്നാണ് തരൂരിന്റെ ട്വീറ്റ് സൂചന നല്‍കുന്നത്. അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് സ്വന്തം വസ്ത്രങ്ങള്‍ പറിച്ചു കീറിയായിരുന്നു പിഡിപി എം.പി പി ഫയാസ് പ്രതിഷേധമറിയിച്ചത്. ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.
കഴുകന്‍ കണ്ണുകളുമായി പാകിസ്ഥാനും ചൈനയും
ഇന്ത്യക്ക് അവിഭാജ്യ ഘടകമാണ് . ജമ്മു-കാശ്മീര്‍. പക്ഷേ സ്വതന്ത്ര ഇന്ത്യക്ക് ഏറ്റവുമധികം തലവേദന നല്‍കുന്നതും ഇതേ ജമ്മു കശ്മീര്‍ തന്നെയാണ. പാകിസ്താന്‍, ചൈന എന്നിവയുടെ അതിര്‍ത്തി പങ്കിടുന്ന കശ്മീര്‍ മൂന്നു രാജ്യങ്ങളുള്‍പ്പെടുന്ന തര്‍ക്കപ്രദേശമെന്ന നിലയിലും സംഘര്‍ഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയില്‍ പ്രത്യേക പരിഗണനകളുള്ള സംസ്ഥാനമായിരുന്നു ഇതുവരെ ജമ്മു കശ്മീര്‍. ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയല്‍ രാജ്യങ്ങളായ പാകിസ്താനും ചൈനയും വര്‍ഷങ്ങളായി എതിര്‍ത്തുകൊണ്ടിരിക്കുന്നതിനിടെയാണ് മോദി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരിക്കുന്നത്. വടക്കു പടിഞ്ഞാറാള്ള കശ്മീര്‍്ര്ര പദേശങ്ങള്‍ പാക് അധീന കശ്മീര്‍ എന്നന പേരില്‍ പാകിസ്താന്റെ നിയന്ത്രണത്തിലാണ്. കിഴക്കുഭാഗത്തുള്ള അക്സായി ചിന്‍ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. അതുകൊണ്ട് തന്നെ പാകിസ്ഥാനും ചൈനയും സദാ കശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ എല്ലാ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
രണ്ടു രാജ്യങ്ങളുടെ ശത്രുതയ്ക്കൊപ്പം സ്വതന്ത്ര കാശ്മീരിനായി പോരാടുന്ന തീവ്രവാദ സംഘങ്ങളെയും പാക് അനുകൂലികളായ ഭീകരരെയും ഇന്ത്യക്ക് കൈകാര്യം ചെയ്യേണ്ടി വരും. അതിര്‍ത്തി തര്‍ക്കങ്ങളും വിഘടനവാദ പ്രവര്‍ത്തനങ്ങളും സൈനിക കടന്ന് കയറ്റങ്ങളും ഭീകരരുടെ നുഴഞ്ഞുകയറ്റങ്ങളും കാരണം രാജ്യത്തെ ഏറ്റവും അരക്ഷിതമായ പ്രദേശത്താണ് മോദി സര്‍ക്കാര്‍ കൈ വച്ചിരിക്കുന്നത്. എന്തായാലും ധീരമായ തീരുമാനം എന്ന പുകഴ്ത്തലിനൊപ്പം പ്രാദേശിക തലത്തില്‍ നിന്നുള്‍പ്പെടെ നേരിടേണ്ടി വരുന്ന പ്രതിഷേധങ്ങളു തിരിച്ചടികളും ഉചിതമായി കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയേണ്ടിയിരിക്കുന്നു.
Post Your Comments