ന്യൂഡല്‍ഹി : കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്ത് സംസ്ഥാനത്തെ കാശ്മീരും ലഡാക്കുമായി വിഭജിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയരുന്ന ഭിന്ന സ്വരങ്ങള്‍ നിരീക്ഷിക്കുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. തീരുമാനത്തിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം ഇതിന്‍റെ പേരില്‍ രാജ്യത്തൊരിടത്തും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 എ റദ്ദാക്കിയ നടപടിയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ കുടുംബങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 ന്റെ മറവില്‍ മൂന്നുകുടുംബങ്ങളും കശ്മീരിനെ കൊള്ളയടിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നെഹ്റു, മുഫ്തി, അബ്ദുള്ള രാഷ്ട്രീയ കുടുംബങ്ങളെ പരോക്ഷമായി വിമര്‍ശിച്ചാണ് അമിത് ഷായുടെ പരാമര്‍ശം.
വിഷയത്തില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് അമിത് ഷായുടെ പരാമര്‍ശം ആര്‍ട്ടിക്കിള്‍ 370 കൊണ്ട് കശ്മീരിന് പ്രത്യേകിച്ച് പ്രയോജനമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 മൂലം ജമ്മുകശ്മീരിലെ ജനങ്ങള്‍ ദാരിദ്ര്യത്തിലാണ് കഴിയേണ്ടി വന്നത്. അവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇത് തടസ്സമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത് 1947 ഒക്ടോബര്‍ 27 ന് അന്നത്തെ രാജാവ് മഹാരാജാ ഹരിസിങ് ഒപ്പുവെച്ച ലയന കരാറിന്റെ ഭാഗമായാണ്.
ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നത് 1954ല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ എടുത്ത് കളയുന്നതിനായി ഒരുനിമിഷം പോലും ആശങ്കപ്പെടേണ്ട ആവശ്യം തങ്ങള്‍ക്കുണ്ടായിട്ടില്ല. വിഷയത്തില്‍ ചര്‍ച്ച നടക്കണമെന്നതാണ് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കാനുള്ളത്. എന്തിനാണ് ഇത്രയും കാലം ആര്‍ട്ടിക്കിള്‍ 370 നിലനിന്നതെന്ന് ഇന്ത്യയിലെ ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു.
താല്‍കാലികമായി മാത്രമാണ് ജമ്മു കാശ്മീരിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്നതെന്നും അവിടുത്തെ ക്രമസമാധാനനില സാധാരണഗതിയിലായ ശേഷം ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരികെ നല്‍കുമെന്നും അമിത് ഷാ വ്യക്തമാക്കി. കാശ്മീര്‍ വിഭജന തീരുമാനത്തെ എതിര്‍ കക്ഷികളില്‍ പെട്ടവര്‍ പോലും ഒറ്റയ്ക്കും കൂട്ടായും ധീരമെന്ന് വിശേഷിപ്പിക്കുന്നതായാണ് ബിജെപിയുടെ വിലയിരുത്തല്‍ . അതിനാല്‍ തന്നെ കാശ്മീര്‍ വിഭജിക്കാനും ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യാനുമുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയ ലാഭമായി മാറും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്.
അതിനിടയില്‍ സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസിന്‍റെ രാജ്യസഭയിലെ ചീഫ് വിപ്പ് ഭുബനേശ്വര്‍ കലിത എംപി രാജിവച്ചത് കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയായി മാറുകയും ചെയ്തു .രാജ്യം മാത്രമല്ല ലോകം തന്നെ സസൂഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന നടപടിയാണ് കാശ്മീരിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ അജണ്ട കാശ്മീര്‍ ആയിരുന്നെന്ന് വ്യക്തമായിരുന്നു.
പ്രമുഖ മന്ത്രിമാര്‍ക്ക് പോലും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നത് സംബന്ധിച്ച് അറിവൊന്നും ഉണ്ടായിരുന്നില്ല. ഇതോടെ പാക്കിസ്ഥാന്‍ ഉന്നംവച്ചിരിക്കുന്ന കാശ്മീരില്‍ പൂര്‍ണമായും പിടിമുറുക്കിയിരിക്കയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയ മൂന്നംഗ ടീമായിരുന്നു കൂട്ടായി ആലോചിച്ച് തീരുമാനം നടപ്പാക്കിയത്.
Post Your Comments