കോഴിക്കോട്: മദ്യ ലഹരിയിൽ വാഹനമോടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസിന്റെ നിലപാട് ആശങ്കയുണ്ടാക്കുന്നതാണെന്നും കേരളം ഇരുണ്ട യുഗത്തിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
ALSO READ:പോലീസിന്റെ ഒത്തുകളി തുടരുന്നു; ശ്രീറാം വെങ്കിട്ടരാമന് ഫൈവ് സ്റ്റാർ ചികിത്സ
ഐ.എ.എസ് ഉദ്യോഗസ്ഥനേയും ഒപ്പമുണ്ടായിരുന്ന സ്ത്രീയേയും രക്ഷപ്പെടുത്താനാണ് പോലീസ് ആദ്യം ശ്രമിച്ചതെന്നും പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. കേരളത്തില്‍ രാജ്യത്തെ നിയമങ്ങള്‍ ബാധകമല്ല എന്ന നിലയിലേക്കാണ് പോവുന്നത്. അപകടത്തില്‍ പരിക്ക് പറ്റിയ ആളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ പോലും തയ്യാറായിട്ടില്ല.
ALSO READ:അന്വേഷണത്തെക്കുറിച്ച് കെ.എം ബഷീറിന്റെ കുടുംബത്തിന്റെ പ്രതികരണം
നിയമ വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് മറ്റ് സംസ്ഥാനത്തേക്കാളും പിന്നോട്ട് പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താന്‍ പോലീസ് തയ്യാറാവാതിരുന്നത്. നാളെ എങ്ങനെയാണ് ഈ കുറ്റം തെളിയിക്കുക.
നിശ്ചിത സമയം കഴിഞ്ഞാല്‍ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ കഴിയില്ല. ഇത് ശ്രീറാമിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ എളുപ്പമാവും. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് കണ്ടാല്‍ അത് മാത്രം മതി അറസ്റ്റു ചെയ്യാന്‍. പക്ഷെ അതിന് തയ്യാറായില്ല. നെടുങ്കണ്ടത്തും ഇതു തന്നെയാണ് കണ്ടത്. അവിടെ രാജ്കമാറിന്റെ മരണത്തിന് കാരണമായ മുറിവ് പോലും കണ്ടെത്തിയത് രണ്ടാമത്തെ പോസ്റ്റ് മോര്‍ട്ടത്തിലാണ്. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ശ്രീധരന്‍ പിള്ള വ്യക്തമാക്കി
അരാജകത്വത്തിന്റെ പടിവാതില്‍ക്കലാണ് കേരളമുള്ളത്. ബോധപൂര്‍വം സത്യത്തെ ആഴത്തില്‍ കുഴിച്ച് മൂടാന്‍ ശ്രമിക്കുന്നു. മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ കേസ് എന്നേ തേച്ചുമാച്ചുകളയുമായിരുന്നു. ആടിനെ പട്ടിയാക്കാനുള്ള ശ്രമം നടന്നുവെന്നത് യാഥാര്‍ഥ്യമാണ്. ചുരുക്കി പറഞ്ഞാല്‍ ആഭ്യന്തര വകുപ്പിന് കാര്യമായി പിഴവ് സംഭവിച്ചിരിക്കുന്നുവെന്നും തിരുത്തേണ്ട സമയമായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Post Your Comments